അബുദാബി: എമിറേറ്റിൽ കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ഹെൽത്ത് അഥോറിറ്റി അബുദാബി (എച്ച്എഎഡി) വെളിപ്പെടുത്തി. രോഗബാധിതനായ വ്യക്തി ഇപ്പോൾ ചികിത്സയിലാണ്. കൊറോണ വൈറസ് ബാധ കണ്ടെത്തിയതിനെ തുടർന്ന് മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവൻഷനുമായി സഹകരിച്ച് രോഗബാധ തടയാനുള്ള പ്രവർത്തനങ്ങൾ നടത്തിവരികയാണെന്ന് എച്ച്എഎഡി വ്യക്തമാക്കി. കൂടുതൽ പേരിലേക്ക് രോഗം ബാധിക്കുന്നത് തടയാനായി ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരമാണ് നടപടികൾ സ്വീകരിച്ചു വരുന്നത്.

അതേസമയം രോഗബാധയ്‌ക്കെതിരേ പൊതുജനങ്ങൾക്കും എച്ച്എഎഡി മുന്നറിയിപ്പു നൽകുന്നുണ്ട്. കൈകളും മറ്റും സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകി സൂക്ഷിക്കണമെന്നും ഇവ ലഭ്യമല്ലാത്ത സാഹചര്യത്തിൽ സാനിടൈസർ നിർബന്ധമായും ഉപയോഗിക്കണമെന്നുമാണ് എച്ച്എഎഡി നിർദേശിക്കുന്നത്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടിഷ്യൂ ഉപയോഗിച്ച് മുഖം പൊത്തണമെന്നും കഴിവതും അനാരോഗ്യ സാഹചര്യങ്ങളിൽ നിന്ന് ഒഴിവായി നിൽക്കണമെന്നും നിർദേശമുണ്ട്.

ശ്വാസകോശത്തെ ബാധിക്കുന്ന മാരമായ മെർസ് രോഗം എമിറേറ്റിൽ സാന്നിധ്യം അറിയിച്ചത് ആരോഗ്യവകുപ്പ് അധികൃതരെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്.