മലപ്പുറം: കോവിഡിനെ പിടിച്ചു കെട്ടാതെ സ്‌കൂൾ തുറന്നതിന്റെ ഫലം അനുഭവിക്കുകയാണ് പൊന്നാനി താലൂക്ക്. സ്‌കൂളുകളിൽ വ്യാപകമായി കോവിഡ് എത്തുകയാണ്. വന്നേരി, മാറഞ്ചേരി സ്‌കൂളുകളിൽമാത്രം ഒരാഴ്ചയ്ക്കിടെ വിദ്യാർത്ഥികളും അദ്ധ്യാപകരുമടക്കം 440 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് നിയന്ത്രണങ്ങൾ എല്ലാം പാളുന്നതിന്റെ സൂചനയാണ് ഇത്.

മാറഞ്ചേരി, വെളിയങ്കോട്, പെരുമ്പടപ്പ് മേഖലയിൽ കോവിഡ് വ്യാപനം പെരുകുമ്പോഴും കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാൻ അധികൃതർക്കാകുന്നില്ല. രണ്ടുദിവസം മുമ്പ് വെളിയങ്കോട് ചന്ദനക്കുടം നേർച്ചയുടെ ഭാഗമായി ആയിരങ്ങളാണ് സംഗമിച്ചത്. ഇത് പ്രദേശത്ത് രോഗ വ്യാപനം കൂട്ടുന്നു. കണ്ടൈന്മെന്റ് സോൺ പ്രഖ്യാപിക്കാനോ പ്രതിരോധത്തിനോ സർക്കാരോ സംവിധാനങ്ങളോ ശ്രമിക്കുന്നുമില്ല. നേരത്തേയും മലപ്പുറത്തെ സ്‌കൂളുകളിൽ കോവിഡ് വ്യാപകമായി കണ്ടെത്തിയിരുന്നു.

ശനിയാഴ്ച കോവിഡ് പരിശോധനാഫലം പുറത്തുവന്നതിൽ മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ മാറഞ്ചേരി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെയും പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തിലെ വന്നേരി ഹയർസെക്കൻഡറി സ്‌കൂളിലെയും വിദ്യാർത്ഥികളും അദ്ധ്യാപകരുമുൾപ്പെടെ 180 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇത് കോവിഡ് വ്യാപന തോതിന്റെ നേർ ചിത്രമാണ്. പലരും ചെറിയ രോഗ ലക്ഷണം കാണുമ്പോൾ പരിശോധനയ്ക്ക് പോകുന്നുമില്ല. സ്‌കൂളിൽ നടത്തിയ പരിശോധനയാണ് കോവിഡ് വ്യാപനം വ്യക്തമാക്കുന്നത്.

ബുധൻ മുതൽ വെള്ളി വരെ സ്‌കൂളുകളിൽ നടത്തിയ ആർ.ടി.പി.സി.ആർ. പരിശോധനാഫലമാണ് ശനിയാഴ്ച പുറത്തുവന്നത്. മാറഞ്ചേരി സ്‌കൂളിൽ 363 പേരുടെ സാമ്പിൾ പരിശോധനയ്‌ക്കെടുത്തതിൽ ഹയർസെക്കൻഡറി വിഭാഗത്തിലെ 93 വിദ്യാർത്ഥികൾക്കും ഹൈസ്‌കൂൾ വിഭാഗത്തിലെ ഒരു വിദ്യാർത്ഥിക്കും സ്‌കൂളിലെ ഒരു അദ്ധ്യാപകനുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

വന്നേരി സ്‌കൂളിൽ 289 പേരുടെ സാമ്പിൾ പരിശോധിച്ചതിൽ ഹൈസ്‌കൂൾ വിഭാഗത്തിലെ 67 വിദ്യാർത്ഥികൾക്കും ഹയർസെക്കൻഡറി വിഭാഗത്തിലെ 15 വിദ്യാർത്ഥികൾക്കും മൂന്ന് അദ്ധ്യാപകർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനുപുറമെ വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ 324 പേരുടെ സാമ്പിൾ പരിശോധിച്ചതിൽ രണ്ടു ജനപ്രതിനിധികളുൾപ്പെടെ 45 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഇതിൽ ഒരു ജനപ്രതിനിധി ഒരാഴ്ചമുമ്പ് കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചിരുന്നുവെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. വെളിയങ്കോട് പഞ്ചായത്തിൽ കോവിഡ് സ്ഥിരീകരിച്ച രണ്ടു പ്രവാസികൾ നേരത്തേ വിദേശത്തുനിന്ന് കോവിഡ് വക്‌സിൻ എടുത്തവരാണെന്നും മാതൃഭൂമി പറയുന്നു. ഇതും ആശങ്ക കൂട്ടുന്ന സംഭവങ്ങളാണ്.