കൊച്ചി അമൃതാനന്ദമയി മഠത്തിലെ സ്വാമി ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ പ്രതികളെ രക്ഷിക്കാൻ സിബിഐ നടത്തിയ ഒത്തുകളി കോടതി കയ്യോടെ പിടികൂടി. പരാതി അന്വേഷിച്ചപ്പോൾ ഗൂഢാലോചന നടന്നതായി ദ്രുതപരിശോധനയിൽ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടും കേസെടുക്കാമെന്ന് നിയമോപദേശം ലഭിച്ചിട്ടും സിബിഐ അമൃതാനന്ദമയീ മഠത്തിലെ സ്വാമിക്കെതിരെ കേസെടുക്കാൻ തയ്യാറായിരുന്നില്ല.

അമൃതാനന്ദമയി മഠത്തിലെ ബ്രഹ്മചാരി പ്രകാശ്, സിൻഡിക്കേറ്റ് ബാങ്ക് ഉദ്യോഗസ്ഥർ എന്നിവർക്കെതിരേ സിബിഐ അന്വേഷണമാവശ്യപ്പെട്ട് നൽകിയ ഹരജിയാണു േൈഹക്കാടതി പരിഗണിച്ചത്. ഇടപാടിൽ ഗൂഢാലോചന നടന്നതായി ദ്രുതാന്വേഷണത്തിൽ വ്യക്തമായിട്ടും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നില്ല. നിയമോപദേശം ലഭിച്ചിട്ടും കേസ് രജിസ്റ്റർ ചെയ്യാത്ത സിബിഐ നടപടിയിൽ ജസ്റ്റിസ് ബി കെമാൽപാഷ അതൃപ്തി രേഖപ്പെടുത്തി. സിബിഐ കേസെടുത്ത് അന്വേഷണം തുടങ്ങാത്തതു ഞെട്ടലുളവാക്കുന്നു. ഉറക്കം വിട്ടുണർന്നു സിബിഐ കണ്ണു തുറന്നു നോക്കണം. അവസരത്തിനൊത്തുയർന്ന്, നിയമോപദേശമനുസരിച്ചു നടപടിയെടുക്കണം.- കോടതി വ്യക്തമാക്കി.

അങ്കമാലി മഞ്ഞപ്രയിലെ സന്ദീപനി സ്മാർട്ട് വില്ലേജ് പദ്ധതിക്കായി കണ്ടെത്തിയ എട്ടുകോടി വിലവരുന്ന ഭൂമി കുറഞ്ഞ വിലയ്ക്ക് തട്ടിയെടുക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണമാവശ്യപ്പെട്ട് മഞ്ഞപ്ര സ്വദേശി എ ടി രഘുനാഥ് നൽകിയ ഹരജിയാണു കോടതി പരിഗണിച്ചത്. രഘുനാഥിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ സന്ദീപനി സ്മാർട്ട് വില്ലേജ് പദ്ധതി നടപ്പാക്കാൻ സിൻഡിക്കേറ്റ് ബാങ്ക് അങ്കമാലി ശാഖയിൽനിന്നു ഹരജിക്കാരൻ വായ്പയെടുത്തിരുന്നു. 2008-09ൽ സിൻഡിക്കറ്റ് ബാങ്കിൽ നിന്നു 1.23 കോടി രൂപ വായ്പയെടുത്താണു പദ്ധതി തുടങ്ങിയത്. പദ്ധതിയും വായ്പാ തിരിച്ചടവും മുടങ്ങി. കിട്ടാക്കടമായി ബാങ്ക് പ്രഖ്യാപിച്ചു.

വസ്തു വിൽപനയ്ക്കു ശ്രമിച്ചപ്പോൾ അമൃതാനന്ദമയിമഠത്തെ പ്രതിനിധീകരിച്ച് ബ്രഹ്മചാരി പ്രകാശ് രംഗത്തെത്തി. തുടർന്ന് മഠം പ്രതിനിധിയെ കൂടി ഉൾപ്പെടുത്തി ബാങ്ക് വായ്പ ഒറ്റത്തവണ തീർപ്പാക്കലിനു ശ്രമമാരംഭിച്ചു. നടപടി തുടരുന്നതിനിടെ ബാങ്ക് അധികൃതരും മഠം പ്രതിനിധിയും ഒത്തുകളിച്ചു തന്നെ കബളിപ്പിച്ചെന്നും തട്ടിപ്പിന്റെ ഭാഗമായി വസ്തുവിന്റെ മൂല്യം ഇടിച്ചുകാണിച്ചുവെന്നും രഘുനാഥ് പരാതിയിൽ പറഞ്ഞു.

ഇക്കാര്യങ്ങൾക്കെല്ലാം വ്യക്തമായ തെളിവുണ്ടായിട്ടും അമൃതാനന്ദമയി മഠം ഉൾപ്പെട്ട സംഭവത്തിൽ കേസെടുക്കാൻ സിബിഐ തയ്യാറായില്ല. പ്രത്യക്ഷത്തിൽ തെളിവുള്ളതിനാൽ എഫ്‌ഐആർ ഇട്ട് കേസെടുക്കാമെന്ന് നിയമോപദേശം ലഭിച്ചെങ്കിലും സിബിഐ മഠത്തിനോടും സ്വാമിയോടും കൂറുപുലർത്തി കേസിൽനിന്ന് ഒഴിഞ്ഞുമാറുകയായിരുന്നെന്ന് ആരോപണം ഉയർന്നിരുന്നു. ഇതാണ് ഇപ്പോൾ കോടതിയുടെ രൂക്ഷ വിമർശനത്തിന് വഴിവച്ചത്.

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിപ്രകാരം വായ്പ അവസാനിപ്പിക്കാനുള്ള അവസരം ബാങ്ക് അനുവദിച്ചു. 1.35 കോടിയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് പദ്ധതിയുടെ പേരിൽ പ്രകാശ് കൈമാറി. സ്വാമിയുടെ നിർദ്ദേശപ്രകാരം ഈ ഡിഡി സസ്‌പെൻസ് അക്കൗണ്ടിലാണു രഘുനാഥ് നിക്ഷേപിച്ചത്. ഇതിനിടെ, സ്ഥലവില വീണ്ടും കുറച്ചുനൽകാൻ മുതിർന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഹരജിക്കാരനുമായി ഇടപാട് അവസാനിപ്പിച്ചെന്ന രീതിയിൽ ഡ്രാഫ്റ്റ് തിരികെനൽകാൻ പ്രകാശ് ആവശ്യപ്പെട്ടു.

രഘുനാഥിന്റെ അനുമതിയില്ലാതെ ബാങ്കധികൃതർ ഇതു പ്രകാശിന് കൈമാറി. പിന്നീട് കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള സർഫാസി നിയമം ചുമത്തി ഹരജിക്കാരന്റെ സ്ഥലം ലേലത്തിനുവച്ചു. ബാങ്കുകാരും സ്വാമിയും ഈ ഘട്ടത്തിൽ ഒത്തുകളി നടന്നു. 1.65 കോടി രൂപയ്ക്ക് സ്ഥലം പ്രകാശ് തന്നെ ലേലത്തിൽ പിടിച്ചു. രണ്ടരക്കോടിക്ക് ഹരജിക്കാരനുമായി വിൽപനക്കരാറിലേർപ്പെട്ട സ്ഥലം ഇങ്ങനെ ചുളുവിലയ്ക്ക് അമൃതാനന്ദമയീ മഠത്തിന്റെ പക്കലെത്തി.

കേസുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചപ്പോൾ ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന കാര്യത്തിൽ ഞെട്ടലുണ്ടായെന്ന് കോടതി വ്യക്തമാക്കി. ദ്രുതപരിശോധന നടത്തിയ ഉദ്യോഗസ്ഥൻ വ്യക്തമായ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നു കോടതി പറഞ്ഞു. റിപ്പോർട്ട് ഇഴകീറി പരിശോധിച്ച ശേഷം എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നു നിയമോപദേശവും കിട്ടിയിട്ടുണ്ട്. എന്നിട്ടും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്തതു ഞെട്ടിപ്പിക്കുന്നതാണ്.

എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ട കാര്യമില്ലെന്നും ബാങ്കിന്റെ വിജിലൻസ് വിഭാഗം അന്വേഷണം നടത്തിയാൽ മതിയെന്നുമായിരുന്നു സിബിഐയുടെ ചെന്നൈ റീജ്യനൽ ഓഫിസിൽനിന്നുള്ള തീരുമാനം. പൊതുപണത്തിന്റെ സാന്നിധ്യമുള്ള, ഏറെ ഗൗരവമുള്ള കേസാണിതെന്നും അതിനാൽ ബാങ്കിന്റെ വിജിലൻസ് അന്വേഷണത്തിനു വിട്ട് അവസാനിപ്പിക്കേണ്ട കേസല്ല ഇതെന്നും ജസ്റ്റീസ് വ്യക്തമാക്കി.

സിബിഐ കൊച്ചി യൂണിറ്റിനു 2014 ഒക്ടോബർ 16നു നൽകിയ പരാതിയിലായിരുന്നു ദ്രുതപരിശോധന. റിപ്പോർട്ട് അനുകൂലമായിരുന്നെങ്കിലും തുടർനടപടി ഉണ്ടായില്ലെന്നാണ് ഹർജിയിലെ ആക്ഷേപം. സിബിഐ തുടർനടപടി ഉപേക്ഷിച്ചെന്നാണ് ഒടുവിൽ അറിയുന്നതെന്നും ഹർജിക്കാരൻ ബോധിപ്പിച്ചു. സിബിഐയുടെ രേഖകൾ മുദ്രവച്ച കവറിൽ വരുത്തി കോടതി പരിശോധിച്ചു.

പൊതുജനങ്ങളുടെ പണവുമായി ബന്ധപ്പെട്ടു പദവി ദുരുപയോഗം, ക്രിമിനൽ ഗൂഢാലോചന ആരോപണങ്ങളുയരുമ്പോൾ വ്യക്തിക്ക് പ്രോസിക്യൂഷൻ നടപടി ആവശ്യപ്പെടാൻ സാധ്യമാണ്. ലളിതകുമാരി കേസിലെ സുപ്രീംകോടതി വിധിയനുസരിച്ച് ഗൗരവമുള്ള കുറ്റകൃത്യം ബോധ്യപ്പെട്ടാൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ അന്വേഷണ ഏജൻസിക്കു ബാധ്യതയുണ്ട്. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി സാധ്യമാണെന്നു സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതും സിബിഐ ഓർക്കണമെന്നു കോടതി പറഞ്ഞു.