- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം ആറു കോടിയിലേക്ക്; സ്പുട്നിക് 5 വാക്സീൻ 95 ശതമാനം ഫലപ്രദമാണെന്ന് റഷ്യ; വാക്സിൻ രാജ്യാന്തര വിപണിയിൽ ലഭ്യമാകുക 10 ഡോളറിൽ താഴെ വിലയ്ക്ക്
മോസ്കോ: കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുമ്പോഴും റഷ്യയിൽ നിന്നും ആശ്വാസ വാർത്ത. സ്പുട്നിക് 5 വാക്സീൻ കോവിഡ‍് പ്രതിരോധത്തിന് 95 ശതമാനം ഫലപ്രദമാണെന്നു റഷ്യ. ആദ്യ ഡോസ് നൽകി 42 ദിവസങ്ങൾക്കു ശേഷമുള്ള പ്രാഥമിക ഡേറ്റ അവലോകനം ചെയ്തുള്ള രണ്ടാമത്തെ ഇടക്കാല റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്‌പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. രണ്ടു ഡോസ് വാക്സീൻ രാജ്യാന്തര വിപണിയിൽ 10 ഡോളറിൽ താഴെ വിലയ്ക്കു ലഭ്യമാകും. റഷ്യൻ പൗരന്മാർക്ക് സ്പുട്നിക് 5 വാക്സീൻ സൗജന്യമായി വിതരണം ചെയ്യും എന്നുമാണ് റിപ്പോർട്ടുകൾ.
വാക്സീന്റെ ഫലപ്രാപ്തിയെക്കുറിച്ചു റഷ്യൻ ആരോഗ്യ മന്ത്രാലയം, സർക്കാരിന്റെ ഗമാലയ സെന്റർ, റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (ആർഡിഐഎഫ്) എന്നിവരാണു അവകാശവാദം ഉന്നയിച്ചത്. ആദ്യ ഡോസ് 22,000 സന്നദ്ധപ്രവർത്തകരാണു സ്വീകരിച്ചത്. രണ്ടു ഡോസും സ്വീകരിച്ചവർ 19,000ലേറെ വരുമെന്നും റഷ്യ പറഞ്ഞു. ആദ്യ ഡോസ് നൽകി 28 ദിവസത്തിനു ശേഷം 91.4 ശതമാനം ഫലപ്രാപ്തി വാക്സീൻ കാണിച്ചിരുന്നു. അന്ന് 39 കേസുകളാണു പരിശോധിച്ചത്. ഇത്തവണ എത്ര കേസുകളാണു വിശകലനം ചെയ്തത് എന്നു വ്യക്തമല്ല. 2–8 ഡിഗ്രി സെൽഷ്യസ് താപനിലയിൽ വാക്സീൻ സൂക്ഷിക്കാനാകും.
മറ്റു ചില വാക്സീനുകൾക്കു മൈനസ് ഡിഗ്രി സെൽഷ്യസ് താപനില വേണമെന്നിരിക്കെ ഇത് അനുകൂല ഘടകമാണെന്നും റഷ്യ ചൂണ്ടിക്കാട്ടി. റഷ്യയ്ക്കു പുറത്തു യുഎഇ, വെനസ്വേല, ബെലാറസ് തുടങ്ങിയ രാജ്യങ്ങളിൽ സ്പുട്നിക് 5 പരീക്ഷണം നടക്കുകയാണ്.
അതിനിടെ, ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം ആറു കോടിയിലേക്ക് അടുക്കുന്നു. 24 മണിക്കൂറിനിടെ 2,71,568 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5,98,14,192 ആയി. 6,620 മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതോടെ ലോകത്തെ കോവിഡ് മരണസംഖ്യ 14,08,271ൽ എത്തി. 4,13,64,115 പേർ ഇതിനകം രോഗമുക്തരായി. 1,70,41,806 പേരാണ് വിവിധ രാജ്യങ്ങളിലായി ഇപ്പോൾ ചികിത്സയിലുള്ളത്. ഇതിൽ 1,03,864 പേരുടെ നില അതീവ ഗുരുതരമാണ്.
മറുനാടന് ഡെസ്ക്