- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷംസീറിനെതിരെ ആഞ്ഞടിച്ച് സി.ഒ.ടി നസീർ;വികസനത്തിന്റെ പേരിൽ നടന്നത് അഴിമതി; തന്നെ അക്രമിച്ചത് ആരോപണം ഉന്നയിച്ചതിന്; തലശേരിയിൽ ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കും
കണ്ണൂർ: എൻ ഷംസീർ എംഎൽഎക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി സി.ഒ.ടി നസീർ. തന്നെ അക്രമിക്കാൻ കൂട്ടുനിന്ന എ.എൻ ഷംസീർ എം.എൽ എ യെ കേസിൽ നിന്നും ഒഴിവാക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ പൊലിസ് കേസ് അട്ടിമറിച്ചുവെന്ന് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ നസീർ ആരോപിച്ചു.തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ കേസിന്റെ കുറ്റപത്രം സമർപ്പിച്ചത് ഇതിന്റെ ഭാഗമായാണ്. പല തവണ മുഖ്യമന്ത്രിയെ കണ്ട് കേസ് അട്ടിമറിക്കുന്നതിനെതിരെ താൻ പരാതി നൽകിയിട്ടും നടപടിയെടുത്തില്ല. ഇവിടെ പണമുള്ളവന് മാത്രം നീതി കിട്ടുകയുള്ളുവെന്ന സ്ഥിതിയാണ്. അതുകൊണ്ടാണ് താൻ സിബിഐ അന്വേഷണത്തിന് പോവാഞ്ഞത്. ഇതു സമുഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയുടെ ബാനറിൽ ഇക്കുറി തലശേരി മണ്ഡലത്തിൽ മത്സരിക്കും. ഷംസീറിനെതിരെ മത്സരിക്കാതിരിക്കാനായി തന്നെ രണ്ട് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരുടെ സാന്നിധ്യത്തിൽ ചിലയാളുകൾ കാർ തടഞ്ഞ് ഭീഷണിപ്പെടുത്തിയതായും സി.ഒ.ടി നസീർ കുറ്റപ്പെടുത്തി. കഴിഞ്ഞ അറുപതിലേറെ വർഷങ്ങളായി ഒരേ പാർട്ടി തന്നെ മത്സരിച്ച മണ്ഡലമാണ് തലശേരി. ഇ.കെ നായനാർ മുഖ്യമന്ത്രിയായതും കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായതും തലശേരിയെ പ്രതിനീധികരിച്ചാണ്. എന്നാൽ വികസന മുരടിപ്പാണ് തലശേരിയിൽ അനുഭവപ്പെടുന്നത്.
തലശേരി നഗരത്തിൽ തൊണ്ണൂറ് ശതമാനവും മാംസാഹാരം കഴിക്കുന്നവരാണ്. എന്നാൽ ആധുനിക അറവുശാല തലശേരിയിലില്ല. ഇപ്പോഴും പ്രാകൃതമായ രീതിയിലാണ് ഇവിടെ മാംസം അറുക്കുന്നത്. തലശേരിയിൽ ആയിരത്തിലേറെ കോടിയുടെ വികസനം എംഎൽഎ കൊണ്ടു വന്നുവെന്നാണ് പറയുന്നത്. തലശേരി സ്റ്റേഡിയം നിർമ്മാണത്തിന്റെ ഭാഗമായി വൻ അഴിമതിയാണ് നടന്നത്. നേരത്തെ ഊരാളുങ്കൽ സൊസെറ്റിയെയാണ് സ്റ്റേഡിയത്തിന്റെ കരാർ ഏൽപിച്ചത്. ഇപ്പോൾ മറ്റൊരു ഗ്രൂപ്പാണ് പ്രവൃത്തി നടത്തുന്നത്. സ്റ്റേഡിയം നിർമ്മാണത്തിൽ യാതൊരു മുൻപരിചയവുമില്ലാത്ത ഊരാളുങ്കൽ സൊസൈറ്റിയെ എന്തടിസ്ഥാനത്തിലാണ് പ്രവൃത്തിയുടെ കരാറുകാരായി ചുമതലപ്പെടുത്തിയതെന്ന് നസീർ ചൂണ്ടിക്കാട്ടി.
ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് കൂടിയായ നസീർ നാമനിർദ്ദേശപത്രിക സമർപ്പിച്ചതായും അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ ഗാന്ധിയൻ പാർട്ടി സംസ്ഥാന സെക്രട്ടറി യു.എസ്. ആഷിനും പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ