തിരുവനന്തപുരം: രോഗമുണ്ടെന്ന് ഭാവിച്ച് ജയിൽ ഒഴിവാക്കാനുള്ള നീക്കം ഫലം കാണുന്നില്ല. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ആരോഗ്യ ഡയറക്ടർ ഡോ. കെ.ശൈലജയെ വനിതാ ജയിലിലേക്കു മാറ്റി. കൂട്ടുപ്രതിയും മുൻ ആരോഗ്യ ഡയറക്ടറുമായ ഡോ.വി.കെ.രാജനെ മെഡിക്കൽ കോളജ് ആശുപത്രിയിലെ തടവുകാരുടെ സെല്ലിലേക്കും മാറ്റി. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ ജയിൽ ശിക്ഷയിൽ നിന്നു രക്ഷപ്പെടാൻ സഹായിച്ച സംഭവത്തിൽ ഡോകടർമാർക്കെതിരെയും പൊലീസിനെതിരെയും കർശന നിലപാടു സ്വീകരിക്കുമെന്നു കോടതി മുന്നറിയിപ്പു നൽകി. അതുകൊണ്ട് തന്നെ ഡോ രാജനും ഉടൻ ജയിലിലേക്ക് മാറേണ്ടി വരുമെന്നാണ് സൂചന.

സർക്കാർ ആശുപത്രികളിൽ പ്രതിരോധ മരുന്നു വാങ്ങിയതിൽ ഒന്നര കോടി രൂപയുടെ ക്രമക്കേടു നടത്തിയെന്ന കേസിൽ ഇരുവർക്കും അഞ്ചു വർഷം വീതം തടവും 52 ലക്ഷം രൂപ പിഴയും ശിക്ഷിച്ചിരുന്നു. കോടതി ശിക്ഷിച്ച ഇരുവരെയും ജയിലിലേക്കു കൊണ്ടുപോകുന്നതിനു പകരം പൊലീസ് ആശുപത്രിയിലാക്കി. ഇതിനെ കടുത്ത ഭാഷയിൽ കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത ശേഷമാണു പ്രത്യേക മെഡിക്കൽ ബോർഡിന്റെയും വിജിലൻസ് എസ്‌പിയുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി പുതിയ ഉത്തരവു നൽകിയത്. ശിക്ഷിക്കപ്പെട്ടവരുടെ ആശുപത്രി വാസത്തിൽ അസ്വാഭാവികത തോന്നിയ കോടതി ശ്രീചിത്രയിലെ വിദഗ്ദ ഡോക്ടർമാരോടു റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. കെ.ശൈലജയ്ക്ക് ആശുപത്രിയിൽ കിടത്തി ചികിൽസിക്കേണ്ട രോഗങ്ങളില്ലെന്നു റിപ്പോർട്ടിൽ വ്യക്തമാക്കി . തുടർന്നാണ് ഇവരെ ജയിലിലേക്കു മാറ്റാൻ നിർദേശിച്ചത്.

വി.കെ.രാജനു ഹൃദയസംബന്ധമായ ചില പ്രശ്‌നങ്ങളുണ്ടെന്നും എന്നാൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയേണ്ട അസുഖമില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. തുടർന്നു മെഡിക്കൽ കോളജിലെ സെല്ലിലേക്കു മാറ്റാനും കോടതി നിർദേശിച്ചു. വി.കെ.രാജന് ഇന്ന് ആൻജിയോഗ്രാം ടെസ്റ്റ് ചെയ്ത ശേഷം റിപ്പോർട്ടു സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് രാജന് എതിരായാൽ അദ്ദേഹത്തേയും ജയിലിലേക്ക് മാറ്റും. ജയിലിലേയ്ക്കു കൊണ്ടുപോകുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നെന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണു പൊലീസ് വിശദീകരണം.

പ്രതികളെ ഡോക്ടർമാരുടെ നിർദേശപ്രകാരം ഹൃദ്രോഗ തീവ്രപരിചരണ വിഭാഗത്തിലും മെഡിക്കൽ ഐസിയുവിലും പ്രവേശിപ്പിച്ചതായി വഞ്ചിയൂർ എസ്‌ഐ അശോക് കുമാർ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതു പരിഗണിച്ച കോടതി കേസ് അന്വേഷിച്ച വിജിലൻസ് എസ്‌പിയുടെ റിപ്പോർട്ട് ഒരു മണിക്കൂറിനകം നേരിട്ടു നൽകണമെന്നു നിർദേശിച്ചു. വൈദ്യ പരിശോധനയ്ക്കു പ്രതികളെ കൊണ്ടുപോയ പൊലീസുകാരെ ഡോക്ടർമാർ ഭീഷണിപ്പെടുത്തിയെന്നും കോടതി ഉത്തരവ് നടപ്പിലാക്കാൻ അനുവദിച്ചില്ല എന്നുമാണ് എസ്‌പി സമർപ്പിച്ച റിപ്പോർട്ട്.

തുടർന്ന് ഇന്നലെ കോടതി സമൻസ് നൽകി വരുത്തിയ മെഡിക്കൽ കോളജ് ആശുപത്രിയിലെ സൂപ്രണ്ട് ഡോ. ഷർമദ്, ഡോ.രാജശേഖരൻ, ഫോർട്ട് ആശുപത്രിയിലെ ഡോ. പ്രിയങ്ക എന്നിവരുടെ മൊഴി കോടതി നേരിട്ടു രേഖപ്പെടുത്തി. ശിശുരോഗ വിദഗ്ദയായ ഡോ. പ്രിയങ്കയാണു ഫോർട്ട് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതികളെ മെഡിക്കൽ കോളജിൽ എത്തിക്കാൻ നിർദേശിച്ചത്. ഇസിജി തുടങ്ങിയ പരിശോധന നടത്താൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തത് എന്നായിരുന്നു ഇവരുടെ മൊഴി. എന്നാൽ ഫോർട്ട് ആശുപത്രിയിൽ ഇസിജി മെഷീൻ ഉണ്ടോയെന്നു കോടതി ചോദിച്ചപ്പോൾ ഉണ്ട് എന്നായിരുന്നു മറുപടി. ഇതും ഡോക്ടർക്ക് വിനയാകും.

വി.കെ.രാജനു ഹൃദയസംബന്ധമായ അസുഖം ഉള്ളതായി മെഡിക്കൽ കോളജ് സൂപ്രണ്ട് മൊഴി നൽകി. എന്നാൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ട തരത്തിൽ കാഠിന്യമുള്ള അസുഖങ്ങൾ ഉണ്ടോ എന്നു കോടതി ചോദിച്ചപ്പോൾ ഇല്ലെന്നായി മറുപടി. ശ്രീചിത്രാമെഡിക്കൽ സെന്ററിലെ വിദഗ്ധ പരിശോധക സംഘത്തിന്റെ റിപ്പോർട്ടും വിരുദ്ധമായിരുന്നു. ശിക്ഷിക്കപ്പെട്ടു വരുന്ന ഉന്നതരെ സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ തന്നെ സംരക്ഷിക്കുന്നതു ശരിയാണോയെന്നു കോടതി ചോദിച്ചു. സംഭവത്തെ സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷം ആരോപണവിധേയരായ മൂന്ന് ഡോക്ടർമാർക്കെതിരെയും കർശന നടപടി ഉണ്ടാകുമെന്നു കോടതി വ്യക്തമാക്കി.

വൈദ്യ പരിശോധനയ്ക്കു പ്രതികളെ കൊണ്ടുപോയ വഞ്ചിയൂർ എസ്‌ഐ അശോക് കുമാറിന്റെ പ്രവൃത്തി സംശയം ഉളവാക്കുന്നതായും കോടതി നിരീക്ഷിച്ചു .ഇത് അന്വേഷണത്തിൽ ബോധ്യമായാൽ എസ്‌ഐയെ പിരിച്ചുവിടുന്നതടക്കമുള്ള നടപടിക്കു സർക്കാരിനോടു ശുപാർശ നൽകുമെന്ന താക്കീതും കോടതി നൽകിയിട്ടുണ്ട്.