മസ്‌കത്ത്: കഠിനമായ ശിക്ഷകൾ ഉൾപ്പെടുത്തി ഭേദഗതി ചെയ്ത ഒമാനി ശിക്ഷാനിയമത്തിന് ശൂറാ കൗൺസിലിന്റെ അംഗീകാരം. 1974 മുതൽ നിലവിലുള്ള നിയമമാണ് പരിഷ്‌കരിച്ചത്. സാമ്പത്തികവും സാങ്കേതികവുമായ കുറ്റകൃത്യങ്ങൾകൂടി ഉൾപ്പെടുത്തിയാണ് ശിക്ഷാനിയമം പരിഷ്‌കരിച്ചതെന്ന് ശൂറാ കൗൺസിൽ ലീഗൽ കമ്മിറ്റി തലവൻ ഡോ. മുഹമ്മദ് അൽ സദ്ജാലി പറഞ്ഞു.

രാജ്യത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷിതത്വവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ് നിലവിലെ ശിക്ഷാനിയമത്തിൽ ഉൾപ്പെടുത്തിയിരുന്നുള്ളൂവെന്നും അൽ സദ്ജാലി ചൂണ്ടിക്കാണിച്ചു. രാജ്യത്ത് ശിക്ഷാർഹമായ കുറ്റകൃത്യങ്ങൾ സ്വദേശികൾ വിദേശത്ത് വച്ച് നടത്തിയാലും ഒമാനിൽ അത് കുറ്റാർഹമായി പരിഗണിക്കുമെന്ന് ഭേദഗതി നിർദ്ദേശം പറയുന്നു. വിദേശികൾക്കും ചില വ്യവസ്ഥകളോടെ സമാനമായ മാനദണ്ഡം ബാധകമാണ്. ഭേദഗതിപ്രകാരം കൂടിയ ജയിൽശിക്ഷ 25 വർഷവും പിഴസംഖ്യ നൂറു റിയാലിനും ആയിരം റിയാലിനും ഇടയിലുമായിരിക്കും.

കുറ്റകൃത്യങ്ങൾക്ക് പ്രേരണനൽകിയവർക്ക് മൂന്നുവർഷം തടവും പിഴയും ശിക്ഷയായി ലഭിക്കാം. ദുരഭിമാന കൊലകൾ, ബലാത്സംഗം, വ്യഭിചാരം തുടങ്ങി കുടുംബത്തിനും സമൂഹത്തിനും വിശ്വാസത്തിനും അപമാനമുണ്ടാക്കുന്ന കുറ്റകൃത്യങ്ങൾക്ക് കഠിനശിക്ഷ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. ബോധപൂർവവും അല്ലാത്തതും എന്നീ നിലകളിലായിരിക്കും ഇനിമുതൽ കുറ്റകൃത്യങ്ങളെ കോടതികൾ സമീപിക്കുക. മരണശിക്ഷ വിധിക്കപ്പെട്ടവരെ തൂക്കിക്കൊല്ലുന്നതിനുപകരം വെടിവച്ച് കൊല്ലുന്നതിനും നിയമഭേദഗതി നിർദേശിക്കുന്നു.