- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉച്ചഭക്ഷണ ടോയ്‌ലറ്റിലേക്ക് പോയ കുട്ടികളെ തടഞ്ഞു നിറുത്തി കൈയുടെ ഞരമ്പ് മുറിക്കുമെന്ന് ഭീഷണിപ്പെടുത്തൽ; കെട്ടിടത്തിന്റെ മുകളിൽ നിന്ന് തള്ളിയിടുമെന്നും ആക്രോശം; കൈയിൽ ബലമായി പിടിച്ചമർത്തി വേദനിപ്പിക്കൽ; എല്ലാം നടന്നത് കോട്ടൺഹിൽ സ്‌കൂളിൽ; മാസ്കിട്ട് മുഖം മറച്ച ആ അഞ്ചുപേർ സ്കൂളിനെ ഭയപ്പെടുത്തുമ്പോൾ
തിരുവനന്തപുരം : ആ റാഗിങ് വിവാദമുണ്ടായത് തലസ്ഥാനത്തെ പെൺകുട്ടികളുടെ മാത്രം സ്‌ക്കൂളായ കോട്ടൺഹില്ലിൽ. യു.പി വിദ്യാർത്ഥികളെ ഹയർ സെക്കൻഡറി വിഭാഗത്തിലെ കുട്ടികൾ റാഗ് ചെയ്തതായി പരാതി. അഞ്ച്,ആറ് ക്ലാസുകളിലെ കുട്ടികളാണ് അദ്ധ്യാപകരോട് പരാതിപ്പെട്ടത്. ഇതോടെ റാഗ് ചെയ്ത വിദ്യാർത്ഥികളെ കണ്ടെത്താൻ യു.പി വിഭാഗത്തിലെ കുട്ടികളെ ഹയർ സെക്കൻഡറി വിഭാഗത്തിലെത്തിച്ച് തിരിച്ചറിയൽ പരിശോധന നടത്തിയെങ്കിലും കുറ്റക്കാരെ കണ്ടെത്താനായില്ല. സ്‌ക്കൂൾ അധികൃതർ മ്യൂസിയം പൊലീസിൽ പരാതി നൽകി. സംഭവത്തെ തുടർന്ന് ഭീതിയിലായ കുട്ടികളുടെ മാനസികസംഘർഷം കുറയ്ക്കാൻ നാളെ കൗൺസിലിങ് പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.
ഇതു സംബന്ധിച്ച് ഇന്നലെ വിശദ റിപ്പോർട്ട് മറുനാടൻ നൽകിയിരുന്നു. ഇതിന് പിന്നാലെ കോട്ടൺഹിൽ സ്‌കൂളിലാണ് ഇതെല്ലാം നടന്നതെന്ന് വ്യക്തമാക്കി പ്രധാന പത്രങ്ങളും വാർത്ത നൽകി. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഉച്ചഭക്ഷണത്തിന് ശേഷം ടോയ്‌ലറ്റിലേക്ക് പോയ അഞ്ച്,ആറ് ക്ലാസുകളിലെ കുട്ടികളെ അതിനുള്ളിൽ വച്ച് മുതിർന്ന കുട്ടികൾ തടഞ്ഞു നിറുത്തി കൈയുടെ ഞരമ്പ് മുറിക്കുമെന്നും, കെട്ടിടത്തിന്റെ മുകളിൽ നിന്ന് തള്ളിയിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും കൈയിൽ പിടിച്ച് ബലമായി അമർത്തിയെന്നുമാണ് കുട്ടികൾ അദ്ധ്യാപകരോട് പറഞ്ഞത്.
കളർ ഡ്രസിൽ മാസ്‌ക്ക് ധരിച്ച ചേച്ചിമാരാണ് തങ്ങളെ ഭയപ്പെടുത്തിയതെന്നും കുട്ടികൾ വ്യക്തമാക്കിയിരുന്നു. ഇതോടെ യു.പി വിഭാഗത്തിലെ അദ്ധ്യാപകർ ഹയർ സെക്കൻഡറി വിഭാഗത്തിലെത്തി അദ്ധ്യപകരോട് വിവരം പറഞ്ഞു. തുടർന്ന് റാഗിംഗിന് വിധേയരായ കുട്ടികളെ ഹയർ സെക്കൻഡറി ക്ലാസുകളിലെത്തിച്ച് കുറ്റക്കാരെ കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മാസ്‌ക്ക് ധരിച്ചിരുന്നതിനാലാണ് മുഖം തിരിച്ചറിയാൻ കഴിയാതത്തതെന്നാണ് വിവരം.
കൂടാതെ യൂണിഫോമിലെത്തുന്ന ചില കുട്ടികൾ ഇടവേള സമയത്ത് അതിന് മുകളിൽ കളർ ഡ്രസ് ധരിക്കുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു. സ്‌ക്കൂൾ അധികൃതരുടെ പരാതിയെ തുടർന്ന് വെള്ളിയാഴ്ച മ്യൂസിയം പൊലീസ് സ്‌ക്കൂളിലെത്തി അദ്ധ്യാപകരിൽ നിന്ന് വിവരം ശേഖരിച്ചു. നാളെ സ്‌ക്കൂളിലെത്തി പൊലീസ് വിദ്യാർത്ഥികളുമായി സംസാരിക്കും. അതേസമയം കൂടുതൽ രക്ഷിതാക്കൾ തിങ്കളാഴ്ച സ്‌ക്കൂളിലെത്തി പരാതി നൽകുമെന്നാണ് വിവരം. മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് അപ്പുറം കാര്യങ്ങൾ പോയിട്ടുണ്ടെന്നാണ് സൂചന. ആർക്കും ആരേയും നിയന്ത്രിക്കാൻ പറ്റാത്തതാണ് ഈ സ്‌കൂളിലെ പ്രതിസന്ധികൾക്ക് പ്രധാന കാരണം.
കറുത്ത മാസ്‌കും മുഖംമൂടിയും ധരിച്ച അഞ്ചു പേർ നടത്തുന്ന ആക്രമങ്ങളിൽ ഭയന്ന് വിറച്ച് തിരുവനന്തപുരത്തെ പ്രധാന സർക്കാർ സ്‌കൂൾ എന്ന വാർത്ത മറുനാടൻ കഴിഞ്ഞ ദിവസം നൽകിയിരുന്നു. സ്‌കൂളിൽ പുതുതായി എത്തുന്നവരെ റാഗിങ് ചെയ്യുകയാണ് ഈ സംഘത്തിന്റെ രീതിയെന്നാണ് അദ്ധ്യാപകർ ആദ്യം കരുതിയത്. പിന്നാലെ പരാതി പ്രവാഹമായി. ഇതോടെ സ്‌കൂളിൽ പൊലീസും എത്തി. സ്‌കൂൾ പ്രിൻസിപ്പൽ അടിയന്തര ഓൺലൈൻ മീറ്റിംഗും നടത്തി. സ്‌കൂളിലെ കുട്ടികൾ തന്നെയാണ് അക്രമം നടത്തുന്നതെന്നാണ് അദ്ധ്യാപകരുടെ നിഗമനം. കുട്ടികളെ കണ്ടെത്താൻ കാത്തു നിന്ന അദ്ധ്യാപകരുടെ മുമ്പിലേക്ക് ഇവർ എത്തുകയും ചെയ്തു. എന്നാൽ അതിവേഗതയിൽ പാഞ്ഞ മുഖം മൂടിധാരികൾ ആ സ്‌കൂളിന്റെ കൂറ്റൻ മതിലു ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നു.
സ്‌കൂളിലെ ചെറിയ ക്ലാസിലെ കുട്ടികളെല്ലാം ഭയപ്പാടിലാണ്. പല രക്ഷകർത്താക്കളും പരാതികളുമായി എത്തി. സംഭവം കൈവിടുന്നു എന്ന് മനസ്സിലായതോടെയാണ് പൊലീസിനെ വിവരം അറിയിച്ചത്. ഇതോടെ പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. മൂന്നാം നിലയിലേക്ക് ഒരു കുട്ടിയെ കൊണ്ടു പോയി ഈ സംഘം ഭീഷണിപ്പെടുത്തിയെന്നതാണ് വസ്തുത. കൈകളിൽ മുറിവേൽക്കുകയും ചെയ്തു. ഈ കുട്ടികളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ട ചെറിയ ക്ലാസിലെ കുട്ടിയെയാണ് അപായപ്പെടുത്തുമെന്ന ഭീഷണിയിൽ മുകളിലേക്ക് കൊണ്ടു പോയത്. ഭീഷണിപ്പെടുത്തിയ ശേഷം വിട്ടയച്ചു.
അരുതാത്തത് എന്തോ നടക്കുമ്പോൾ ഈ കുട്ടി ശുചി മുറിയുടെ അടുത്തേക്ക് വന്നു. ഇത് ആ കുട്ടി കാണുകയും ചെയ്തു. ഇതു കൊണ്ടാണ് കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി ആ കുട്ടിയെ മൂന്നാം നിലയിലേക്ക് കൊണ്ടു പോയതും ഭീകര രംഗങ്ങളുണ്ടാക്കിയതും. മറ്റൊരു കുട്ടിയെ ബാത്ത് റൂമിൽ പൂട്ടിയിട്ടെന്നും പരാതിയുണ്ട്. ശുചിമുറിയിൽ അകപ്പെട്ട ഈ കുട്ടിയെ നിലവിളി കേട്ടെത്തിയവരാണ് മുറി തുറന്ന് പുറത്തെത്തിച്ചത്. ഇതോടെ ഈ മേഖലയിൽ നിരീക്ഷണത്തിന് സ്റ്റുഡന്റ് പൊലീസിനേയും നിയോഗിച്ചു. അദ്ധ്യാപകരും കാത്തു നിന്നു. ഇതിനിടെയാണ് അവർ വീണ്ടും എത്തിയത്. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ഈ കുട്ടികൾ മതിലു ചാടി രക്ഷപ്പെട്ടു.
സ്‌കൂളിലെ കുട്ടികളാകും ഈ ഭീതി പടർത്തുന്നതെന്നാണ് അദ്ധ്യാപകരുടെ വിലയിരുത്തൽ. സ്‌കൂളിൽ ലഹരിയും മറ്റും ഉപയോഗിക്കുന്ന ചില കുട്ടികളുണ്ടെന്നാണ് സൂചന. കറുത്ത മാസ്‌കും തലയിൽ ശിരോവസ്ത്രവും ഇട്ട് ആർക്കും പിടിക്കാൻ പറ്റാത്ത രീതിയിലാണ് ഇവരുടെ ആക്രമണം. ശുചി മുറിയിലും മറ്റും ഇവരെ ഭയന്നാണ് താഴ്ന്ന ക്ലാസിലെ കുട്ടികൾ എത്തിയിരുന്നത്. മൂന്നാം നിലയിൽ നിന്ന് കുട്ടിയെ തള്ളിയിടുമെന്ന ഭീഷണി ഇവർ ഉയർത്തിയതോടെയാണ് അദ്ധ്യാപകർക്ക് മുമ്പിലേക്ക് പരാതി എത്തുന്നത്. തൊട്ടു പിന്നാലെ മറ്റൊരു കുട്ടിയെ ശുചിമുറിയിൽ പൂട്ടിയിട്ടെന്ന് അറിഞ്ഞതോടെ വിഷയത്തിന്റെ ഗൗരവം കൂടി.
പ്ലസ് ടു വരെയുള്ള ക്ലാസുകൾ ഈ സ്‌കൂളിലുണ്ട്. തിരുവനന്തപുരത്തെ പ്രധാന സ്‌കൂളായ ഇവിടെ എല്ലാ വിഭാഗത്തിലേയും കുട്ടികൾ പഠിക്കുന്നുണ്ട്. ആയിരക്കണക്കിന് കുട്ടികളുള്ള സ്‌കൂളിലാണ് വെറും അഞ്ചു പേർ അദ്ധ്യാപകർക്ക് പോലും പിടികൊടുക്കാതെ പ്രശ്നമുണ്ടാക്കുന്നത്. പോക്സോ കേസിൽ പെട്ട അദ്ധ്യാപകനാണ് ഇവരുടെ സംരക്ഷകനെന്ന വാദവും അതിശക്തമാണ്. എന്നാൽ രാഷ്ട്രീയ സ്വാധീനങ്ങൾ കാരണം ഇത്തരം അദ്ധ്യാപകർ തന്നെയാണ് എല്ലാം നിയന്ത്രിക്കുന്നത്. അതാണ് പ്രശ്നങ്ങൾ സങ്കീർണ്ണമാക്കുന്നതെന്ന വാദവും അദ്ധ്യാപകരിൽ ഉണ്ട്. വലിയ തോതിൽ അദ്ധ്യാപകർക്കിടയിൽ വിഭാഗീയത നിലനിൽക്കുന്ന സ്‌കൂളാണ് ഇത്.
രാഷ്ട്രീയ അതിപ്രസരം മൂലം പൊതു വിദ്യാഭ്യാസ ഡയറക്ടർ പോലും ഈ സ്‌കൂളിൽ ഇടപെടലുകൾക്ക് കഴിഞ്ഞിരുന്നില്ലെന്ന വസ്തുത നേരത്തെ ചർച്ചയായിരുന്നു. അതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതെന്നാണ് ഉയരുന്ന പരാതി. കഴിഞ്ഞ ദിവസം പൊലീസ് സ്‌കൂളിൽ എത്തിയിരുന്നു. പരിശോധനകളും നടത്തി. സ്‌കൂളിലെ കുട്ടികളാണ് ഭീതിയുണ്ടാക്കുന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ. നിലവിൽ കേസെടുത്തിട്ടില്ല. തിങ്കളാഴ്ച വീണ്ടും സ്‌കൂളിലെത്തി മൊഴി എടുക്കാനാണ് പൊലീസ് തീരുമാനം.
മറുനാടന് മലയാളി ബ്യൂറോ