മനാമ: ചികിത്സാ പിഴവു മൂലം പന്ത്രണ്ട് വയസുള്ള കുട്ടിമരിച്ച സംഭവത്തിൽ പ്രതികളായ രണ്ട് ഡോക്ടർമാരുടെ ശിക്ഷ ഇളവു ചെയ്തു. നേരത്തെ വിധിച്ചിരുന്ന മൂന്നുവർഷത്തെ തടവു റദ്ദാക്കി ശിക്ഷാ കാലാവധി ആറുമാസം വീതമായാണ് ഇളവു ചെയ്തത്.

ഫാത്തിമ അലി ഗുലൂം എന്ന പെൺകുട്ടിയാണു മരിച്ചത്. ചികിത്സയിലുണ്ടായ പിഴവ് മസ്തിഷ്‌ക തകരാറിനു വഴിവച്ചതാണ് മരണകാരണം. രണ്ടാഴ്ച കോമ അവസ്ഥയിൽ കഴിഞ്ഞശേഷമാണ് കുട്ടി മരിച്ചത്. കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണു ഡോക്ടർമാർക്കെതിരെ നിയമനടപടി ആരംഭിച്ചത്.

കേസിൽ രണ്ടാം പ്രതിയായ ഡോക്ടർ കുട്ടിക്ക് പോളിസിസ്റ്റിക് ഓവറി എന്ന രോഗമാണെന്നു സ്ഥിരീകരിച്ചു ശസ്ത്രക്രിയ ശുപാർശചെയ്തിരുന്നു.ഒന്നാം പ്രതിയും ട്രെയ്നിയുമായ ഡോക്ടറാണ് കുട്ടിക്ക് അനസ്തേഷ്യ നൽകുന്നതിനായി ട്യൂബ് ഇട്ടത്. ശ്വാസനാളത്തിൽ ഇടുന്നതിനു പകരം അന്നനാളത്തിലാണ് ട്യൂബിട്ടത്. ഇതാണ് മസ്തിഷ്‌ക തകരാറിലേക്കു നയിച്ചത്.