- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഎസ് എന്ന രാജ്യദ്രോഹിയും മദനി എന്ന കൊടും ഭീകരനും പിന്നെ ഇറ്റലിക്കാരായ ചില പുണ്യാളന്മാരും; മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനോട് ചില എളിയ ചോദ്യങ്ങൾ
തിരുവഞ്ചൂർ രാധാകൃഷ്ണൻ ആദർശ നിഷ്ഠനായ രാഷ്ട്രീയ നേതാവായിട്ടാണ് അറിയപ്പെടുന്നത്. പഴയ എസ്എഫ്‌ഐ നേതാവും കൈരളി ചാനലിലെ അവതാരകനുമായ ഗ്രാന്മാസ്റ്റർ ജിഎസ് പ്രദീപ് ഈ അടുത്ത കാലത്ത് ഒരു പൊതു വേദിയിൽ വച്ച് പറഞ്ഞത് ഇന്ത്യയിൽ തിരുവഞ്ചൂരിനെപ്പോലെ ആദർശ ധീരനായ ഒരു നേതാവിനെ കണ്ടെത്താൻ കഴിയില്ല എന്നാണ്. ആ വിഷയത്തിൽ തർക്കം ഉന്നയിക്കാനല്ല ഈ എഡിറ
തിരുവഞ്ചൂർ രാധാകൃഷ്ണൻ ആദർശ നിഷ്ഠനായ രാഷ്ട്രീയ നേതാവായിട്ടാണ് അറിയപ്പെടുന്നത്. പഴയ എസ്എഫ്‌ഐ നേതാവും കൈരളി ചാനലിലെ അവതാരകനുമായ ഗ്രാന്മാസ്റ്റർ ജിഎസ് പ്രദീപ് ഈ അടുത്ത കാലത്ത് ഒരു പൊതു വേദിയിൽ വച്ച് പറഞ്ഞത് ഇന്ത്യയിൽ തിരുവഞ്ചൂരിനെപ്പോലെ ആദർശ ധീരനായ ഒരു നേതാവിനെ കണ്ടെത്താൻ കഴിയില്ല എന്നാണ്. ആ വിഷയത്തിൽ തർക്കം ഉന്നയിക്കാനല്ല ഈ എഡിറ്റോറിയൽ. അങ്ങനെയൊക്കെയാണെന്ന് അങ്ങ് കരുതുന്നുണ്ടെങ്കിൽ പാവം ഞങ്ങൾക്ക് ചില എളിയ സംശയം ഉണ്ട്. അത് അങ്ങ് നിവാരണം ചെയ്ത് തരണം.
ഇന്ന് ശ്രീ രാധാകൃഷ്ണൻ ഒരു പ്രസ്താവന നടത്തി. ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ വിധിപ്രകാരം ഇറ്റാലിയൻ നാവികർ ഇറ്റലിക്ക് പോയാൽ അവർ മടങ്ങി വരുമോ എന്ന കാര്യത്തിൽ അങ്ങേയ്ക്ക് ബലമായ സംശയം ഉണ്ട് എന്നായിരുന്നു ആ പ്രസ്താവന. കേരളത്തിലെ രണ്ട് പാവപ്പെട്ടവരുടെ ജീവൻ ഒരു കാരണവും ഇല്ലാതെ എടുത്ത രണ്ട് സായിപ്പന്മാർ ഇന്ത്യൻ നീതിപീഠത്തെ പല്ലിളിച്ചു കാട്ടി ഇന്ന്# പ്രത്യേക വിമാനത്തിൽ പോകാൻ തയ്യാറെടുക്കുന്നതിനിടയിലാണ് നിസ്സഹായനായ ഒരു ഭരണാധികാരിയുടെ വിലാപമായി ഇത് കേരളത്തിലെ ജനങ്ങളുടെ കാതിൽ മുഴങ്ങിയത്. ഇഷ്ടമുള്ളവർക്ക് അനുകൂലമായി സഹതാപ തരംഗങ്ങൾ സൃഷ്ടിക്കുന്നതിൽ വലിയ വൈദഗ്ദ്ധ്യമുള്ള മുത്തശ്ശി പത്രങ്ങൾ തിരുവഞ്ചൂരിന്റെ നിസ്സഹായതയെക്കുറിച്ച് കണ്ണീർ വാഴ്‌ത്തി.
എന്നാൽ ഈ കള്ള നാട്യവും കപട വേഷവും കണ്ട് കണ്ണു നിറയ്ക്കാൻ മാത്രം വിഡ്ഢികളല്ല കേരളത്തിലെ ജനങ്ങൾ എന്ന് ശ്രീ തിരുവഞ്ചൂർ ചിന്തിച്ചു കാണില്ല. വിഎസ് അച്യുതാന്ദനെപ്പോലെ ഒരു വടവൃക്ഷം ഇപ്പുറത്ത് നിറഞ്ഞ് നിൽക്കുന്നതു കൊണ്ടാണ് ഇതു സംഭവിച്ചത്. പെട്ടന്ന് തന്നെ വിഎസ് ഒരു ചോദ്യം ഉന്നയിച്ചു. ഇന്ത്യൻ പൗരനായ മദനിക്കും ഇറ്റാലിയൻ പൗരന്മാരായ ക്രിമിനലുകൾക്കും രണ്ട് നിയമമോ? വിഎസ് ചോദിക്കാത്ത വേറെയും ചില ചോദ്യങ്ങൾ ഉണ്ട്. വിഎസ് അച്യുതാനന്ദനും ഇറ്റാലിയൻ ഭടന്മാർക്കും രണ്ട് നിയമമോ എന്നതാണ് അതിൽ ഒന്ന്. എംഎം മണിക്കും ഈ വെള്ളക്കാർക്കും രണ്ട് നിയമമോ എന്നതാണ് അടുത്ത ചോദ്യം.
ആദ്യം നമുക്ക് വിഎസിന്റെ കാര്യം എടുക്കാം. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി എന്ന് കേരളത്തിലെ ചില പത്രങ്ങൾ കൊട്ടിഘോഷിക്കുകയും കേരള സർക്കാരിന്റെ മൊത്തം അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ പ്രതീകമായി വളരുകയും ചെയ്ത വിഎസ് ഉൾപ്പെട്ട ഭൂമിദാന കേസിലെ കോടതി വിധി അത്രവേഗം മറക്കാൻ കഴിയുമോ? വിഎസിനെ പ്രതിചേർത്ത നടപടി രാഷ്ട്രീയ പ്രേരിതമായിരുന്നു എന്ന് ഒരു ഹൈക്കോടതി ജഡ്ജി വിധിച്ച് രണ്ട് മൂന്നു മണിക്കൂർ കഴിയും മുമ്പ് ആ വിധിയിൽ വാദം കേട്ട് ഡിവിഷൻ ബഞ്ചിനെക്കൊണ്ട് സ്റ്റേ വാങ്ങിപ്പിക്കാൻ ഈ സർക്കാർ കാട്ടിയ ഉത്സാഹം ആർക്ക് വിസ്മരിക്കാൻ കഴിയും? ഒരു ദിവസം എങ്കിലും അത്തരം ഒരു വിധി നിലനിന്നാൽ സർക്കാരിന് ക്ഷീണമാണ് എന്ന് കണ്ടാണ് ഇത്തരം ഒരു സ്റ്റേ അന്നു തന്നെ ഒപ്പിച്ചത്.
ഇവിടെ ചോദ്യം ആരംഭിക്കുന്നു. ഇറ്റാലിയൻ ഭടന്മാർ നാട്ടിലേക്ക് പോയാൽ പിന്നെ മടങ്ങില്ല എന്നു സംശയം ഉണ്ടെങ്കിൽ പിന്നെ എന്തുകൊണ്ട് ഈ സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ അപ്പീലിന് പോയില്ല. വിഎസിന്റെ കാര്യത്തിൽ ചെയ്ത പോലെ അന്നു തന്നെ പോയില്ലെങ്കിൽ പിറ്റേന്നെങ്കിലും പോകാൻ കഴിയുമായിരുന്നില്ലേ? അതിനർത്ഥം ഈ സായിപ്പന്മാർ എങ്ങനെയെങ്കിലും ഇവിടെ നിന്ന് പോയി കിട്ടട്ടെ എന്നു തന്നെയാണ് ഈ സർക്കാരും ആഗ്രഹിക്കുന്നത് എന്നതാണ്. ഇന്നലെ ഈ പ്രശ്‌നം കോടതിയുടെ പരിഗണനയിൽ വന്നപ്പോൾ കേരളത്തിന്റെ നിലപാട് വ്യക്തമാക്കിയിരുന്നെങ്കിലും അതിശക്തമായ ഒരു നിലപാട് എടുക്കാൻ ശ്രമിച്ചിരുന്നില്ല എന്ന ആരോപണം ഉണ്ട്. വിധിക്കെതിരെ അപ്പീലിന് ശ്രമിക്കാതെ ഇങ്ങനെ മുതലക്കണ്ണീർ പൊഴിക്കുമ്പോൾ ശ്രീ രാധാകൃഷ്ണൻ താങ്കളോട് ജനങ്ങൾക്ക് സഹതാപം മാത്രമേ തോന്നൂ. വിഎസ് അച്യുതാനന്ദൻ എന്ന രാഷ്ട്രീയ നേതാവിന് കൊടുക്കാത്ത ആദരവും ബഹുമാനവുമാണ് തൊലി വെളുത്ത ഈ കൊലയാളികൾക്ക് നിങ്ങൾ നൽകിയിരിക്കുന്നത്. അത് മറക്കരുതേ.
വിഎസ് പറഞ്ഞതുപോലെ അബ്ദുൾ നാസർ മദനി എന്ന ഇന്ത്യൻ പൗരനെ വിചാരണ ഇല്ലാതെ രണ്ടര വർഷം തടവിൽ വച്ചിരിക്കുന്ന നിയമ വ്യവസ്ഥയാണ് ഈ കൊലയാളികളെ വെറും കയ്യോടെ പറഞ്ഞയച്ചത്. രണ്ട് തവണയായി മദനിയെ തടവിൽ ഇട്ടിരിക്കുന്നത് പന്ത്രണ്ടര വർഷമാണ്. ഇറ്റാലിയൻ കൊലയാളികൾക്ക് ക്രിസ്തുമസ് പ്രധാനമാണെങ്കിൽ എത്രയോ പെരുന്നാളുകൾ മദനി വേദനയോടെ അഴിക്കുള്ളിൽ ഇരുന്ന് നിശബ്ദം മറന്നിരിക്കുന്നു.
വിഎസോ മാദ്ധ്യമങ്ങളോ ഒട്ടും ഗൗനിക്കാത്ത മറ്റൊരു അനീതിയാണ് ഒരു പ്രസംഗത്തിന്റെ പേരിൽ അറസ്റ്റ്# ചെയ്യപ്പെട്ട് ഒരു മാസമായിട്ടും ജാമ്യം കിട്ടാതെ ജയിലിൽ കഴിയുന്ന സിപിഐ(എം) നേതാവ് എംഎം മണിയുടെ അവസ്ഥ. എംഎം മണി പറഞ്ഞത് കേസ് എടുക്കാൻ പറ്റിയ പ്രസംഗം തന്നെയാണ്. കേസ് എടുക്കുകയും കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കുകയും വേണം. എന്നാൽ രണ്ട് പതിറ്റാണ്ട് മുമ്പ് നടന്ന ഒരു സംഭവത്തിന്റെ പേരിൽ തെളിവ് നശിപ്പിക്കും എന്നാരോപിച്ച് മണിക്ക് ജാമ്യം കൊടുക്കാതെ റിമാൻഡ് ചെയ്തിരിക്കുന്നത് ഏതു നീതിക്ക് നിരക്കുന്നതാണ്. അഴിമതി കേസിൽ സുപ്രീം കോടതി ശിക്ഷിച്ച ബാലകൃഷ്ണ പിള്ളയ്ക്ക് സുഖവാസം നൽകി ഒരുമാസം തികയ്ക്കും മുമ്പ് വെളിയിൽ ഇറക്കിയ സർക്കാർ ആണ് ഇതെന്ന് ഓർക്കണം. സുപ്രീം കോടതി വരെ ശിക്ഷിച്ച പിള്ള ജയിലിൽ കഴിഞ്ഞതിനേക്കാൾ അധിക നാൾ ഒരു പ്രസംഗത്തിന്റെ പേരിൽ മണി കിടക്കേണ്ടി വരുന്നത് ഏത് നിയമത്തിന്റെ പേരിലാണെങ്കിലും സാധാരണക്കാരനെ അത് നിരാശപ്പെടുത്തുകയേ ഉള്ളൂ.
നമ്മുടെ വിഷയം ഇറ്റാലിയൻ കൊലയാളികളുടെ വിട്ടയക്കൽ ആണല്ലോ? ഇവരെ വിട്ടയച്ചാൽ ഇവർ തിരിച്ചു വരുമെന്ന കാര്യത്തിൽ മന്ത്രി തിരുവഞ്ചൂരിന് മാത്രമല്ല, ഈ രാജ്യത്തെ ഒരു പൗരനും വിശ്വാസമില്ല. ഫ്രഞ്ച് പട്ടാളക്കാരും ഭോപ്പാൽ ദുരന്ത കേസിൽ അമേരിക്കൻ പൗരന്മാരും എന്തിനേറെ സോണിയാ ഗാന്ധിയുടെ ബന്ധു എന്നാരോപിക്കുന്ന ഒട്ടോവിയൻ ക്വത്ത്‌റോച്ചി വിവാദമായ ബൊഫോഴ്‌സ കേസിൽ വിട്ടയച്ചവർ ഇവിടെ തിരിച്ചെത്തിയോ? അയാളെ ഇവിടെ കൊണ്ടുവരാൻ ഇറ്റാലിയൻ സർക്കാരിനോ ഇന്ത്യാ ഗവൺമെന്റിനോ കഴിഞ്ഞോ? പിന്നയല്ലേ ഇവരുമായി പറക്കാൻ പ്രത്യേക വിമാനം ഒരുക്കി കാത്തിരിക്കുന്ന ഇറ്റാലിയൻ സർക്കാർ ഇവരെ വിട്ടുതരിക. ഇവർ പോയ വഴിയേ പോകും, ഒരു ചെറുവിരൽ പോലും അനക്കാൻ ആർക്കും കഴിയില്ല, നഷ്ടം വെടിയേറ്റു മരിച്ച ആ രണ്ട് മനുഷ്യരുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും മാത്രമാണ്. തിരുവഞ്ചൂരിനെപ്പോലുള്ളവർ ഒരു ഉളുപ്പുമില്ലാതെ അവരുടെ വീട്ടിൽ ചെന്ന് വിങ്ങിപ്പൊട്ടി സഹതാപം കാണിക്കും. അതുകണ്ട് ഇവിടുത്തെ മാദ്ധ്യമങ്ങൾ സചിത്ര ഫീച്ചർ എഴുതും. ഇതൊക്കെ കണ്ടും കേട്ടും കഴിഞ്ഞ് കൂടാനല്ലാതെ നമുക്ക് എന്ത് അവകാശമാണ് ഉള്ളത്.