ചണ്ഡീഗഢ്: തന്നെയും പ്രായപൂർത്തിയാകാത്ത മകനെയും ഇസ്ലാം മതം സ്വീകരിക്കാൻ ഭാര്യയും ഭാര്യയുടെ കുടുംബവും നിർബന്ധിക്കുന്നു എന്ന പരാതിയുമായി സിഖ് യുവാവ്. 36 കാരൻ നൽകിയ പരാതിയിൽ ജൂലായ് 20ന് കേസ് പരിഗണിക്കുമ്പോൾ ഹാജരാകണമെന്ന് കാണിച്ച് ഭാര്യയ്ക്കും കുടുംബത്തിനും കോടതി നോട്ടീസ് അയച്ചു. അഭിഭാഷകൻ ദീക്ഷിത് അറോറ മുഖേന സമർപ്പിച്ച സിവിൽ സ്യൂട്ടിൽ, താൻ സിഖുകാരനാണെന്നും ഭാര്യയും കുടുംബവും മുസ്ലിം മത വിശ്വാസികളാണെന്നും ഇയാൾ പറയുന്നു.

2008ൽ ചണ്ഡീഗഢിലെ ഒരു ജുവലറിയിൽ സ്റ്റോർ മാനേജറായി ജോലിചെയ്യുന്നതിനിടെയാണ് യുവാവ് അവിടെ സെയിൽസ് ഗേൾ ആയി ജോലിചെയ്തിരുന്ന യുവതിമായി പരിചയത്തിലായത്. ഇരുവരും സുഹൃത്തുക്കളായതിനു പിന്നാലെ യുവതി വിവാഹാഭ്യർത്ഥന നടത്തുകയായിരുന്നു. ഇരുവരും രണ്ടു മതത്തിൽ പെട്ടവരായതിനാൽ യുവാവ് ആദ്യം ഈ നിർദ്ദേശം നിരസിച്ചു. എന്നാൽ, തന്റെ മതവികാരങ്ങളിലും മൂല്യങ്ങളിലും ഒരിക്കലും ഒരു തടസം സൃഷ്ടിക്കില്ലെന്ന് അവർ ഉറപ്പുനൽകിയതോടെ 2008 ൽ തന്നെ അമൃത്സറിൽ സിഖ് ആചാരാനുഷ്ഠാനങ്ങൾ അനുസരിച്ച് ഇരുവരും വിവാഹിതരായി.

വിവാഹത്തിനു പിന്നാലെ വാക്ക് തെറ്റിച്ച ഭാര്യയും കുടുംബവും ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിക്കുകയായിരുന്നു. ഇതേത്തുടർന്ന് 2008 മുതൽ 2011 വരെ നാടുവിട്ട് ഡൽഹിയിലാണ് യുവാവ് താമസിച്ചത്. പിന്നീട് പഞ്ചാബിലേക്ക് മടങ്ങിയെത്തി നാല് വർഷത്തോളം അമൃത്സറിൽ താമസിച്ചു. 2012 ൽ ഭാര്യ ഒരു ആൺകുട്ടിയെ പ്രസവിച്ചു. കുട്ടിയെ ഇസ്ലാം മതത്തിലേക്ക് ചേർക്കാൻ ഭാര്യാ കുടുംബം ശ്രമിച്ചതായും പരാതിയിൽ പറയുന്നു.

ഭാര്യയുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ച് യുവാവ് 2016 ൽ ചണ്ഡിഗഢിലേക്ക് മാറി. അതിനുശേഷം, വിവാഹജീവിതത്തിൽ ഭാര്യയുടെ കുടുംബത്തിന്റെ സജീവമായ ഇടപെടൽ ഉണ്ടായിരുന്നു. ഇസ്ലാം മതം സ്വീകരിക്കാൻ തയ്യാറാകാത്തതിനാൽ തർക്കത്തിൽ ഏർപ്പെടാൻ ഭാര്യയെ പ്രേരിപ്പിച്ചതായും അദ്ദേഹം ആരോപിച്ചു. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഭാര്യ തന്നെ ഇസ്ലാം മതത്തിലേക്ക് മാറാൻ നിർബന്ധിക്കുന്നത്. തന്നെ പലപ്പോഴും ഭാര്യാ കുടുംബം അപമാനിച്ചതായും യുവാവ് പറയുന്നു.