കൊച്ചി: തോമസ് ചാണ്ടിക്ക് താൽക്കാലിക ആശ്വാസവുമായി ഹൈക്കോടതി. തോമസ് ചാണ്ടിക്കെതിരെ ഉയർന്ന കായൽ കയ്യേറ്റ ആരോപണത്തിൽ കയ്യേറ്റം മനപ്പൂർവമല്ലെന്ന നിരീക്ഷണമാണ് കോടതി നടത്തിയിരിക്കുന്നത്. ചാണ്ടിക്കെതിരെ വന്ന രണ്ട് ഹർജികളിൽ തീർപ്പാക്കിക്കൊണ്ടാണ് ഇത്തരമൊരു നിരീക്ഷണം. ഇപ്പോൾ എഫ്‌ഐആർ ഇടേണ്ടതില്ലെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. മൂന്നു മാസത്തിനകം കായൽ കയ്യേറ്റവിഷയത്തിൽ സർവേ നടത്തി റിപ്പോർട്ട് സമർപ്പിക്കാനും കോടതി സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്.

തോമസ് ചാണ്ടി മനപ്പൂർവം കായൽ കയ്യേറിയിട്ടില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് പഞ്ചായത്തംഗം വിനോദും സിപിഐ നേതാവ് മുകുന്ദനും നൽകിയ ഹർജികൾ തീർപ്പാക്കിയത്. മൂന്നു മാസത്തിനകം ആരോണം ഉയർന്ന പ്രദേശത്തെ സർവേ നടപടികൾ പൂർത്തിയാക്കി കോടതിക്ക് റിപ്പോർട്ട് നൽകാനും സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന് ശേഷം നോട്ടീസ് നൽകി കക്ഷികളുടെ വാദം കേൾക്കും. അതിനാൽ തന്നെ ഇപ്പോൾ എഫ്‌ഐആർ ഇടേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

ലോക്കൽ ലെവൽ മോണിറ്ററിങ് കമ്മിറ്റിയോടാണ് ഡാറ്റാബാങ്ക് അന്തിമമാക്കി നൽകാനും ആവശ്യപ്പെട്ടിട്ടുള്ളത്. തോമസ് ചാണ്ടി കായൽ കയ്യേറിയെന്നും റോഡ് നിർമ്മിച്ചുവെന്നും ഇതിൽ നിരവധി പരാതികൾ നൽകിയിട്ടും അധികൃതർ നടപടിയെടുത്തില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ആലപ്പുഴ സ്വദേശി വിനോദും സിപിഐ നേതാവ് മുകുന്ദനും ഹർജി നൽകിയത്. റവന്യൂ ഉദ്യോഗസ്ഥരും വില്ലേജ് അധികൃതരുമെല്ലാം ഇതിന് കൂട്ടുനിന്നുവെന്നും ആക്ഷേപിച്ചിരുന്നു.