കെയ്റോ: പൂർണ നഗ്നരായി പിരമിഡിന് മുകളിൽ കയറി നിന്ന് ആലിംഗനം. നിമിഷങ്ങൾക്കകം ഫോട്ടോയും വീഡിയോയും പകർത്തി ഇന്റർനെറ്റിൽ പ്രചരിപ്പിച്ചു. സംഭവത്തിന് പിന്നാലെ ഡാനിഷ് ദമ്പതികൾക്ക് വേണ്ടി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് ഈജിപ്ഷ്യൻ അധികൃതർ. ഗിസയിലെ ഗ്രേറ്റ് പിരമിഡിലായിരുന്നു യുവ ദമ്പതികളുടെ സാഹസികത. അർധരാത്രി നക്ഷത്രങ്ങൾ ആകാശത്ത് തിളങ്ങിനിൽക്കുന്ന കെയ്റോയുടെ പശ്ചാത്തലത്തിലാണ് യുവദമ്പതികൾ പിരമിഡിൽ വലിഞ്ഞുകയറുന്ന ദൃശ്യങ്ങളുള്ളത്.

പിരമിഡിന്റെ മുകളിലെത്തിയപ്പോൾ വസ്ത്രങ്ങളൂരി നഗ്‌നരായി ഇവർ ആലിംഗനം ചെയ്തെന്നാണ് റിപ്പോർട്ട്. പുരാവസ്തു വകുപ്പ് മന്ത്രി നേരിട്ടാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. 'രണ്ട് വിദേശീയർ പിരമിഡിൽ വലിഞ്ഞുകയറുന്ന ദൃശ്യങ്ങൾ കണ്ടു. തുടർന്ന് നടന്നതും സന്മാർഗികതയ്ക്ക് വിരുദ്ധമാണ്. സത്യമെന്താണെന്ന് കണ്ടെത്തി നടപടികൾ സ്വീകരിക്കേണ്ടതാണ്.' മന്ത്രിയെ ഉദ്ധരിച്ച് പുരാവസ്തു വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

ഈജിപ്ത് വാർത്താസൈറ്റായ അഹ്രാം ഓൺലൈൻ റിപ്പോർട്ട് ചെയ്തത് അനുസരിച്ച് ഡാനിഷ് ഫോട്ടോഗ്രാഫർ ആയ ആൻഡ്രിയാസ് ഹേവിഡ് ആണ് വീഡിയോ യൂ ട്യൂബിൽ അപ്ലോഡ് ചെയ്തത്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. പിരമിഡുകളിൽ വലിഞ്ഞുകയറുന്നതും ന്യൂഡ് ഫോട്ടോഗ്രഫിയും ഈജിപ്തിൽ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങളാണ്.