പറവൂർ: പെട്രോൾ പമ്പിലെ മോഷണം ദമ്പതികൾ പിടിയിൽ. തൃശ്ശൂർ പട്ടിക്കാട് ചെമ്പുത്ര പുഴക്കൽപറമ്പിൽ വീട്ടിൽ ജോസ്‌ന മാത്യു (22) ഇവരുടെ ഭർത്താവ് റിയാദ് (22) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച പുലർച്ചെ ചെറായി ജംഗ്ഷനിലെ രംഭ ഫ്യൂവൽസ് എന്ന പെട്രോൾ പമ്പിൽ നിന്നും ഓഫീസ് മുറി കുത്തിത്തുറന്ന് 1.35 ലക്ഷം രൂപയും മൊബൈൽ ഫോണുമാണ് മോഷ്ടിച്ചത്. അത്താണിയിലുള്ള ലോഡ്ജിൽ നിന്നുമാണ് മുനമ്പം പൊലീസ് പിടികൂടിയത്.

പ്രതികൾ പെട്രോൾ പമ്പിലെത്തുന്നതിനും തിരികെ പോരുന്നതിനും ഉപയോഗിച്ച മാരുതി കാറും പെട്രോൾ പമ്പ് കുത്തിത്തുറക്കാൻ ഉപയോഗിച്ച സ്‌ക്രൂ ഡ്രൈവറും കണ്ടെടുത്തു. ലഭിച്ച സി.സി.റ്റി.വി ദൃശ്യങ്ങളിൽ നിന്ന് രണ്ട് പ്രതികളിൽ ഒരാൾ സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് നടത്തിയ ശാസ്ത്രീയ വിശകലനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

ഒന്നാം പ്രതി റിയാദ് എറണാകുളം, തൃശ്ശൂർ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇരുപതിൽ അധികം മോഷണ കേസുകളിൽ പ്രതിയാണ്. ആലങ്ങാട് ഭാഗത്തും, തൃശ്ശൂരും, കുന്നംകുളത്തും സമാനമായ രീതിയിൽ നടന്ന പെട്രോൾ പമ്പ് കുത്തിത്തുറന്ന കേസ്സുകളിലെ പ്രതിയാണെന്ന് സംശയിക്കുന്നു.

എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ അഞ്ച് സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ 48 മണിക്കൂറിനുള്ളിൽ പിടികൂടാനായത്. മുനമ്പം ഡി.വൈ.എസ്‌പി റ്റി.ആർ.രാജേഷ്, മുനമ്പം ഇൻസ്‌പെക്ടർ എ.എൽ. യേശുദാസ്, എസ്‌ഐ അരുൺദേവ്, സുനിൽകുമാർ, രാജീവ്, രതീഷ് ബാബു, ബിജു, എഎസ്ഐ സുനീഷ് ലാൽ, സുരേഷ് ബാബു, സി.പി.ഒ മാരായ ആസാദ്, അഭിലാഷ്, ജിനി, ലെനീഷ്, പ്രശാന്ത്, ശരത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.