ആലത്തൂർ: കേരളത്തിലും തമിഴ്‌നാട്ടിലുമായി ചുറ്റിക്കറങ്ങി നടന്ന് മോഷണം നടത്തി പോന്ന 27കാരിയായ യുവതിയും ഭർത്താവും പൊലീസ് പിടിയിൽ. അമ്പതോളം വീടുകൾ കുത്തിത്തുറന്ന് വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ച കേസിൽ പൊള്ളാച്ചി സ്വദേശി പൂച്ചാണ്ടി ഗോവിന്ദരാജ് (പൂച്ചാണ്ടി-43), ഭാര്യ ശാന്തിമോൾ (27) എന്നിവരെ ആലത്തൂർ പൊലീസ് അറസ്റ്റുചെയ്തു. ഇരുവരും ഏഴുവർഷമായി കാവശ്ശേരി വാവുള്ള്യാപുരം മണലാടിക്കുഴിയിൽ താമസിച്ചു വരികയാണ്. തമിഴ്‌നാട്ടിലും കേരളത്തിലുമായി അൻപതോളം മോഷണക്കേസുകളിൽ ഇവർക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.

കാവശ്ശേരി പ്രദേശത്തെ ആളുകളില്ലാത്ത വീടുകളിൽ അടുത്തിടെ തുടർച്ചയായി സമാനരീതിയിൽ മോഷണം നടന്നതാണ് പ്രതികളെ കുടുക്കിയത്. പ്രാദേശികമായി സ്ഥലപരിചയമുള്ളവരാണ് മോഷണത്തിന് പിന്നിലെന്ന നിഗമനത്തിൽ പൊലീസ് നടത്തിയ അന്വേഷണമാണ് ദമ്പതിമാരിലെത്തിയത്. ഇവരുടെ വീട്ടിൽ നിന്നും നാല് ബൈക്കുകൾ, ആറ് ടെലിവിഷൻ, മൊബൈൽ ഫോൺ, വസ്ത്രങ്ങൾ എന്നിവ പൊലീസ് കണ്ടെടുത്തു.

കാവശ്ശേരി കഴനിചുങ്കത്തെ സംയുക്ത ചുമട്ടുതൊഴിലാളി യൂണിയൻ ഓഫീസിൽനിന്ന് ടെലിവിഷൻ, അത്തിപ്പൊറ്റ വിചിത്രയിൽ കുമരപ്പന്റെ വീട്ടിൽനിന്ന് വീട്ടുപകരണങ്ങൾ എന്നിവ മോഷ്ടിച്ചത് ഇവരാണെന്ന് സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു. കാവശ്ശേരി വടക്കേനട ദേവീകൃപയിൽ സുന്ദരേശന്റെ വീട്, സമീപത്തെ പെട്ടിക്കട, കാവശ്ശേരി നവനീതത്തിൽ രാധാകൃഷ്ണന്റെ വീട്, പഞ്ചായത്തോഫീസിന് സമീപം മണി, സുധാകരൻ എന്നിവരുടെ കടകൾ, പെട്രോൾ പമ്പിന് സമീപം കൃഷ്ണദാസിന്റെ വീട്, സുകുമാരന്റെ വീട് എന്നിവിടങ്ങളിൽ മോഷണശ്രമം നടത്തി.

പകൽ അടച്ചിട്ട വീടുകൾ നീരീക്ഷിച്ച് രാത്രിയിൽ മോഷണം നടത്തുന്നതായിരുന്നു ഇവരുടെ രീതി. വീട്ടുകാർ ഒന്നോ രണ്ടോ ദിവസത്തേക്ക് എന്തെങ്കിലും ആവശ്യത്തിനോ ബന്ധുവീട്ടിലോ പോകുന്ന അവസരമാണ് മുതലാക്കുക. ഇരുവരും ബൈക്കിൽ കറങ്ങി നടന്ന് ഇത്തരം വീട് കണ്ടുവെക്കും. രാത്രിയിൽ പൂട്ടുപൊളിച്ച് അകത്തു കടന്ന് സാധങ്ങൾ വലിച്ചുവാരി പരിശോധിച്ച് വിലപിടിപ്പുള്ളതുമാത്രം തിരഞ്ഞെടുക്കും. മോഷണത്തിന് പുറത്തുനിന്നുള്ള കൂട്ടാളികളെ ആശ്രയിക്കാത്തതിനാൽ രഹസ്യം ചോരുകയുമില്ല.

മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിന് സമീപം ഡോക്ടർമാരെ വീടുകളിൽ കാണാനെത്തുന്നവരുടെ ബൈക്ക് മോഷ്ടിക്കുന്നതായിരുന്നു മറ്റൊരു രീതി. മോഷണം നടത്തി പണമുണ്ടാക്കാൻ പ്രേരിപ്പിക്കുകയും മോഷണമുതൽ ഒളിപ്പിക്കാനും വിൽക്കാനും സഹായിക്കുകയുമാണ് ശാന്തിമോൾ ചെയ്തിരുന്നതെന്ന് പൊലീസ് അറിയിച്ചു.

തൃശ്ശൂർ മെഡിക്കൽ കോളേജിന് സമീപത്തുനിന്ന് നാല് മോട്ടോർ സൈക്കിളുകൾ മോഷ്ടിച്ചതും തെളിഞ്ഞു. മലപ്പുറം മഞ്ചേരി, തൃശ്ശൂർ മുളങ്കുന്നത്തുകാവ്, പാലക്കാട് സൗത്ത് എന്നീ സ്റ്റേഷനുകളിൽ ഇവർക്കെതിരേ കേസുണ്ട്. തെളിവെടുപ്പിനുശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സിഐ. കെ.എ. എലിസബത്ത്, പാലക്കാട് ഡി.സി.ആർ.ബി. എസ്‌ഐ. എസ്. അനീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ഷാജു, ഉവൈസ്, ജോഷർ, ശിവദാസ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സൂരജ് ബാബു, കൃഷ്ണദാസ്, റഹീം മുത്ത്, സന്ദീപ്, ദിലീപ് എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.