ഹിസ്സാർ/ മുംബൈ: ബിജെപി കരുത്തുകാട്ടിയ മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ വൻ നേതാക്കളും പരാജയം രുചിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച സാവിത്രി ജിൻഡാലിനും നാരായൺ റാണെയും പരാജയപ്പെട്ടപ്പോൾ ഭൂപീന്ദർ സിങ് ഹൂഡയും പൃഥ്വിരാജ് ചവാനും ജയിച്ചു കയറി. എൻസിപി നേതാവ് അജിത് പവാറും വിജയിച്ചു. നാരായൺ റാണെ പരാജയപ്പെട്ടപ്പോൾ മകുൻ നിതേഷ് റാണെ വിജയിച്ചു. കുദാൽ മണ്ഡലത്തിൽ ശിവസേനയുടെ വൈഭവ് നായികിനോടാണ് നാരായൺ റാണെ തോറ്റത്.

ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നയായ വനിതയായ സാവത്രി ജിൻഡാലിന്റെ തോൽവിയാണ് കോൺഗ്രസിന് കനത്ത തിരിച്ചടിയായത്. ഹിസാർ മണ്ഡലത്തിൽ മത്സരിച്ച സാവിത്രി പതിമൂവായിരത്തിലേറെ വോട്ടിനാണ് തോൽവി രുചിച്ചത്. മുൻ മന്ത്രി കൂടിയായ സാവിത്രി മുൻ എംപി നവീൻ ജിൻഡാലിന്റെ അമ്മയാണ്.

വിജയപ്രതീക്ഷയുമായി ഇറങ്ങിയ സാവിത്രി മൂന്നാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. ലോക്‌സഭയിലേക്ക് കുരുക്ഷേത്രയിൽനിന്ന് ഇത്തവണ വീണ്ടും മത്സരിച്ച നവീൻ ജിൻഡാലും തോറ്റിരുന്നു. ഇന്ത്യയിലെ പ്രമുഖ സ്റ്റീൽ കമ്പനികളിലൊന്നായ ജിൻഡാൽ സ്റ്റീലിന് നേതൃത്വം നൽകുന്ന ജിൻഡാൽ ഗ്രൂപ്പിന്റെ നോൺ എക്‌സിക്യൂട്ടീവ് ചെയർപേഴ്‌സൺ ആണ് സാവിത്രി.

മഹാരാഷ്ട്രയിൽ മുൻ മുഖ്യമന്ത്രി നാരായൺ റാണെയെ കൂടാതെ 12 മന്ത്രിമാരും തോറ്റു. അതേസമയം ബിജെപി നേതാക്കൾ വിജയിച്ചു കയറുകയും ചെയ്തു. പങ്കജ മുണ്ടെയും വിജയിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തേക്ക് പോലും പങ്കജ മുണ്ടെയെ പരിഗണിക്കുന്നുണ്ട്. ഹരിയാനയിൽ ബിജെപി നേതാവ് ക്യാപ്ടൻ അഭിമന്യുവും വിജയിച്ചു.