ബോളിവുഡ് സൂപ്പർ താരം ആമിർ ഖാനവതരിപ്പിക്കുന്ന ടെലിവിഷൻ പരിപാടിയായ സത്യമേവ ജയതേയിലൂടെ സ്വവർഗ്ഗരതിയെ പ്രോത്സാഹിപ്പിച്ചു എന്ന ആരോപണത്തിൽ സൂപ്പർതാരത്തിനെതിരേ കോടതിനോട്ടീസ്. പ്രാദേശിക ചാനലുകളിൽ താരം നടത്തുന്ന സത്യമേവ ജയതേ എന്ന ഡോക്യുമെന്ററി വഴി സ്വവർഗ്ഗരതിയെ പ്രോത്സാഹിപ്പിച്ചെന്നും ഇത് പരിപാടി  സുപ്രീംകോടതി വിധിയുടെ നഗ്‌നമായ ലംഘനമാണെന്നും കാണിച്ചാണ് പരാതി നല്കിയിരിക്കുന്നത്. താരത്തിന്റെ നടപടിയെ കോടതിയലക്ഷ്യമായി
പരിഗണിക്കണമെന്നും പരാതിയിൽ പറയുന്നുണ്ട്

ഡിസംബർ 19 നകം ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ചണ്ഡീഗഡിലെ ഒരു പ്രാദേശിക കോടതിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. മൻദീപ് കൗർ എന്ന അഭിഭാഷക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്. അഭിഭാഷകയുടെ പരാതി പരിശോധിച്ച ജഡ്ജി ജസ്വീന്തർ സിങ് വെള്ളിയാഴ്ചയാണ് ആമിറിന് ഇത് സംബന്ധിച്ച നോട്ടീസ് അയച്ചത്.

ഒക്‌ടോബർ 19 നായിരുന്നു പരിപാടി ചാനലുകൾ സംപ്രേഷണം ചെയ്തത്.ലെസ്‌ബിയനും, ഗേയും ഉൾപ്പെടെ എല്ലാ സ്വവർഗ്ഗാനുരാഗത്തെയും കുറിച്ച് പരിപാടി ചർച്ച ചെയ്തു. ഇത് സുപ്രീംകോടതി വിധിയുടെ വിപരീതമാണ്. ഷോയിൽ സ്വവർഗ്ഗാനുരാഗികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി നിയമ ഭേദഗതി ആവശ്യപ്പെട്ട് വോട്ട് ചെയ്യാനും താരം ജനങ്ങളോട് ആവശ്യപ്പെട്ടു. ഇത് ക്രിമിനൽ കുറ്റമാണ്. പരിപാടി സംപ്രേഷണം ചെയ്തതിന്റെ തൊട്ട് 24 മണിക്കൂറിനുള്ളിൽ ക്ഷമാപണം നടത്താൻ ആവശ്യപ്പെട്ടിട്ടും താരം ചെയ്തില്ലെന്നും പരാമർശിച്ചിട്ടുണ്ട്.