- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം രൂക്ഷമാക്കിയത് ഡെൽറ്റ വകഭേദം; ആൽഫയെക്കാൾ അമ്പത് ശതമാനം അധിക തീവ്രവ്യാപനശേഷി; എല്ലാ സംസ്ഥാനങ്ങളിലും വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയെന്നും പഠന റിപ്പോർട്ട്
ന്യൂഡൽഹി: കൊറോണ വൈറസിന്റെ 'ഡെൽറ്റ വേരിയന്റ്' ആണ് ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം രൂക്ഷമാക്കാനും അതിവേഗ വ്യാപനത്തിനും കാരണമെന്ന് സർക്കാർ പഠനം. ബി.1.617.2 സ്ട്രെയിൻ അല്ലെങ്കിൽ ഡെൽറ്റ വകഭേദം, യുകെയിലെ കെന്റിൽ ആദ്യമായി സ്ഥിരീകരിച്ച ആൽഫ വകഭേദത്തെക്കാൾ അതിവ്യാപന ശേഷിയുള്ളതാണെന്നും പഠനത്തിൽ പറയുന്നു.
ഡെൽറ്റ വകഭേദത്തിന്റെ വ്യാപനത്തിന്റെ തോത് ആൽഫയെക്കാൾ 50 ശതമാനത്തിൽ അധികമാണെന്നാണു കണ്ടെത്തൽ. ഇന്ത്യൻ സാർസ് കോവ്2 ജീനോമിക് കൺസോർഷ്യയും നാഷനൽ സെന്റർ ഓഫ് ഡിസീസ് കൺട്രോളുമാണു പഠനം നടത്തിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 12,200ൽ അധികം ആശങ്കയുയർത്തുന്ന കോവിഡ് വകഭേദങ്ങളാണ് ഇതുവരെ ജീനോമിക് സീക്വൻസിങ് വഴി കണ്ടെത്തിയത്. ഡെൽറ്റ വകഭേദവുമായി താരതമ്യം ചെയ്യുമ്പോൾ മറ്റു വകഭേദങ്ങളുടെ സാന്നിധ്യം വളരെ കുറവാണ്. എന്നാൽ രണ്ടാം തരംഗത്തിൽ കണ്ടെത്തിയ ഭൂരിഭാഗം വകഭേദങ്ങൾക്കും ഡെൽറ്റ വേരിയന്റിന്റെ സ്വഭാവമാണുള്ളത്.
എല്ലാ സംസ്ഥാനങ്ങളിലും ഇതിന്റെ സാന്നിധ്യം ഉണ്ട്. ന്യൂഡൽഹി, ആന്ധ്രപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന എന്നിവിടങ്ങളിലായിരുന്നു രണ്ടാം ഘട്ടത്തിൽ രൂക്ഷ വ്യാപനം ഉണ്ടായത്. വാക്്സീൻ എടുത്ത ആളുകളിൽ ഉണ്ടാകുന്ന ബ്രേക് ത്രൂ വ്യാപനത്തിലും ഡെൽറ്റ വേരിയന്റ് വലിയതോതിൽ കാരണമാകുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.
വാക്സീൻ സ്വീകരിച്ചവരിൽ വീണ്ടും കോവിഡ് വ്യാപനം ഉണ്ടാക്കാൻ ആൽഫ വകഭേദത്തിനു കഴിഞ്ഞതായി കണ്ടെത്താനായിട്ടില്ല. അതേ സമയം രോഗികളുടെ നില അതീവ ഗുരുതരമാക്കാനും മരണത്തിലേക്കു വഴിതെളിക്കാനും ഡെൽറ്റ വകഭേദത്തിനു സാധിക്കുമെന്നും കണ്ടെത്താനായിട്ടില്ല. 29,000 സാമ്പിളുകളുടെ ജീനോം സീക്വൻസിങ് ആണ് ഇന്ത്യയിൽ നടത്തിയതെന്നു റിപ്പോർട്ടിൽ പറയുന്നു. ഇതിൽ ബി.1.617 വകഭേദം 8,900 സാമ്പിളുകളിലാണ് കണ്ടെത്തിയത്. ഇതിൽ ആയിരത്തിലധികം ഡെൽറ്റ വകഭേദമാണ്.
രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തെ തുടർന്നുണ്ടായ കോവിഡ് വ്യാപനത്തിൽ കുറുവണ്ടായതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,364 പേർക്കാണ്് കോവിഡ് സ്ഥിരീകരിച്ചു. 2713 പേർ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്തുടനീളം 2,85,74,350 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 2,65,97,655 പേർ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 2,07,071 പേർ രോഗമുക്തി നേടി.
വിവിധ സംസ്ഥാനങ്ങളിലായി 16,35,993 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. 3,40,702 പേരുടെ ജീവൻ ഇതുവരെ കോവിഡ് കവർന്നു.
പുതിയ രോഗികളുടെ എണ്ണത്തിൽ തമിഴ്നാടാണ് മുന്നിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,405 പേർക്ക് തമിഴ്നാട്ടിൽ രോഗം സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണത്തിൽ കേരളം, കർണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്.
രാജ്യത്തുടനീളം 22,41,09,448 പേർക്ക് ഇതുവരെ കോവിഡ് പ്രതിരോധ വാക്സിൻ നൽകി. 35,74,33,846 പേരുടെ സാംപിൾ ഇതുവരെ പരിശോധിച്ചു. ഇതിൽ വ്യാഴാഴ്ച മാത്രം 20,75,428 സാംപിളുകൾ പരിശോധിച്ചുവെന്നും ഐസിഎംആർ കണക്കുകൾ വ്യക്തമാക്കുന്നു.
ന്യൂസ് ഡെസ്ക്