കണ്ണുർ: എൻ.ഡി.എ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതിനെ തുടർന്നുണ്ടായ പ്രതിസന്ധി ബിജെപി കണ്ണുർ ജില്ലാ നേതൃത്വത്തെ വെട്ടിലാകുന്നു തലശേരി മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയെ പിൻതാങ്ങാനുള്ള നീക്കമാണ് അണികളിൽ രോഷമുയർത്തിയിട്ടുള്ളത്. തലശേരി നിയോജകമണ്ഡലത്തിലെ ഇന്ത്യൻ ഗാന്ധിയൻ പാർട്ടി സി.ഒ.ടി. നസീറിന് എൻഡിഎ പിന്തുണ നൽകിയ സംഭവത്തിൽ ബിജെപിയിലും നസീർ നേതൃത്വം നൽകുന്ന കിവീഡ് ക്ലബിലും ഭിന്നത രൂക്ഷമായിരിക്കുകയാണ്.

ബിജെപി എതിർക്കുന്ന കർഷകപ്രക്ഷോഭത്തിൽ പങ്കെടുക്കുകയും കേന്ദ്രസർക്കാരിനെതിരേ ശക്തമായി പ്രതികരിക്കുകയും ചെയ്ത വ്യക്തിക്ക് പാർട്ടി പിന്തുണ നൽകിയതിന് ഒരുവിഭാഗം ബിജെപി പ്രവർത്തകർ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ മറ്റ് നിവർത്തിയില്ലാത്തതു കൊണ്ടാണ് നസീറിനെ പിന്തുണയ്ക്കുന്നതു എന്ന് ബിജെപി ഔദ്യോഗിക നേതൃത്വം പറയുന്നു. ഏതായാലും തലശ്ശേരിയിൽ പിരവാർ വോട്ട് എങ്ങോട്ട് പോകുമെന്ന് ആർക്കും അറിയില്ല.

പാർട്ടി നിലപാട് വിശദീകരിക്കാൻ വിളിച്ചുചേർത്ത ബിജെപി മണ്ഡലം കൺവൻഷനിൽ പ്രവർത്തകർ തങ്ങളുടെ പ്രതിഷേധം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ബിജെപി സർക്കാരിനെതിരേയുള്ള കർഷകസമരത്തിൽ പങ്കെടുത്തയാൾത്തന്നെ ബിജെപി പിന്തുണ തേടിയതാണ് കിവീസ് ക്ലബംഗങ്ങളെയും പ്രതിഷേധത്തിലാക്കിയിട്ടുണ്ട്. അതേസമയം തെരഞ്ഞെടുപ്പിൽ ആരുടെ വോട്ടും സ്വീകരിക്കാമെന്ന നയമാണ് ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയുടെ പേരിൽ സ്വതന്ത്രനായി മൽസരിക്കുന്ന നസീറിനുള്ളത്.

എന്നാൽ ഗാന്ധിജിയുടെ പേരിലുള്ള സംഘടനയുടെ നാമത്തിൽ മത്സരിക്കുകയും ഗാന്ധിഘാതരുടെ വോട്ട് സ്വീകരിക്കുകയും ചെയ്യുന്നത് ന്യായീകരിക്കാനാകില്ലെന്ന് കിവീസിന്റെ പ്രവർത്തകരിൽ ചിലർ പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ കിവീസ് ക്ലബ് അംഗങ്ങളിൽ സിപിഎം അനുഭാവികളും സജീവപ്രവർത്തകരുമുണ്ട്. നസീറിന്റെ സഹോദരൻ ഷബീർ സിപിഎം നേതാവും തലശേരി നഗരസഭ കൗൺസിലറുമാണ്.

എന്നാൽ സി.ഒ.ടി നസീറിന് നിരുപാധിക പിൻതുണ നൽകിയത് സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണെന്നും എൽ.ഡി.എഫ് - യു.ഡി.എഫ് മുന്നണികൾക്കെതിരെ പാർട്ടി വോട്ടുകൾ ഏകോപിപ്പിക്കുന്നതിനും തലശേരിയിലെ ന്യുനപക്ഷ സമുദായങ്ങളെ എൻ.ഡി.എയുമായി അടുപ്പിക്കുന്നതിനും വേണ്ടിയാണെന്നും ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടി.

ഇതിനിടെയിൽ സംഘ് പരിവാർ പ്രസ്ഥാനങ്ങൾക്ക് ഒട്ടേറെ ബലിദാനികളുള്ള തലശേരിയിൽ എൻ.ഡി.എ സ്ഥാനാർത്ഥിയില്ലാത്തത് ബിജെപി കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ജില്ലാ നേത്യത്വത്തിൽ അഴിച്ചുപണിയുണ്ടാകുമെന്നാണ് പാർട്ടിക്കുള്ളിൽ നിന്നും ലഭിക്കുന്ന വിവരം.

കാൽനൂറ്റാണ്ടിലേറെയായി സിപിഎം. സ്ഥാനാർത്ഥിമാത്രം ജയിച്ച മണ്ഡലമാണ് തലശ്ശേരി. തലശ്ശേരിക്കോട്ട എൽ.ഡി.എഫ്. നിലനിർത്തുമോ യു.ഡി.എഫ്. അത് തകർക്കുമോ, അട്ടിമറി വിജയമുണ്ടാകുമോ ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങൾ ഉയർന്നുവരികയാണ്. ഒരുകാര്യം ഉറപ്പാണ്; ഇത്തവണ കോട്ട കാക്കാൻ എൽ.ഡി.ഫിന് വേനൽച്ചൂടിനൊപ്പം കുറച്ചുകൂടുതൽ വിയർപ്പൊഴുക്കേണ്ടി വരും. എൻഡിഎയുടെ വോട്ട് ഫലത്തിൽ നിർണ്ണായകമാകും.

ഡി.സി.സി. ജനറൽ സെക്രട്ടറിയും നഗരസഭാ മുൻ കൗൺസിലറുമായ എംപി. അരവിന്ദാക്ഷനാണ് യു.ഡി.എഫ്. സ്ഥാനാർത്ഥി. കോടിയേരി മലബാർ കാൻസർ സെന്റർ ഭരണസമിതിയംഗം, തലായി തുറമുഖ കർമസമിതി ചെയർമാൻ, ജനറൽ ആശുപത്രി വികസനസമിതിയംഗം എന്നീനിലകളിൽ അരവിന്ദാക്ഷൻ പ്രവർത്തിക്കുന്നു. ബിജെപി. ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസന്റെ പത്രിക സാങ്കേതികകാരണത്താൽ തള്ളിയതാണ് തലശ്ശേരി മണ്ഡലത്തിലെ പോരിന് പുതിയ രൂപം നൽകിയത്. യു.ഡി.എഫുമായുള്ള ധാരണപ്രകാരം കോ-ലീ-ബി. സഖ്യത്തിന്റെ ഭാഗമായാണ് പത്രിക തള്ളിയതെന്ന് എൽ.ഡി.എഫ്. ആരോപണം. സാങ്കേതികമായ പിഴവുമാത്രമാണ് പത്രിക തള്ളാനിടയാക്കിയതെന്നാണ് ബിജെപി. നേതൃത്വത്തിന്റെ വിശദീകരണം.

കഴിഞ്ഞകാലങ്ങളിൽ എൻ.ഡി.എ.യ്ക്ക് ലഭിച്ച വോട്ടുകൾ ഇനി ആർക്ക് ലഭിക്കുമെന്നതാണ് മണ്ഡലത്തിലുയരുന്ന ചോദ്യം. ഇത് സി ഒ ടി നസീറിന് മൊത്തമായി കിട്ടുമെന്ന് ആരും കരുതുന്നില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 20,249 വോട്ട് നേടിയ എൻ.ഡി.എ.യ്ക്ക് തലശ്ശേരി നഗരസഭയിൽ എട്ട് കൗൺസിലർമാരുണ്ട്. കഴിഞ്ഞ നഗരസഭാ കൗൺസിലിന്റെ കാലാവധി കഴിയുമ്പോൾ അഞ്ച് കൗൺസിലർമാരാണ് ഉണ്ടായിരുന്നത്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ച വാർഡുകളുടെ എണ്ണം വർധിപ്പിച്ചതിനൊപ്പം നഗരസഭയിലെ ചില വാർഡുകളിൽ എൻ.ഡി.എ. രണ്ടാംസ്ഥാനത്തെത്തി.