കണ്ണൂർ: തലശ്ശേരിയിൽ ബിജെപിയുടെ പിന്തുണ വേണ്ടെന്ന് സ്വതന്ത്ര സ്ഥാനാർത്ഥി സി.ഒ.ടി. നസീർ. തിരഞ്ഞെടുപ്പിൽ ബിജെപിയിൽനിന്ന് സഹായമൊന്നും ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസിന്റെ നാമനിർദേശ പത്രിക തള്ളിയതോടെയാണ് സ്വതന്ത്രനായി മത്സരിക്കുന്ന ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയുടെ സി.ഒ.ടി. നസീറിനെ പിന്തുണയ്ക്കാൻ എൻഡിഎ തീരുമാനിച്ചത്.

സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന് ഇരയായ വ്യക്തിയെന്ന നിലയിലാണു പിന്തുണയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വിശദീകരിക്കുകയും ചെയ്തു. നാമനിർദേശ പത്രികയ്‌ക്കൊപ്പം ചിഹ്നം അനുവദിക്കാൻ നൽകിയ ഫോമിൽ പാർട്ടി ദേശീയ അധ്യക്ഷന്റെ ഒപ്പില്ലെന്ന കാരണത്താലാണു ഹരിദാസിന്റെ പത്രിക തള്ളിയത്. ബിജെപിക്ക് കണ്ണൂർ ജില്ലയിൽ കഴിഞ്ഞ തവണ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച മണ്ഡലമാണ് തലശ്ശേരി.

എന്നാൽ ആ പിന്തുണ തനിക്ക് വേണ്ടെന്നാണ് നസീർ പറയുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കാസർകോട് വെച്ച് പിന്തുണ പ്രഖ്യാപിച്ചുവെന്നല്ലാതെ മറ്റൊരു ചർച്ചയും നടന്നില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിനോ മറ്റോ ഒരു പിന്തുണയും നൽകിയിട്ടില്ലെന്നും നസീർ പ്രതികരിച്ചു.

തടിയൂരാൻ വേണ്ടിയാണ് ബിജെപി എനിക്ക് പിന്തുണ പ്രഖ്യാപിച്ചത്. മതനിരപേക്ഷ രാഷ്ട്രീയമാണ് താനും തന്റെ പാർട്ടിയും ഉയർത്തിപ്പിടിക്കുന്നതെന്നും അത് വർഗീയ ശക്തികളുടെ പിന്തുണയിലൂടെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും നസീർ വ്യക്തമാക്കി.

എസ്ഫ്ഐയിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ നസീർ സിപിഎം തലശ്ശേരി ലോക്കൽ കമ്മിറ്റി അംഗവും നഗരസഭാ കൗൺസിലറുമായിട്ടുണ്ട്. പാർട്ടി അംഗത്വം പുതുക്കാനുള്ള ഫോമിൽ അനുമതിയില്ലാതെ മതം എഴുതിച്ചേർത്തതിൽ പ്രതിഷേധിച്ച് 2017ൽ സിപിഎം വിട്ടു. 2019ൽ വടകര ലോക്‌സഭാ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിച്ചിരുന്നു. തിരഞ്ഞെടുപ്പുഫലം വരുന്നതിനു ദിവസങ്ങൾക്കു മുൻപു നസീറിനു നേരെ വധശ്രമമുണ്ടായി.

എൽഡിഎഫിനായി സിറ്റിങ് എംഎൽഎ എ.എൻ.ഷംസീറും യുഡിഎഫിനായി എംപി.അരവിന്ദാക്ഷനുമാണു തലശ്ശേരിയിൽ മത്സരിക്കുന്നത്.