- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റുള്ളവർക്കും അനുമതി
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിര്‌ഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഞായറാഴ്ച നടക്കാനിരിക്കെ കർശന നിയന്ത്രണങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റോ ഇല്ലാതെ സ്ഥാനാർത്ഥികളേയും ഏജന്റുമാരേയും വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കില്ല. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് തീരുമാനം.
48 മണിക്കൂറിനുള്ളിൽ ആന്റിജൻ/ആർടിപിസിആർ പരിശോധന നടത്തിയ സർട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്. വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ ആളുകൾ കൂടി നിൽക്കരുതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ ഉത്തരവിൽ നിർദേശിക്കുന്നുണ്ട്.
വോട്ടെണ്ണൽ ദിനത്തിൽ ആഹ്ലാദ പ്രകടനങ്ങൾ നടത്തരുതെന്നും കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിരുന്നു. ഏജന്റുമാരുടെ പേരുവിവരങ്ങൾ മൂന്ന് ദിവസത്തിന് മുന്നിൽ ഹാജരാക്കാനും നിർദേശമുണ്ട്.
വിജയിച്ച സ്ഥാനാർത്ഥികൾ റിട്ടേണിങ് ഓഫീസറുടെ അടുത്തുനിന്ന് സർട്ടിഫിക്കറ്റുവാങ്ങാൻ പോകുമ്പോൾ രണ്ടുപേർ മാത്രമേ ഒപ്പം പോകാവൂ. അല്ലെങ്കിൽ സ്ഥാനാർത്ഥികളുടെ പ്രതിനിധികളായിരിക്കണം സർട്ടിഫിക്കറ്റു വാങ്ങേണ്ടതെന്നും കമ്മിഷൻ നിർദേശിച്ചു.
കേരളം, ബംഗാൾ, അസം, തമിഴ്‌നാട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലുമാണ് മെയ് രണ്ടിന് വോട്ടെണ്ണുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കമ്മിഷൻ വൻ റാലികൾ അനുവദിച്ചതും കോവിഡ് പ്രോട്ടോക്കോൾ നിർബന്ധമാക്കാത്തതുമാണ് കോവിഡ് വ്യാപനത്തിന് ഇടയാക്കിയതെന്ന് കൽക്കത്ത, മദ്രാസ് ഹൈക്കോടതികൾ വിമർശിച്ചിരുന്നു.