തലശ്ശേരി: അക്രമ രാഷ്ട്രീയത്തിനെതിരെ ജന വിധിയെന്ന മുദ്രാവാക്യവുമായി സിഒടി നസീർ പുതിയ പാർട്ടി രൂപീകരിച്ചു. ജീവകാരുണ്യ മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കിവീസ് ക്‌ളബ്ബാണ് പുതിയ പാർട്ടിയായി രൂപാന്തരം പ്രാപിച്ചത്. സിപിഎം മുൻ തലശേരി ലോക്കൽ കമ്മിറ്റിയുസും കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിനിടെ വിമത സ്ഥാനാർത്ഥിയായതിനെ തുടർന്ന് അക്രമത്തിന് ഇരയാവുകയും ചെയ്ത സിഒടി നസീർ വിഭാഗമാണ് തെരഞ്ഞടുപ്പിൽ മത്സരിക്കുന്നത്.

നസീർ നേതൃത്വം നൽകുന്ന കിവീസ് ക്ലബ്ബാണ് രണ്ട് സ്ഥാനാർത്ഥികളെ രംഗത്തിറക്കി പ്രചാരണം ആരംഭിച്ചത്. തലശേരി നഗരസഭയിലെ 45-ാം വാർഡായ മാരിയമ്മ വാർഡിൽ വലീദ് ബഷീർ മൂസയും, 49-ാം വാർഡായ പാലിശേരിയിൽ മുഹമ്മദ് ഷുഹൈബുമാണ് കിവീസിന്റെ സാരഥികളായി രംഗത്തിറങ്ങിയത്. കാലഘട്ടത്തിന് അനിവാര്യമായ സ്ഥാനാർത്ഥിയെന്ന മുഖവുരയോടെയാണ് പോസ്റ്റർ ഇറക്കി പ്രചരണത്തിനിറങ്ങിയത്. തലശേരി നഗരസഭയിലെ 10 വാർഡുകളിൽ സ്ഥാനാർത്ഥികളെ ഇറക്കി മത്സരിപ്പിക്കാൻ കിവീസ് ആലോചിച്ചിരുന്നെങ്കിലും അവസാനഘട്ടം രണ്ടോ മൂന്നോ സ്ഥാനാർത്ഥികളെ മാത്രമേ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് സി.ഒ.ടി നസീർ പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ സിപിഎം അക്രമത്തിന് ഇരയായ സി.ഒ.ടി നസീറിന്റെ കേസന്വേഷണം സിബിഐക്ക് വിടണമെന്ന നസീറിന്റെ ഹർജി ഹൈക്കോടതി മുമ്പാകെയാണുള്ളത്. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ നസീർ ഇപ്പോഴും ശാരീരിക വിഷമതകൾ അനുഭവിച്ചുവരികയാണ്. തലശേരി നഗരസഭയിലെ 48-ാം വാർഡിൽ സി.ഒ.ടി നസീറിന്റെ സഹോദരൻ സി.ഒ.ടി ശബീർ സിപിഎം ബാനറിൽ മത്സരിക്കുന്നുണ്ട്.

ഇതിനിടെ സി.ഒ.ടി നസീർ വിഭാഗം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് സിപിഎമ്മിന് തലവേദനയായിട്ടുണ്ട്. മുസ്ലിം സാമുദായിക വിഭാഗങ്ങൾക്ക് നിർണായക സ്വാധീനമുള്ള നഗരസഭയാണ് തലശേരി .നേരത്തെ എസ്.എഫ് ഐ യുടെയും സിപിഎമ്മിന്റെയും സജീവ പ്രവർത്തകനായിരുന്ന സി.ഒ.ടി നസീറിന് തലശേരിയിൽ വിപുലമായ ബന്ധങ്ങളുണ്ട്. അദ്ദേഹം നേതൃത്വം നൽകുന്ന കിവീസ് ക്‌ളബ്ബ് ജനകീയ അംഗീകാരം നേടിയതാണ്.

തലശേരി നഗരസഭാ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉന്നയിച്ചതിനാണ് സി.ഒ.ടി നസീർ എ .എൻ .ഷംസീർ എംഎ‍ൽഎയുമായി അഭിപ്രായ ഭിന്നതയുണ്ടാകുന്നത്.ഇതിന് ശേഷം ഇതിനു ശേഷം കഴിഞ്ഞ വടകര പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പിൽ നസിർ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയായിരുന്നു.

വോട്ടെടുപ്പ് നടന്നതിന്റെ പിറ്റേ ദിവസമാണ് നസീർ തലശേരി നഗരത്തിലെ കായ്യത്ത് റോഡിൽ വെച്ച് അക്രമത്തിനിരയാകുന്നത്. ഇതിനു ശേഷം ഏറെക്കാലമായി ചികിത്സയിൽ കഴിഞ്ഞിരുന്ന നസീർ അടുത്ത കാലത്താണ് പൊതുപ്രവർത്തന രംഗത്ത് സജീവമാകുന്നത്. തന്നെ അക്രമിച്ചതിനു പിന്നിൽ ഗൂഢാലോചന നടത്തിയത് എ.എൻ.ഷംസിർ എംഎ‍ൽഎയാണെന്ന് നസീർ മൊഴി നൽകിയിരുന്നുവെങ്കിലും ഇതുവരെ എംഎ‍ൽഎയെ ചോദ്യം ചെയ്യാൻ പൊലിസ് തയ്യാറായിട്ടില്ല. ഈ കേസിൽ പിടിയിലായവരിൽ എ.എൻ ഷംസീർ എംഎ‍ൽഎയുടെ ഡ്രൈവറും മുൻ സിപിഎം തലശേരി ഏരിയാ കമ്മിറ്റി ഓഫിസ് സെക്രട്ടറിയുമായ യുവാവിനെ അറസ്റ്റു ചെയ്തത്.കേസിൽ നാലു പേരാണ് ഇതുവരെ പിടിയിലായത്.