ന്യൂഡൽഹി: ജമ്മു കശ്മീരിൽ തൂക്കുസഭയ്ക്കു കളമൊരുക്കി വോട്ടെടുപ്പുഫലം. ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ കശ്മീർ നിലകൊണ്ടപ്പോൾ ഝാർഖണ്ഡിൽ ഭരണം ഉറപ്പിച്ച് ബിജെപിയുടെ പടയോട്ടം.

വോട്ടെണ്ണൽ അവസാന ഘട്ടത്തിലെത്തിയപ്പോൾതന്നെ കേവല ഭൂരിപക്ഷം എന്ന ലക്ഷ്യത്തിലേക്ക് ഝാർഖണ്ഡിൽ ബിജെപി എത്തിയിരുന്നു. ലീഡുനില മാറിമറിഞ്ഞുവന്ന കശ്മീരിൽ ആർക്കും കേവല ഭൂരിപക്ഷ്യത്തിലേക്ക് എത്താനായില്ല.

ഝാർഖണ്ഡിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു മുന്നണി ഭരണത്തിന് വേണ്ട കേവല ഭൂരിപക്ഷം തെരഞ്ഞെടുപ്പിൽ നേടുന്നത്. ലീഡ് നിലമാറിമറിഞ്ഞത് പലഘട്ടത്തിലും ബിജെപി ഭൂരിപക്ഷം കുറച്ചു. എന്നാൽ അവസാന നിമിഷത്തിൽ 41 സീറ്റിലെത്താൻ ബിജെപിക്കു കഴിഞ്ഞു.

ബിജെപിയും പിഡിപിയും ഇഞ്ചോടിഞ്ചു മുന്നേറ്റം നടത്തിയ കശ്മീരിൽ ഒടുവിൽ കളമൊരുങ്ങിയത് തൂക്കുസഭയ്ക്കാണ്. ശക്തമായ ചതുഷ്‌കോണ മത്സരം നടന്നതിനാൽ പല സീറ്റിലും ലീഡ് നില മാറിമറയുകയായിരുന്നു. ജമ്മു മേഖലയിൽ ബിജെപിയും കശ്മീർ താഴ്‌വരയിൽ പിഡിപിയും ആധിപത്യം നേടി. ലഡാക്കിൽ കോൺഗ്രസ് ആധിപത്യമാണ്. ഏതായാലും പിഡിപി സർക്കാരിനാണ് കശ്മീരിൽ സാധ്യത തെളിയുന്നത്. സർക്കാർ രൂപീകരിക്കുകയാണെങ്കിൽ പിഡിപിക്ക്ു പിന്തുണ നൽകാമെന്ന നിലപാടിലാണ് കോൺഗ്രസ്.

പിഡിപിയും കോൺഗ്രസും ചേർന്നാൽ ഭൂരിപക്ഷം ഉറപ്പിക്കാവുന്നതേ ഉള്ളൂ. അതേസമയം, പിഡിപിയെ പിന്തുണയ്ക്കാൻ ബിജെപിയും തയ്യാറാകുമെന്ന സൂചനയുമുണ്ട്. കോൺഗ്രസ് മുക്തഭാരതമെന്ന തരത്തിൽ ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ നടത്തിയ പ്രസ്താവനകൾ കശ്മീരിലെ വിവിധ സഖ്യസാധ്യതകളാണ് തുറന്നിടുന്നത്. ആരുടെ പിന്തുണ പിഡിപി സ്വീകരിക്കുമെന്നതാണ് ഇക്കാര്യത്തിൽ നിർണായകമാകുക.

ജമ്മു കാശ്മീർ(87/87)
പിഡിപി-28
ബിജെപി-25
കോൺഗ്രസ്-12
നാഷണൽ കോൺഫറൻസ്-16
മറ്റുള്ളവർ-6

ജാർഖണ്ഡ്(81/81)
ബിജെപി-42
കോൺഗ്രസ്-8
ജെഎംഎം-17
ജെവി എം-6
മറ്റുള്ളവർ-8

വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതലേ കാശ്മീരിൽ ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. എക്‌സിറ്റ് പോൾ ഫലങ്ങളെ മറികടന്ന് പിടിച്ചു നിൽക്കാൻ കോൺഗ്രസിനായി. എന്നാൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിൽ മത്സരിച്ച നാഷണൽ കോൺഫറൻസ് തീരെ പിറകെ പോയി. എങ്കിലും രണ്ടക്കം സീറ്റുകൾ ജയിക്കാനായി. മത്സരിച്ച ഒരിടത്ത് ഒമർ തോറ്റതും നാഷണൽ കോൺഫറൻസിന് തിരിച്ചടിയായി. സജാദ് ലോണിന്റെ പാർട്ടിയും ബിജെപി പിന്തുണയോടെ നേട്ടമുണ്ടാക്കി.

ഝാർഖണ്ഡിൽ ബിജെപിക്ക് നേരിയ മുൻതൂക്കമേ ലഭിച്ചുള്ളൂ. എ.ജെ.എസ്.യു, ലോക്ജനശക്തി പാർട്ടി എന്നിവരുമായി ചേർന്ന് സഖ്യമായാണ് ബിജെപി ഝാർഖണ്ഡിൽ ജനവിധി തേടിയത്. 81 അംഗ നിയമസഭയിൽ 72 സീറ്റിലാണ് ബിജെപി സ്ഥാനാർത്ഥിയെ നിർത്തിയത്. ഒമ്പത് സീറ്റുകൾ സഖ്യകക്ഷികൾക്ക് നൽകി. ഇപ്പോഴത്തെ ലീഡ് നിലപ്രകാരം സഖ്യകക്ഷികളുടെ പിന്തുണയോടെ ബിജെപിക്ക് ഭരിക്കാൻ കഴിയും. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ 56 സീറ്റിന്റെ ലീഡ് വരെ ബിജെപിക്ക് ലഭിച്ചു.

കാഷ്മീരിലും ഝാർഖണ്ഡിലും അഞ്ചു ഘട്ടങ്ങളിലായാണു തെരഞ്ഞെടുപ്പു നടന്നത്. കാഷ്മീരിൽ ഒരു കക്ഷിക്കും ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടില്ലെന്നാണ് എക്‌സിറ്റ് പോൾ പ്രവചനം. പിഡിപിയും ബിജെപിയും ഇവിടെ ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തിലാണ്. അതേസമയം, ഝാർഖണ്ഡിൽ ബിജെപി ഒറ്റയ്ക്കു ഭൂരിപക്ഷം നേടുമെന്നാണു പ്രവചനം.

കാഷ്മീരിൽ 87ഉം ഝാർഖണ്ഡിൽ 81 സീറ്റുകളുമാണുള്ളത്. തീവ്രവാദിമാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിലും കാഷ്മീരിലും ഝാർഖണ്ഡിലും ഉയർന്ന പോളിംഗാണു രേഖപ്പെടുത്തിയത്. ഇരു സംസ്ഥാനങ്ങളിലും അഞ്ചു ഘട്ടങ്ങളിലായി 66 ശതമാനം പേരാണു വോട്ട് രേഖപ്പെടുത്തിയത്. കാഷ്മീരിൽ 1987നു ശേഷം ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് ഇത്തവണയാണ്.