- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കങ്കണയ്ക്ക് അന്ത്യശാസനം നൽകി കോടതി; അടുത്ത തവണ നേരിട്ട് ഹാജരാകാൻ നിർദ്ദേശം; കോടതിയുടെ പരാമർശം ജാവേദ് അക്തർ ഫയൽ ചെയ്ത അപകീർത്തിക്കേസിൽ
മുംബൈ: അപകീർത്തിക്കേസിൽ കോടതിയിൽ നേരിട്ടു ഹാജരാകാത്തതിന് ബോളിവുഡ് നടി കങ്കണ റണൗട്ടിന് കോടതിയുടെ അന്ത്യശാസനം. അടുത്തതവണ കേസ് പരിഗണിക്കുമ്പോൾ കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് കോടതി കങ്കണയോട് നിർദേശിച്ചു. ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തർ ഫയൽ ചെയ്ത കേസിലാണ് കോടതിയുടെ നിർദ്ദേശം. അന്ധേരിയിലെ മെട്രോപൊളിറ്റൻ കോടതിയാണ് കേസ് പരിഗണിച്ചത്.
എന്നാൽ, കേസിൽ കങ്കണയ്ക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്ന ജവേദ് അക്തറിന്റെ അപേക്ഷ കോടതി നിരസിച്ചു. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ കങ്കണ ഹാജരായില്ലെങ്കിൽ പരാതി നൽകാമെന്നും കോടതി വ്യക്തമാക്കി.
കേസ് സെപ്റ്റംബർ ഒന്നിന് വീണ്ടും പരിഗണിക്കും. കോടതിയിൽ ഹാജരാകുന്നത് സ്ഥിരമായി ഒഴിവാക്കിത്തരണമെന്ന് കങ്കണയുടെ അഭിഭാഷകൻ കോടതിയോട് അപേക്ഷിച്ചു. ജോലിയുമായി ബന്ധപ്പെട്ട് തിരക്കുള്ളതിനാൽ നേരിട്ട് കോടതിയിൽ ഹാജരാകാൻ കഴിയില്ലെന്ന് കങ്കണ അറിയിച്ചു. എന്നാൽ, ഇത് അനുവദിക്കാൻ കഴിയില്ലെന്നും അടുത്തതവണ കേസ് പരിഗണിക്കുമ്പോൾ ഹാജരാകണമെന്നും അവസാന അവസരമാണിതെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ വർഷം നവംബറിലാണ് ജാവേദ് അക്തർ കങ്കണയ്ക്കെതിരേ പരാതി നൽകിയത്. ടെലിവിഷൻ അഭിമുഖത്തിനിടെ കങ്കണ തന്നെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയെന്നാണ് പരാതി. കങ്കണയുടെ പരാമർശം തന്റെ സത്പേരിനു കളങ്കമുണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ