മുംബൈ: മുംബൈയിൽ മാട്ടിറച്ചി നിരോധനത്തെ ചോദ്യം ചെയ്തു കോടതിയും. നിരോധനം എന്തു കൊണ്ടാണ് മാട്ടിറച്ചിയിൽ മാത്രം ഒതുങ്ങിയതെന്ന് കോടതി ചോദിച്ചു. മീനും മുട്ടയും നിരോധിക്കാതെ എങ്ങനെ മാംസാഹാരത്തെ കുറിച്ച് പറയാനാവും എന്നും കോടതി നിരീക്ഷിച്ചു.

ആഗോളവൽക്കരണ കാലത്ത് നമ്മുടെ സമീപനം മാറേണ്ടതുണ്ട്. എന്തുകൊണ്ട് മത്സ്യവും മറ്റു കടൽ വിഭവങ്ങളും മുട്ടയും നിരോധിക്കുന്നില്ലെന്നും ജഡ്ജി ചോദിച്ചു. അതിനിടെ, വിചിത്രമായ മറുപടിയാണ് കോടതിക്ക് സർക്കാർ അഭിഭാഷകൻ നൽകിയത്.

കടലിൽ നിന്നും പുറത്തെടുക്കുമ്പോഴേക്കും മത്സ്യങ്ങൾ ചാകാറുള്ളതിനാൽ മീനിനെ കശാപുചെയ്യാറില്ലെന്നാണ് മഹാരാഷ്ട്ര സർക്കാർ അഭിഭാഷകൻ അനിൽ സിങ്ങ് കോടതിയോടു പറഞ്ഞത്.

ഉപജീവനത്തിനുള്ള അവകാശം ലംഘിക്കുന്നുവെന്നാരോപിച്ച് മഹാരാഷ്ട്രയിലെ ഇറച്ചി വ്യാപാരികളാണ് കോടതിയെ സമീപിച്ചത്. പ്രത്യേക ജനവിഭാഗത്തിന്റെ വികാരങ്ങളെ മാനിക്കണമെന്നു സുപ്രീംകോടതിയുടെ ഉത്തരവ് ഉണ്ടെന്നും രണ്ടു ദിവസത്തെ നിരോധനം എങ്ങനെ യുക്തി രഹിതമാവുമെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. ഇതിനിടെ കോൺഗ്രസ്സിനും എൻസിപിക്കും പുറമേ ശിവസേനയും മാംസ നിരോധനത്തിനെതിരെ ശക്തമായി രംഗത്തെത്തി.

2017ൽ നടക്കുന്ന മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജൈനരെ പ്രീണിപ്പിക്കാനാണ് ഇറച്ചി നിരോധനത്തിലൂടെ ബിജെപി ശ്രമിക്കുന്നതെന്ന് ശിവസേന ആരോപിച്ചു. ഇറച്ചി വിൽക്കുന്നവർക്ക് തങ്ങൾ സംരക്ഷണം നൽകുമെന്നും ശിവസേന വ്യക്തമാക്കിയിരുന്നു.

ജൈന മതവിശ്വാസികളുടെ ഉൽസവത്തോട് അനുബന്ധിച്ച് മുംബൈയിൽ മാംസാഹാരം നിരോധിച്ച നടപടിക്കെതിരെ ശിവസേന തങ്ങളുടെ പത്രമായ സാമ്‌നയിലൂടെ അതിരൂക്ഷമായി പ്രതികരിച്ചു. മുഖപ്രസംഗത്തിൽ ശിവസേന ജൈന വിശ്വാസികളെ പരിഹസിക്കുകയും ചെയ്തു. മുസ്‌ലിംകൾക്ക് പോകാൻ പാക്കിസ്ഥാനെങ്കിലുമുണ്ടെന്നും ജൈനർ എങ്ങോട്ടു പോകുമെന്നുമായിരുന്നു പരാമർശം.

1992 93 കാലത്തെ കലാപത്തിൽ മഹാരാഷ്ട്രയിൽ ജൈനമതക്കാരെ സംരക്ഷിച്ചത് ശിവസേനയാണെന്ന കാര്യം മറക്കരുതെന്ന് ജൈനരെ ഓർമപ്പെടുത്തി. ഇതിനു നന്ദിപറയാൻ ബാൽ താക്കറെയുടെ വസതിയായ മാതോശ്രീയുടെ മുന്നിൽ ജൈനർ ക്യൂ നിൽക്കുകയായിരുന്നുവെന്നും, മാഹാരാഷ്ട്രയിൽ ശത്രുത വളർത്തിയാൽ നിങ്ങളുടെ സാമ്പത്തിക സാമ്രാജ്യം ഇല്ലാതാക്കുമെന്നും മുഖപ്രസംഗത്തിലൂടെ ശിവസേന ഭീഷണിപ്പെടുത്തി.