ജോധ്പൂർ: പ്രമുഖ ബോളിവുഡ് താരം സൽമാൻ ഖാനെ ആയുധം കൈവച്ച കേസിൽ ജോധ്പൂർ കോടതി കുറ്റവിമുക്തനാക്കി. സൽമാനെതിരെ തെളിവുകൾ ഹാജരാക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി വിധി.

കാലാവധി കഴിഞ്ഞിട്ടും ലൈസൻസ് പുതുക്കാത്ത ആയുധം കൈവശം വച്ചുവെന്നതാണ് സൽമാൻഖാന് എതിരെ ആരോപിക്കപ്പെട്ട കുറ്റം. കുറ്റക്കാരനെന്ന് തെളിഞ്ഞിരുന്നെങ്കിൽ ഏഴുവർഷംവരെ ശിക്ഷ ലഭിക്കാവുന്ന കേസിലാണ് ഇപ്പോൾ സൽമാൻ കുറ്റവിമുക്തനാക്കപ്പെടുന്നത്. 

1998 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ജോധ്പൂരിലെ കങ്കാണി ഗ്രാമത്തിൽ 'ഹം സാഥ് സാഥ് ഹെ' എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ സൽമാൻ ഖാൻ ഉൾപ്പെടെയുള്ള താരങ്ങൾ കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നിരുന്നു. ഈ കേസിൽ വിചാരണക്കോടതി ശിക്ഷിച്ച സൽമാൻ ഖാനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. കേസ് ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

സൽമാൻ ഖാൻ കൃഷ്ണമൃഗങ്ങളെ വേട്ടയാടാൻ ഉപയോഗിച്ചത് ലൈസൻസ് കാലാവധി കഴിഞ്ഞ തോക്ക് ഉപയോഗിച്ചാണ്. ഈ കേസിലാണ് കോടതി ഇന്ന് വിധിപറഞ്ഞത്.