- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സാക്ഷരതാ മിഷനിൽ വീണ്ടും അഴിമതി ആരോപണം; ഓഫീസ് അറ്റൻഡറെ പിഎ ആക്കിയെന്ന് പരാതി; ചുമതല വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് മറികടന്ന്; ഒളിച്ചുകളിച്ച് സർക്കാരും; താൽക്കാലിക ചുമതല മാത്രമെന്ന് ഡയറക്ടറുടെ വിശദീകരണം
തിരുവനന്തപുരം: സാക്ഷരതാ മിഷനിൽ ഓഫീസ് അറ്റൻഡറെ പിഎ ആക്കി ചട്ടലംഘനമെന്ന് പരാതി. സാക്ഷരത മിഷനിൽ ഓഫീസ് അറ്റൻഡന്റ് കം കമ്പ്യൂട്ടർ ഓപ്പറേറ്റർ ആയ എസ്ആർ രാജേഷിനെ ഡയറക്ടറുടെ പിഎ ആയി നിയമിച്ചു എന്നാണ് പരാതി. എന്നാൽ ഓഫീസ് അറ്റൻഡർക്ക് ഇത്തരമൊരു സുപ്രധാന ചുമതല നൽകാൻ കഴിയില്ലെന്ന് 2018-ൽ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് മറികടന്നാണ് നിയമനം.
ഡോ. പിഎസ് ശ്രീകല ഡയറക്ടർ ആയി ചുമതലയേറ്റതിന് മുമ്പും അതിനു ശേഷവും സാക്ഷരത മിഷനിൽ എത്ര തസ്തികകൾ ഉണ്ടെന്ന ചോദ്യങ്ങൾക്ക് 2021 ഫെബ്രുവരി 17 ന് ലഭിച്ച മറുപടിയിൽ പി എ ടു ഡയറക്ടർ തസ്തിക ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു. സാക്ഷരത മിഷനിൽ ഓഫീസ് അറ്റൻഡന്റ് കം കമ്പ്യൂട്ടർ ഓപ്പറേറ്റർ ആയ എസ് ആർ രാജേഷ് എന്ന ജീവനക്കാരന് പി എ തസ്തികയുടെ ചുമതല നൽകുന്നതിനും പ്രതിമാസം 5000 രൂപ അലവൻസ് നൽകുന്നതിനും അനുമതി നൽകാൻ നിർവാഹമില്ലെന്ന് സാക്ഷരത മിഷൻ നൽകിയ കത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി 2018 ജനുവരി ആറിന് ഇറക്കിയ ഉത്തരവിൽ പറയുന്നു. വിദ്യാഭ്യാസ വകുപ്പിനെ കബളിപ്പിച്ചാണ് സാക്ഷരത മിഷനിൽ അനധികൃത പിഎ തസ്തിക സൃഷ്ടിച്ചതെന്ന് 2018ലെ ഉത്തരവിൽ നിന്ന് വ്യക്തമാകുന്നത്.
സാക്ഷരത മിഷനിൽ പിഎ തസ്തിക സൃഷ്ടിച്ചിട്ടില്ലെന്നാണ് നിയമസഭയിൽ റോജി എം ജോണിന് മന്ത്രി വി. ശിവൻകുട്ടി രേഖാമൂലം നൽകിയ മറുപടിയിലും പറഞ്ഞത്. എന്നാൽ പിഎ തസ്തിക ഉണ്ടെന്ന് അറിയിച്ചുകൊണ്ട് സാക്ഷരത മിഷൻ കത്ത് നൽകിയതിന്റെ ഭാഗമായാണ് വിദ്യാഭ്യാസ വകുപ്പിൽ നിന്നും 2018 ലെ ഉത്തരവ് ഇറങ്ങിയതെന്നാണ് പരാതിക്കാർ പറയുന്നത്. മാത്രമല്ല, പിഎ ടു ഡയറക്ടർ എന്ന തസ്തിക സാക്ഷരത മിഷൻ തന്നെ പുറത്തിറക്കിയ ഉത്തരവുകളിൽ രേഖപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിൽ അനധികൃത നിയമനത്തിൽ ഡയറക്ടർ ഡോ. പിഎസ് ശ്രീകല വെട്ടിലാകാനുള്ള സാധ്യതകളിലേയ്ക്കും ഇവർ വിരൽ ചൂണ്ടുന്നു.
അതേസമയം മതിയായ യോഗ്യത ഇല്ലാത്ത ആൾക്ക് പിഎയുടെ അധിക ചുമതല അനുവദിച്ചത് റദ്ദാക്കിക്കൊണ്ട് 2018-ൽ സർക്കാർ ഉത്തരവ് ഇറക്കിയിരുന്നോ എന്ന റോജി എം ജോണിന്റെ ചോദ്യത്തിന് മന്ത്രി മറുപടി നൽകിയിട്ടില്ല. എന്നാൽ സാക്ഷരതാമിഷനിൽ പിഎ തസ്തിക ഉണ്ടെന്നുള്ള വാദം തികച്ചും അടിസ്ഥാന രഹിതമാണെന്നാണ് ഡയറക്ടർ പിഎസ് ശ്രീകലയുടെ വിശദീകരണം. ഗസറ്റഡ് ഓഫീസർ തസ്തികയാണ് ഡയറക്ടറുടെ പിഎ. അതൊരുപാട് സാമ്പത്തിക ചെലവ് വരുമെന്നതിനാൽ അതുവേണ്ട എന്നാണ് മിഷന്റെ തീരുമാനം. ഡയറക്ടറുടെ പിഎയുടെ ചുമതല ഉണ്ടായിരുന്നയാൾക്ക് മൂന്നുമാസം 5000 രൂപ വീതം അലവൻസ് നൽകിയിരുന്നു. അത് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനപ്രകാരമായിരുന്നു. 2016 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിലായിരുന്നു അത്. പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള കത്ത് വന്നതിന് ശേഷം മൂന്നുമാസം കഴിഞ്ഞ് ഒരുരൂപപോലും അയാൾക്ക് അലവൻസോ ആനുകൂല്യമോ നൽകിയിട്ടില്ല. പിഎ എന്നൊരു തസ്തികയുമില്ല.
ഓഫീസ് അറ്റൻഡർ എന്ന തസ്തികയിൽ തന്നെയാണ് ഇപ്പോഴും അയാൾ ജോലി ചെയ്യുന്നത്. പക്ഷെ പി.എയുടെ ചുമതലകൂടി നൽകിയിട്ടുണ്ട്. എന്നാൽ അതിന്റെ പേരിൽ ആനുകൂല്യങ്ങളോ പണമോ നൽകുന്നില്ലെന്നും പിഎസ് ശ്രീകല പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ