കൊച്ചി: കേരളത്തിന് പുറത്തുള്ള എൻജിനീയറിങ് കോളേജുകളിൽ സീറ്റുകൾ വാഗ്ദാനം ചെയ്ത പലരിൽ നിന്നുമായി പത്ത് കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ സീരിയൽ നടിയും ഭർത്താവും അറസ്റ്റിലായി. പത്തനംതിട്ട റാന്നി കരികുളം മുറിയിൽ മാളിയേക്കൽ ജയേഷ് ജെ കുമാർ (37), ഭാര്യ രാരി ജയേഷ് (27) എന്നിവരെയാണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റു ചെയ്തത്. ഇരുന്നൂറോളം വിദ്യാർത്ഥികളിൽ നിന്നായി ലക്ഷങ്ങൾ വാങ്ങിയ ഇവർ 10 കോടിയിലേറെ രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നത്. ആന്ധ്രയിലെ പ്രമുഖ വിദ്യാഭ്യാസസ്ഥാപനമായ ആദിത്യ ഗ്രൂപ്പ് ഓഫ് എൻജിനിയറിങ് ഇൻസ്റ്റിറ്റിയൂഷൻസിന്റെ പേരിനോട് സാമ്യമുള്ള ആദിത്യ ഇൻസ്റ്റിറ്റിയൂഷൻസ് എന്നുപേരിട്ടുകൊണ്ടാണ് ദമ്പതിമർ തട്ടിപ്പു നടത്തിയത്.

സീറ്റ് അന്വേഷിച്ചെത്തുന്നവർക്ക് പ്രവേശനം ഉറപ്പുനൽകി സർട്ടിഫിക്കറ്റുകൾ വാങ്ങിയശേഷം രണ്ടും മൂന്നും ലക്ഷം രൂപ മുൻകൂറായി വാങ്ങുകയായിരുന്നു പതിവ്. പണം തിരികെ ലഭിക്കില്ലെന്ന് ഒപ്പിട്ടുവാങ്ങുകയും ചെയ്തിരുന്നു. ഇപ്രകാരം പ്രമുഖ കോളേജിലേക്ക് അഡ്‌മിഷൻ തേടിയെത്തിയവർ കബളിക്കപ്പെടുകയായിരുന്നു. ഹൈദരാബാദിൽനിന്ന് 200 കിലോമീറ്റർ അകലെ അഡിസുമല്ലി കോളേജിലാണ് ഇവർ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിയത്. ഈ കോളേജിന് അംഗീകാരമില്ലെന്ന് അവിടെയെത്തിയവർ കണ്ടെത്തിയതോടെയാണ് ദമ്പതിമാരുടെ തട്ടിപ്പ് പുറംലോകം കണ്ടത്.

ലാബുകളും മറ്റ് സൗകര്യങ്ങളും ഇല്ലാത്ത കോളേജ്‌കെട്ടിടം ജയേഷ് വാടകയ്‌ക്കെടുത്ത് എൻജിനീയറിങ് കോളേജെന്ന് പ്രതീതി സൃഷ്ടിക്കുകയായിരുന്നു. പ്രവേശനം നേടി അവിടെയെത്തിയ വിദ്യാർത്ഥികളും അന്വേഷിച്ചെത്തിയ രക്ഷിതാക്കളും പ്രതിഷേധിച്ചതോടെ ഗുണ്ടകളെ ഉപയോഗിച്ചു ഭീഷണിപ്പെടുത്തി. വിദ്യാർത്ഥികളിൽ ഒരുസംഘത്തെ ഹൈദരാബാദിലെ മലയാളിസമാജം പ്രവർത്തകർ ഇടപെട്ട് നാട്ടിലെത്തിക്കുകയായിരുന്നു. ഇവരുടെ സർട്ടിഫിക്കറ്റുകൾ തിരികെ ചോദിച്ചപ്പോൾ ദമ്പതിമാർ വീണ്ടും പണം ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

തുടർന്ന് തൃക്കാക്കര അസി. കമ്മീഷണർ ബിജോ അലക്‌സാണ്ടറുടെ നിർദ്ദേശപ്രകാരം സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സർട്ടിഫിക്കറ്റുകൾ തിരികെ കിട്ടാൻ പണവുമായെത്തിയ രക്ഷിതാവെന്ന വ്യാജേന പൊലീസ് ജയേഷിനെ ബന്ധപ്പെടുകയും പനമ്പിള്ളിനഗറിലെ ഓഫീസിലേക്ക് ആഡംബരകാറിലെത്തിയ ഇരുവരെയും പിടികൂടുകയുമായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കൂടുതൽ പേർ ഇത്തരത്തിൽ ഇവരുടെ തട്ടിപ്പിന് ഇരയായതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

ആഡംബരജീവിതം നയിക്കുന്ന ദമ്പതിമാർക്ക് ബെൻസ് ഉൾപ്പെടെ ആഡംബരവാഹനങ്ങളും പല സ്ഥലത്തും ഭൂമിയും ഉള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തൃക്കാക്കര അസി. കമീഷണർ ബിജോ അലക്‌സാണ്ടറുടെ നിർദ്ദേശപ്രകാരം എറണാകുളം സൗത്ത് എസ്‌ഐ വി ഗോപകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഇവരുടെ ഓഫീസിൽ നിന്നും സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി രേഖകളും വിദ്യാർത്ഥികളുടെ സർട്ടിഫികറ്റുകളും ഇവിടെ നിന്നും കണ്ടെടുത്തു.

പ്രമുഖ ചാനലുകളിൽ ടിവിയിൽ വിദ്യാഭ്യസ പരിപാടി നടത്തിയും ഇവർ നിരവധി വിദ്യാർത്ഥികളെ തട്ടിപ്പിനിരയാക്കിയതായി തെളിഞ്ഞിട്ടുണ്ട്. കവിതാ പിള്ള ഉൾപ്പെട്ട സ്വാശ്രയ മെഡിക്കൽ സീറ്റ് തട്ടിപ്പ് കേസിലെ രണ്ടാംപ്രതി റാഷ് ലാലിന്റെ സഹോദരിയാണ് രാരി. സീരിയൽ സിനിമാ രംഗത്തും ഇവർ പ്രവർത്തിച്ചുണ്ടെന്ന് പൊലീസ് പറഞ്ഞു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർ സ്വത്ത് വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇവരുടെ പേരിലുള്ള മൂന്ന് ബാങ്ക് അക്കൗണ്ടുകളുടെ പരിശോധനയും തുടങ്ങി. വിവിധ രാഷ്ട്രീയ പാർട്ടികളിലെ ഉന്നതരുമായി ബന്ധമുള്ള ഇവർ,ആർക്കെല്ലാം പണം കൈമാറിയിട്ടുണ്ടെന്നും പൊലീസ് പരിശോധിച്ചു വരികയാണ്. ഈ ബന്ധങ്ങൾ തട്ടിപ്പിന് ഉപോയഗിച്ചതായും പൊലീസ് സംശയിക്കുന്നു. എന്നാൽ ഇവരുമായുള്ള ബിസിനസ് ബന്ധം പൊലീസ് അന്വേഷിച്ചു വരികയാണ്.

ടെലിവിഷൻ ചാനലുകളിലെ സ്ലോട്ട് വിലക്കുവാങ്ങിയായിരുന്നു ഇവർ ആളുകളെ വലയിൽ വീഴ്‌ത്തിയത്. ദമ്പതികൾ ആണെന്ന കാര്യം മറച്ചുവച്ച് രാരിയെ അവതാരികയാക്കിയും ജയേഷിനെ വിദ്യാഭ്യാസ കൺസൽ്ടന്റ് ആക്കിയുമിയരുന്നു പരിപാടി. ഇതിലൂടെ നിരവധി വിദ്യാർത്ഥികളെ ബിസിനസിലേക്ക് ആകർഷിച്ച് തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും.