കോർക്ക്: വേൾഡ് മലയാളീ കൗൺസിൽ കോർക്കും കോർക്ക് പ്രവാസി മലയാളി അസോസിയേഷനും സംയുക്തമായി അണിയിച്ചൊരുക്കുന്ന കോർക്ക് ഉത്സവമേളം 2016-ന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സംഘാടകർ അറിയിച്ചു.

ടോഗറിലുള്ള സെന്റ് പിൻബാർ ഹർലിങ് ഹാളിൽ പതിനേഴിന് ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ പരിപാടികൾ ആരംഭിക്കും. വൈകുന്നേരം ആറിന് സമാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഏവർക്കും മാതൃകയായി തുടർച്ചയായ മൂന്നാം വർഷവും ഇരുസംഘടനകളും സംയുക്തമായി ഒരുക്കുന്ന ഓണാഘോഷ പരിപാടിയിലേക്ക് കോർക്കിലെ എല്ലാ മലയാളി സുഹൃത്തുക്കളേയും ക്ഷണിച്ചുകൊള്ളുന്നതായി സംഘാടകർ അറിയിച്ചു.

രാവിലെ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധയിനം മത്സരങ്ങളാണ് ഒരുക്കുന്നത്. കോർക്കിലെ പ്രഗത്ഭരായ അഞ്ചു ടീമുകൾക്കൊപ്പം ഡബ്ലിനിൽ നിന്നുള്ള ടീമും അണിചേരും. ഡബ്ലിനിലെ റോയൽ കാറ്ററേഴ്‌സ് ആണ് ഓണസദ്യ തൂശനിലയിൽ വിളമ്പുന്നത്.

വാദ്യമേളങ്ങളുടെ അകമ്പടിയോടെ മാവേലിത്തമ്പുരാൻ എഴുന്നള്ളുമ്പോൾ പാരിപാടിയുടെ രണ്ടാം ഘട്ടം തുടങ്ങുകയായി. കോർക്കിലെ അറുപതോളം വരുന്ന കുരുന്നുകൾ അവതരിപ്പിക്കുന്ന നൃത്യനൃത്യേതര ദൃശ്യങ്ങൾക്കുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു. ഇനിയും പ്രവേശന പാസുകൾ വാങ്ങിയിട്ടില്ലാത്തവർ പന്ത്രണ്ടിനു മുമ്പ് വാങ്ങണമെന്ന് ഭാരവാഹികൾ ഓർമിപ്പിച്ചു.