- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുജറാത്തിലെ സബർമതി നദിയിൽ കൊറോണ വൈറസെന്ന് റിപ്പോർട്ട്; വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത് നദീ ജലത്തിന്റെ സാംപിൾ പരിശോധിച്ചപ്പോൾ; കാൻക്രിയ, ചന്ദോള എന്നീ തടാകങ്ങളിലും വൈറസിനെ കണ്ടെത്തിയെന്നും റിപ്പോർട്ടിൽ
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിലെ സബർമതി നദിയിലും സമീപത്തെ രണ്ട് തടാകത്തിലെ വെള്ളത്തിലും കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് റിപ്പോർട്ട്. നദിയിലെ ജലത്തിന്റെ സാമ്പിൾ പരിശോധിച്ചപ്പോഴാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. നഗരത്തിൽ തന്നെയുള്ള കാൻക്രിയ, ചന്ദോള എന്നീ തടാകങ്ങളിലും വൈറസിനെ കണ്ടെത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഗാന്ധിനഗർ ഐഐടി, ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റീസ് സ്‌കൂൾ ഓഫ് എൻവയോൺമെന്റ് സയൻസ് എന്നിവടങ്ങളിലെ ഗവേഷകരാണ് വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് പഠിച്ചത്. നദികളിലെയും തടാകങ്ങളിലേയും വൈറസ് സാന്നിധ്യം വലിയ അപകടത്തിലേക്ക് നയിക്കുമെന്നും ഐഐടിയിലെ പ്രഫസർ മനീഷ് കുമാർ പറയുന്നു. വെള്ളത്തിൽ വൈറസിന് കൂടുതൽ കാലം നിലനിൽക്കാനാകും എന്നത് അപകടത്തിന്റെ സൂചനയാണ്.
2019 മുതൽ തുടർച്ചയായി ഇവിടങ്ങളിൽനിന്ന് വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ചിരുന്നു. സബർമതി നദിയിൽനിന്ന് 694 സാമ്പിളുകളും ചന്ദോളയിൽനിന്ന് 594 എണ്ണവും കാൻക്രിയ തടാകത്തിൽനിന്ന് 402 സാമ്പിളുകളും ശേഖരിച്ചു.
ജലത്തിലെ കൊറോണ വൈറസ് സാന്നിധ്യം പഠിക്കാനായി രാജ്യമെമ്പാടും ഇത്തരത്തിൽ സാമ്പിളുകൾ ശേഖരിച്ചിരുന്നു. വെള്ളത്തിൽ കൂടുതൽ കാലം വൈറസുകൾക്ക് നിൽക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് ക്ലസ്റ്ററുകൾ തിരിച്ചറിയുന്നതിനായി മലിനജലം പരിശോധിക്കുന്ന ആദ്യ സംവിധാനം കർണാടകയിലെ ബംഗളൂരുവിൽ നടപ്പാക്കിയിരുന്നു. നേരത്തേ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ഉത്തർപ്രദേശിലും ബിഹാറിലും ഗംഗ നദിയിലൂടെ ഒഴുകിയിരുന്നു. നൂറുകണക്കിന് മൃതദേഹങ്ങളാണ് ഇത്തരത്തിൽ നദിയിൽ തള്ളിയിരുന്നത്.
അതേസമയം വൈറസ് നമ്മൾക്കിടയിലുണ്ടെന്നും അതിന് എപ്പോൾ വേണമെങ്കിലും രൂപമാറ്റം സംഭവിക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജൂൺ 21 മുതൽ എല്ലാവർക്കും സൗജന്യമായി കോവിഡ് വാക്‌സീൻ നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണ്. കോവിഡ് മുന്നണിപ്പോരാളികളുടെ വൈദഗ്ധ്യം ഉയർത്താനുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിൽ വൈറസിനുണ്ടാകുന്ന രൂപമാറ്റം എന്തൊക്കെ വെല്ലുവിളികളാണ് നമുക്ക് മുന്നിൽ ഉയർത്തുന്നതെന്ന് തിരിച്ചറിയാനായി. വെല്ലുവിളികൾ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്നും മോദി പറഞ്ഞു. 1500 ഓക്‌സിജൻ പ്ലാന്റുകൾ സജ്ജമാക്കാനുള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. 26 സംസ്ഥാനങ്ങളിലെ 111 കേന്ദ്രങ്ങളിലൂടെ ഒരു ലക്ഷത്തിലധികം പേർക്ക് പരിശീലനം നൽകും. 276 കോടി രൂപ പദ്ധതിക്ക് ചെലവുവരുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്