കണ്ണുർ: തനിക്ക് തെരഞ്ഞെടുപ്പിൽ നൽകിയ പിൻതുണ നിഷേധിച്ചതിനു പുറമേ തലശേരിയിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ ഗാന്ധിയൻ പാർട്ടി സ്ഥാനാർത്ഥി സി.ഒ.ടി നസീർ.സിപിഎം ഉയർത്തുന്ന വോട്ടുകച്ചവട ആരോപണം ബിജെപിയെ സംബന്ധിച്ച് അക്ഷരാർത്ഥത്തിൽ ശരിയാണെന്ന് തുറന്നു പറഞ്ഞു കൊണ്ടാണ് നസീർ രംഗത്തുവന്നത്.

തലശേരി മണ്ഡലത്തിൽ ബിജെപി വോട്ട് മറിക്കാൻ പദ്ധതിയിട്ടെന്നു സി.ഒ.ടി നസീർ മാധ്യമങ്ങളോട് വെളിപ്പെടുത്തി.ഇതിന് വ്യക്തമായ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും നസീർ പറഞ്ഞു. ഇത് സംബന്ധിച്ച ശബ്ദരേഖ നാളെ പുറത്തുവിടുമെന്നും നസീർ പറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എൻ ഷംസീറിന്റെ തെരഞ്ഞെടുപ്പ് ചെലവ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും നസീർ അറിയിച്ചു.

തലശ്ശേരിയിൽ സി.ഒ.ടി നസീറിനെ പിന്തുണയ്ക്കാൻ ബിജെപി സംസ്ഥാന നേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ പ്രചാരണത്തിലുൾപ്പെടെ ബിജെപി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി തനിക്ക് ബിജെപി പിന്തുണ വേണ്ടെന്ന് നസീർ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ആരോപണവുമായി നസീർ രംഗത്തെത്തിയത്.

തലശ്ശേരിയിൽ വൻതോതിൽ വോട്ടു മറിക്കാൻ ബിജെപി പദ്ധതിയിട്ടിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് ചില നേതാക്കൾ തമ്മിൽ നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ കൈവശമുണ്ടെന്നുമാണ് നസീറിന്റെ ആരോപണം. ആർക്കുവേണ്ടിയാണ് വോട്ടുമറിക്കുന്നതെന്നുൾപ്പെടെ നിർണ്ണായക വിവരങ്ങൾ ഈ ശബ്ദരേഖയിലൂടെ വെളിപ്പെടുമെന്നും നസീർ കൂട്ടിച്ചേർത്തു 'നസീറിനൊപ്പം നിൽക്കുന്ന പാർട്ടി പ്രവർത്തകർ ബിജെപി പിൻതുണ സ്വീകരിക്കുന്നതിൽ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

അതേ സമയം ബിജെപി സർക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കർഷക സമരത്തിൽ ഡൽഹിയിൽ നടന്ന കർഷക സമരത്തിൽ പങ്കെടുത്ത സി ഒ ടി നസീറിന് വോട്ടു ചെയ്യുന്നതിൽ ഒരു വിഭാഗം ബിജെപി പ്രവർത്തകരും പ്രതിഷേധിച്ചിരുന്നു.എന്നാൽ നസീർ പിൻതുണ വേണ്ടെന്നു പറഞ്ഞ വിഷയത്തിൽ ബിജെപി നേതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.