തിരുവനന്തപുരം : കേസുകൾ ആവിയാകുമ്പോൾ സർക്കാരിന്റെ അഴിമതിവിരുദ്ധ മുഖത്തിന് മങ്ങൽ സംഭവിക്കുകയാണ്. യു.ഡി.എഫ് സർക്കാർ അധികാരത്തിലിരുന്നപ്പോൾ അവർക്കെതിരെ ഏറ്റവും വലിയ ആരോപണങ്ങൾ ഉയർത്തി രാഷ്ട്രീയ നേട്ടം കൊയ്ത കെ.എം. മാണിക്കെതിരേയും കെ. ബാബുവിനെതിരേയും ഉയർന്ന ബാർ കോഴ കേസും സർക്കാരിലെ എല്ലാവരേയും വേട്ടയാടിയ സോളാറിലുമെല്ലാം ഒന്നും ചെയ്യാനാവാതെ ഇരിക്കുകയാണ് സർക്കാർ.

ഇതിനോട് കൂട്ടായി എൽ.ഡി.എഫ് സർക്കാരിൽ നിന്ന് തന്നെയുള്ള ഇ.പി. ജയരാജന്റെ പേരിൽ ഉയർന്ന ബന്ധുനിയമന കേസ്, തോമസ് ചാണ്ടിയുടെ മന്ത്രിപദം തെറിപ്പിച്ച കായൽ കൈയേറ്റ കേസ് എന്നിവയിലെല്ലാം വിജിലൻസ് മലർന്ന് കിടന്ന് തുപ്പുന്ന അവസ്ഥയാണ്. ഇതിന് കുട പിടിക്കുന്ന സർക്കാർ അഴിമതിക്കെതിരെ ഘോര ഘോരം വാദിച്ച വാദങ്ങളെല്ലാം കാറ്റിൽ പറത്തുകയാണ് എന്ന് കാണാൻ സാധിക്കുന്നു.

ബാർ കോഴക്കേസിൽ ഒന്നും ആവാതെ മുന്നോട്ട് പോകുമ്പോൾ അതിന് പിന്നിലുള്ള രാഷ്ട്രീയം കൊച്ച് കുട്ടികൾക്ക് പോലും മനസ്സിലാവുന്നതാണ്. മാണിക്ക് ക്ലീൻ ചിറ്റ് നൽകി മുന്നണിയിലെടുക്കുന്നതിനുള്ള മുന്നൊരുക്കമാണെന്ന് തീർച്ചയാണ്. കേരള കോൺഗ്രസ് ഇടതുമുന്നണയിലേക്ക് വരാനുള്ള എല്ലാ തയ്യാറെടുപ്പും നടത്തിക്കൊണ്ടിരിക്കുകയാണ്. സിപിഐ.യുടെ എതിർപ്പുണ്ടെങ്കിലും മാണിയെ മുന്നണിയിലെടുക്കണമെന്നാണ് സിപിഎമ്മിന്. കോടതിയിൽനിന്ന് സമയം നീട്ടിവാങ്ങുന്നതല്ലാതെ പുതുതായി എന്തെങ്കിലും തെളിവുകണ്ടെത്താൻ സർക്കാരിനു കഴിഞ്ഞില്ല.

അത് പോലെത്തന്നെ ഉമ്മൻ ചാണ്ടിയടക്കമുള്ള നേതാക്കൾക്കെതിരേ കേസെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ തയ്യാറല്ലാത്തത് സോളാറിലും തിരിച്ചടിയാവുകയാണ്. സോളാർ കമ്മിഷൻ റിപ്പോർട്ടിന്മേൽ തുടർനടപടികൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നെങ്കിലും പീഡനമടക്കമുള്ള പരാതികൾക്ക് തെളിവില്ലെന്നും തുടർനടപടി തിരിച്ചടിക്കുമെന്നുമുള്ള നിയമോപദേശം സർക്കാരിനെ പ്രതിസന്ധിയിലാക്കി. ഇതിനോട് കൂടെ ആരോപണത്തിലെ പ്രധാനിയായ ഗണേശ് കുമാർ തങ്ങളുടെ കൂടെ ആണെന്നുള്ളതും അന്വേഷണത്തിലെ വേഗത ഇഴയിച്ചു.

കെ. ബാബുവിനെതിരായ അന്വേഷണം അദ്ദേഹത്തിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ മാത്രമായി മാറി ഈ കേസിലും തെളിവൊന്നും കണ്ടെത്താനായില്ലെന്ന റിപ്പോർട്ടാണ് വിജിലൻസ് കോടതിയിൽ നൽകിയത്.

അതേ സമയം സ്വന്തം സർക്കാരിലെ പ്രധാനിയായിരുന്ന കയ്യേറ്റ മന്ത്രിയായിരുന്ന തോമസ് ചാണ്ടിയുടെ കേസിൽ ഒച്ചിനേക്കാൾ മെല്ലെ ഇഴയാനും കളക്ടറുടെ റിപ്പോർട്ട് നിലനിൽക്കെ അതിനെ തള്ളാനും കൂടെ ഇത് വരെ കേസ് അന്വേഷിച്ച് തോമസ് ചാണ്ടിക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത കേസ് അന്വേഷിക്കുന്ന വിജിലൻസ് സംഘത്തെ മാറ്റിപ്പണിയുകയും ചെയ്തു.പുതിയ അന്വേഷണ സംഘത്തിൽ ആദ്യസംഘത്തിലെ ആരും ഇല്ലാത്തത് കയ്യേറ്റ മന്ത്രിക്ക വലിയ പോസീറ്റാവായി മാറുകയും ചെയ്യും എന്നാണ് ആരോപണം.

ഇതിനോട് കൂടെമുന്മന്ത്രി എ.കെ. ശശീന്ദ്രന്റെ പേരിലുള്ള കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമത്തിലാണ്. മുൻ മുഖ്യമന്ത്രി വി എസ്. അച്യുതാനന്ദന്റെ മകന്റെ നിയമനത്തിനെതിരേയുള്ള കേസിലും വിജിലൻസ് കൈമലർത്തി. കായിക ലോട്ടറി അഴിമതിക്കേസിൽ ടി.പി. ദാസനെതിരേയും വിജിലൻസിന് തെളിവുകണ്ടെത്താനായില്ല.

അഴിമതിക്കേസുകളിലെല്ലാം പിന്നാക്കംപോകുന്നത് സർക്കാരിന്റെ അഴിമതിവിരുദ്ധ പ്രതിച്ഛായയെ ബാധിക്കുമെന്ന ആശങ്ക സിപിഎമ്മിലും സിപിഐ.യിലും ഒരുവിഭാഗം ഉയർത്തുന്നുണ്ട്. ചില കേസുകളിലെങ്കിലും രാഷ്ട്രീയ നേതൃത്വത്തിന്റെ തീരുമാനങ്ങൾക്കനുസൃതമായാണ് വിജിലൻസിന്റെ നിഗമനങ്ങൾ ഉണ്ടാകുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്.

കോടതി പലകുറി അഭിപ്രായപ്പെട്ടിട്ടും മുഴുസമയ വിജിലൻസ് ഡയറക്ടറെപ്പോലും നിയമിക്കാൻ സർക്കാർ കൂട്ടാക്കിയിട്ടില്ല. വിജിലൻസ് പിന്നാക്കം പോകുന്നുവെന്ന വിമർശനം ഉടൻ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷം ആയുധമാക്കിയേക്കും.