ദോഹ: അയൽരാജ്യങ്ങൾ ഉപരോധം പ്രഖ്യാപിച്ചതിനെ തുടർന്ന് രാജ്യത്ത് ആഹാരപദാർഥങ്ങളുടെ വിലയും യാത്രാ ചെലവുകളും വർധിച്ചുവെന്ന് സർക്കാർ കണക്കുകൾ. അതേസമയം കഴിഞ്ഞ മാസം മൊത്തം ജീവിത ചെലവിൽ വലിയ മാറ്റമില്ലാതെ തുടരുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

മുൻവർഷം ഇതേ മാസത്തെ അപേക്ഷിച്ച് ഗുഡ്‌സ് ആൻഡ് സർവീസസ് ചെലവ് 0.2 ശതമാനമാണ് വർധിച്ചതെന്ന് കൺസ്യൂമർ പ്രൈസ് ഇൻഡക്‌സ് വെളിപ്പെടുത്തുന്നു. ഫുഡ് ആൻഡ് ട്രാൻസ്‌പോർട്ട് ചെലവുകൾ ഉയർന്നുവെങ്കിലും ഹൗസിങ്, ക്ലോത്തിങ് മേഖലകളിൽ ചെലവുകൾ കുറഞ്ഞതാണ് മൊത്തം ജീവിത ചെലവിൽ മാറ്റമുണ്ടാകാതിരുന്നത്.

2016 ജൂലൈ മാസത്തെ അപേക്ഷിച്ച് ഫുഡ് ആൻഡ് ഡ്രിങ്ക് ചെലവ് 4.5 ശതമാനമാണ് ഈ വർഷം ജൂലൈ മാസത്തിൽ ഉയർന്നത്. അതേസമയം യാത്രാ ചെലവുകൾ മുൻ വർഷത്തെ അപേക്ഷിച്ച് 7.5 ശതമാനമാണ് വർധിച്ചതെന്ന് മിനിസ്ട്രി ഓഫ് ഡെവലപ്‌മെന്റ്, പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വെളിപ്പെടുത്തി. എന്നാൽ ആഹാരപദാർഥങ്ങളുടെ വിലയിലുണ്ടായ മാറ്റം ഖത്തർ നിവാസികളെ അത്ഭുതപ്പെടുത്തിയില്ല. നേരത്തെ സൗദി അറേബ്യയിൽ നിന്നു കൊണ്ടു വന്ന ഡയറി ഉത്പന്നങ്ങൾക്കാണ് വലിയ വില വർധന അനുഭവപ്പെട്ടത്. പിന്നീട് ഉപരോധം ഏർപ്പെടുത്തിയിട്ടില്ലാത്ത രാജ്യങ്ങളിൽ നിന്ന് ഇവ ഇറക്കുമതി ചെയ്തതോടെ വില ഏറെക്കുറെ പിടിച്ചുനിർത്താനായി.

ജീവിതചെലവ് വർധിക്കുന്നതിന് പ്രധാന കാരണമാകാറുള്ള വീട്ടുവാടക പക്ഷേ, 2017-ൽ സ്റ്റെഡിയായി നിൽക്കുന്നതാണ് കണ്ടത്. വീട്ടുവാടകയിനത്തിൽ ഏറെ കുതിപ്പ് നേരിടാത്ത സാഹചര്യത്തിൽ ജീവിത ചെലവിൽ മാറ്റമൊന്നും സംഭവിക്കാതെ നിലകൊള്ളുകയായിരുന്നു.