ഡബ്ലിൻ: അഞ്ചിൽ ഒരു കുടുംബത്തിന് അധികബാധ്യത സൃഷ്ടിച്ചുകൊണ്ട് അടുത്ത ജനുവരി മുതൽ ലോക്കൽ പ്രോപ്പർട്ടി ടാക്‌സ് ബിൽ വർധിപ്പിക്കാൻ തീരുമാനം. ലീമെറിക് സിറ്റി, മയോ, വെസ്‌റ് മീത്ത്, കോർക്ക് കൗണ്ടികളിലുമുള്ള നാലു ലക്ഷത്തോളം കുടുംബങ്ങൾക്കാണ് ലോക്കൽ പ്രോപ്പർട്ടി ടാക്‌സ് ബില്ലിൽ വർധന വരുത്തുന്നതു മൂലം അധികഭാരം ഉണ്ടാകാൻ പോകുന്നതെന്ന് റിപ്പോർട്ട്.

മൂന്നു മുതൽ അഞ്ചു ശതമാനം വരെ വർധനയാണ് എൽപിടിയിൽ വർധന വരുത്താൻ കൗൺസിലുകൾ തീരുമാനിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ  ബാധ്യത ഉണ്ടാകുക വിക്ലോയിലുള്ളവർക്കാണ്. എൽപിടിയിൽ 2015 വർഷത്തിൽ നടപ്പാക്കിയിരുന്ന 15 ശതമാനം ഇളവ് പിൻവലിക്കാൻ ലോക്കൽ അഥോറിറ്റികൾ തീരുമാനിച്ചതോടെയാണ് നാലു ലക്ഷത്തോളം കുടുംബങ്ങളെ സാരമായി ഇതു ബാധിക്കുക.

ഒരു മില്യൺ യൂറോ വരെയുള്ള പ്രോപ്പർട്ടികൾക്ക് 0.18 ശതമാനവും അതിനു മുകളിൽ വിലയുള്ള പ്രോപ്പർട്ടികൾക്ക് 0.25 ശതമാനവും കണക്കാക്കിയാണ് ലോക്കൽ പ്രോപ്പർട്ടി ടാക്‌സ് ഈടാക്കുക. ഇത് അടിസ്ഥാന റേറ്റ് ആയി കണക്കാക്കി താഴേയ്ക്കും മുകളിലേക്കുമുള്ള വിലയ്ക്ക് മാക്‌സിമം 15 ശതമാനമാണ് ടാക്‌സ് ഈടാക്കിക്കൊണ്ടിരുന്നത്. എന്നാൽ ഇപ്രകാരമുള്ള നടപടികളിൽ ലോക്കൽ കൗൺസിലുകളിൽ സെപ്റ്റംബർ 30നു മുമ്പ് തീരുമാനമെടുക്കേണ്ടിയിരുന്നതാണ്.  എന്നാൽ ഇത്തരത്തിലുള്ള ഈ ഇളവ് ഇനി തുടരേണ്ടതില്ലെന്നാണ് കൗൺസിലുകൾ തീരുമാനിച്ചത്.

ഇതിനെ തുടർന്ന് ഈ കൗണ്ടികളിലുള്ള കുടുംബങ്ങൾക്ക് എൽപിടി ഇനത്തിൽ അധിക അടവ് വേണ്ടിവരും. അഞ്ചു കൗണ്ടികളിലാണ് ടാക്‌സ് വർധന നടപ്പാക്കുക. ലീമെറിക്ക് സിറ്റിയിലും കൗണ്ടിയിലും ഈ വർഷം റേറ്റ് മൂന്നു ശതമാനമായി കുറച്ചിരുന്നുവെങ്കിലും അടുത്ത വർഷം മുഴുവൻ റേറ്റും നൽകേണ്ടി വരും. മയോയിലുള്ള ഏതാണ് 57,800 കുടുംബങ്ങളും വെസ്റ്റ് മീത്തിലുള്ള 34,500 കുടുംബങ്ങളും ഇത്തരത്തിൽ റേറ്റ് വർധന നേരിടേണ്ടതായി വരും.