- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു മിനിട്ടുപോലും ഇരിക്കാൻ അനുവദിക്കാതെ പണിയെടുപ്പിക്കൽ; കക്കൂസും ടോയ്ലെറ്റുമില്ല; താമസിക്കാൻ നല്കുന്ന സ്ഥലം കാലിത്തൊഴുത്തിനു സമാനം; ലേബർവകുപ്പിനെയും വിജിലൻസിനെയും കൂസാതെ തൊഴിൽ നിയമങ്ങൾ കാറ്റിൽപ്പറത്തിയ രാമചന്ദ്രൻ ടെക്‌സ്റ്റൈൽസിനു മൂക്കുകയറിട്ടു കോടതി; 51 കേസുകളിൽ കോടതി വിധിച്ചത് വൻ പിഴ
തിരുവനന്തപുരം: വനിതാ ജീവനക്കാരുടേതേടക്കം തൊഴിലവകാശങ്ങൾ സ്ഥിരമായി കാറ്റിൽപ്പറത്തുന്ന തിരുവനന്തപുരത്തെ പ്രമുഖ വസ്ത്രാലയമായ രാമചന്ദ്രൻ ടെക്‌സ്റ്റൈൽസിനു മൂക്കുയറിട്ട് കോടതി. തൊഴിലാളികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് പലപ്പോഴായി നടത്തിയ വീഴ്ചയിൽ സ്ഥാപനത്തിന് കോടതി 1,32,850 രൂപ പിഴ ചുമത്തി. തിരുവനന്തപുരം രണ്ടാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ബാലചന്ദ്രൻ, സുന്ദരലിംഗം എന്നിവരടക്കം സ്ഥാപന ഉടമകളായ ആറുപേരെയും പ്രതികളാക്കിയാണ് കേസെടുത്തിരുന്നത്. 2014മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ ലേബർവകുപ്പ് അധികൃതർ രാമചന്ദ്രൻ ടെക്‌സ്റ്റൈൽസ് സ്ഥാപനത്തിൽ പലപ്പോഴായി നടത്തിയ പരിശോധയിൽ കണ്ടെത്തിയ വീഴ്ചകളിലാണ് കോടതി പിഴ ചുമത്തിയിരിക്കുന്നത്. പലവട്ടം തൊഴിൽ വകുപ്പു പരിശോധന നടത്തിയിട്ടും സ്ഥാപനം വീഴ്ചകൾ ആവർത്തിച്ചതല്ലാതെ തൊഴിലാളികളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഒരുവിധ നടപടികളും സ്വീകരിച്ചിരുന്നില്ല. മൊത്തം 51 കേസുകളാണ് സ്ഥാപനത്തിനെതിരേ ലേബർ വകുപ്പ് ഫയൽ ചെയ്തത്. ഇതെല്ലാം കൂടി ഒരുമിച്ചു പരിഗണിച്ചാണ്

തിരുവനന്തപുരം: വനിതാ ജീവനക്കാരുടേതേടക്കം തൊഴിലവകാശങ്ങൾ സ്ഥിരമായി കാറ്റിൽപ്പറത്തുന്ന തിരുവനന്തപുരത്തെ പ്രമുഖ വസ്ത്രാലയമായ രാമചന്ദ്രൻ ടെക്‌സ്റ്റൈൽസിനു മൂക്കുയറിട്ട് കോടതി. തൊഴിലാളികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് പലപ്പോഴായി നടത്തിയ വീഴ്ചയിൽ സ്ഥാപനത്തിന് കോടതി 1,32,850 രൂപ പിഴ ചുമത്തി. തിരുവനന്തപുരം രണ്ടാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ബാലചന്ദ്രൻ, സുന്ദരലിംഗം എന്നിവരടക്കം സ്ഥാപന ഉടമകളായ ആറുപേരെയും പ്രതികളാക്കിയാണ് കേസെടുത്തിരുന്നത്.
2014മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ ലേബർവകുപ്പ് അധികൃതർ രാമചന്ദ്രൻ ടെക്‌സ്റ്റൈൽസ് സ്ഥാപനത്തിൽ പലപ്പോഴായി നടത്തിയ പരിശോധയിൽ കണ്ടെത്തിയ വീഴ്ചകളിലാണ് കോടതി പിഴ ചുമത്തിയിരിക്കുന്നത്. പലവട്ടം തൊഴിൽ വകുപ്പു പരിശോധന നടത്തിയിട്ടും സ്ഥാപനം വീഴ്ചകൾ ആവർത്തിച്ചതല്ലാതെ തൊഴിലാളികളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഒരുവിധ നടപടികളും സ്വീകരിച്ചിരുന്നില്ല. മൊത്തം 51 കേസുകളാണ് സ്ഥാപനത്തിനെതിരേ ലേബർ വകുപ്പ് ഫയൽ ചെയ്തത്. ഇതെല്ലാം കൂടി ഒരുമിച്ചു പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
കേരള ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് നിയമം, മിനിമം വേതനനിയമം, മെറ്റേർണിറ്റി ബെനിഫിറ്റ് നിയമം, ദേശീയ ഉത്സവ അവധി നിയമം തുടങ്ങി നിരവധി നിയമങ്ങളുടെ ലംഘനങ്ങൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കാലിത്തൊഴുത്തിനു സമാനമായ താമസസ്ഥലവും തീർത്തും വൃത്തിഹീനമായ ടോയ്ലറ്റുമാണ് തൊഴിലാളികൾക്ക് നൽകിയിരുന്നത്. ജീവനക്കാർക്ക് ഒരു മിനിറ്റ് പോലും ഇരിക്കാൻ അനുമതിയുണ്ടായിരുന്നില്ല. അൽപ്പനേരം വിശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കടുത്ത നടപടിയെടുത്തിരുന്നു. സ്ത്രീകളെക്കൊണ്ട് രാത്രി വൈകി ജോലി ചെയ്യിച്ചിരുന്നതായും തൊഴിൽവകുപ്പധികൃതർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തെറ്റുകൾ തിരുത്താനാവശ്യപ്പെട്ട് ലേബർ ഓഫീസ് അധികൃതർ പലകുറി നോട്ടീസ് കൊടുത്തെങ്കിലും ഉടമകൾ ചെവിക്കൊണ്ടിരുന്നില്ല.
തിരുവനന്തപുരം നഗരത്തിലെ പ്രമുഖ വ്യാപാര സ്ഥാപനമായ രാമചന്ദ്രൻ ടെസ്‌ക്‌റ്റൈൽസിനെതിരേ തൊഴിൽഅവകാശ ലംഘനവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയരാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. വിജിലൻസും തിരുവനന്തപുരം മേയറും ഇവിടെ മുമ്പ് നടത്തിയ പരിശോധനകളിൽ വൻ ക്രമക്കേടുകളാണ് കണ്ടെത്തിയത്. അട്ടക്കുളങ്ങരയിലെയും പഴവങ്ങാടിയിലെയും രാചമന്ദ്രൻ ടെക്‌സ്റ്റൈൽസ് ഷോറൂമുകളിലാണ് തൊഴിലവകാശങ്ങൾ കാറ്റിൽപ്പറത്തിയത്.

അട്ടക്കുളങ്ങരയിലെ രാമചന്ദ്രൻ ടെക്സ്‌റ്റൈൽസ് കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിൽ മുന്നൂറോളം വനിതാ ജീവനക്കാരെ തൊഴിൽ നിയമങ്ങൾ മുഴുവൻ ലംഘിച്ച് തീർത്തും ശോചനീയമായ അന്തരീക്ഷത്തിൽ താമസിപ്പിച്ചിരുന്നതായി വിജിലൻസും കോർപ്പറേഷൻ അധികൃതരും കഴിഞ്ഞവർഷം മധ്യത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. സ്ഥാപനത്തിന്റെ ഏറ്റവും മുകളിൽ 200 സ്‌ക്വയർ ഫീറ്റ് വരുന്ന സ്ഥലത്താണ് ജീവനക്കാർക്കു താമസം ഒരുക്കിയിരുന്നത്. തട്ടുകളാക്കി ഇരുമ്പ് കമ്പിക്കൊണ്ടുണ്ടാക്കിയ കട്ടിലുകളിൽ മെത്തയോ തലയണയോ ഷീറ്റോ ഒന്നും ഇല്ലാതെയാണ് താമസിപ്പിച്ചിരുന്നത്.
ആവശ്യത്തിന് ടോയ്‌ലെറ്റ് സംവിധാനമോ വായുസഞ്ചാരത്തിന് ജനലുകളോ മറ്റ് സൗകര്യങ്ങളോ ഇവിടെ ഇല്ലായിരുന്നു. താമസ സ്ഥലത്തുനിന്നും പുറത്തു കടക്കുന്നതിന് കേവലം ഒരു വാതിൽ മാത്രമാണ് സ്ഥാപിച്ചിരുന്നത്. ഇത്തരത്തിൽ യാതൊരു സുരക്ഷാ സംവിധാനവുമില്ലാതെ നിയമവിരുദ്ധമായി നിർമ്മിച്ച താമസ സൗകര്യം അടിയന്തരമായി പൊളിച്ചുനീക്കുന്നതിനുള്ള ശിപാർശ വിജിലൻസ് നല്കിയിരുന്നു.
ലേബർ വകുപ്പു നടത്തിയ പരിശോധനയിലും സമാന ക്രമക്കേടുകളാണ് ഇവിടെ കണ്ടെത്തിയത്. വസ്ത്രശാലയിൽ രാവിലെ മുതൽ രാത്രി വരെ ജോലി ചെയ്യുന്ന ജീവനക്കാർ ഇരിക്കാൻ കസേരയോ ടോയ്‌ലറ്റ് സൗകര്യങ്ങളോ ഉടമസ്ഥർ ഒരുക്കിയിരുന്നില്ല. രണ്ടു വർഷത്തിനിടെ പലപ്പോഴായി ലേബർ അധികൃതർ പരിശോധന നടത്തിയിട്ടും ടെക്‌സ്‌റ്റൈൽ ഉടമസ്ഥരുടെ ഭാഗത്തുനിന്ന് കടുത്ത നിസംഗതയാണ് ഉണ്ടായതെന്ന് ലേബർ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ മറുനാടനോടു പറഞ്ഞു. ജീവനക്കാരെക്കൊണ്ട് ഓവർടൈം ജോലി ചെയ്യിക്കാറുണ്ടെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
2014 മുതൽ 2016 വരെ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിൽ 51 കേസുകളാണ് ലേബർ വകുപ്പ് രാമചന്ദ്രൻ ടെക്‌സ്റ്റൈൽ ഉമടസ്ഥർക്കെതിരേ നല്കിയത്. എന്നാൽ ഒരിക്കൽപ്പോലും ജീവനക്കാർക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിന് ടെക്‌സ്‌റ്റൈൽ അധികൃതർ തയാറായില്ല. നേരത്തേ വിജിലൻസ് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലും രാമചന്ദ്രൻ ടെക്‌സ്‌റ്റൈൽസിനെതിരേ കേസ് ഫയൽ ചെയ്തിട്ടുണ്ട്. എന്നാൽ ഈ കേസിൽ ഇതുവരെ തുടർ നടപടി ആയിട്ടില്ല.

