ന്യൂഡൽഹി: വിമാനത്താവളത്തിലും വിമാനത്തിനുള്ളിലും യാത്രക്കാർ ശരിയായി മാസ്‌ക് ധരിക്കാത്തതിൽ സ്വമേധയാ കേസെടുത്ത് ഡൽഹി ഹൈക്കോടതി.

കൊൽക്കത്തയിൽനിന്ന് ന്യൂഡൽഹിയിലേയ്ക്ക് എയർ ഇന്ത്യ വിമാനത്തിൽ മാർച്ച് അഞ്ചിന് നടത്തിയ യാത്രയ്ക്കിടെ വിമാനയാത്രികർ ശരിയായി മാസ്‌ക് ധരിക്കാത്തത് ശ്രദ്ധയിൽപ്പെട്ട ജസ്റ്റിസ് സി. ഹരിശങ്കർ ആണ് സ്വമേധയാ കേസെടുത്തത്.

കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കോടതി എല്ലാ ആഭ്യന്തര വിമാനകമ്പനികൾക്കും കർശന നിർദ്ദേശം നൽകി.

വിമാനത്താവളത്തിലും വിമാനത്തിനുള്ളിലും വളരെ ആശങ്കാജനകമായ സാഹചര്യമാണ് കാണാനായതെന്ന് ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തരമായി ഉത്തരവിറക്കുന്നതെന്നും കോടതി വ്യക്തമാക്കി.

യാത്രക്കാരിൽ ആരെങ്കിലും ഇതിൽ വീഴ്ചവരുത്തിയാൽ ഉടൻ അയാളെ വിമാനത്തിൽനിന്ന് പുറത്തിറക്കണം. ഇത്തരം യാത്രക്കാർക്കെതിരെ യാത്രാനിരോധനം അടക്കം കർശന നടപടികൾ സ്വീകരിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

എല്ലാ യാത്രക്കാരും മാസ്‌ക് ധരിച്ചിരുന്നെങ്കിലും പലരും അത് താടിക്കു താഴെയാണ് ധരിച്ചിരുന്നതെന്നും ശരിയായി മാസ്‌ക് ധരിക്കുന്നതിൽ മിക്കവാറും യാത്രക്കാർ ഉദാസീനരായിരുന്നെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

വിമാനത്താവളത്തിലും ബസിലും വിമാനത്തിനുള്ളിലും ഇത് ദൃശ്യമായിരുന്നു. വിമാന ജോലിക്കാൻ ഇക്കാര്യത്തിൽ നിർദ്ദേശം നൽകുന്നുണ്ടെങ്കിലും യാത്രക്കാർ അത് പാലിക്കാൻ തയ്യാറാകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.

വായ, മൂക്ക് എന്നിവ ശരിയായി മറയത്തക്ക വിധത്തിൽ മാസ്‌ക് ധരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. യാത്രക്കാർ എല്ലാവരും മാസ്‌ക് ധരിക്കുന്നുതടക്കം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന കാര്യം വിമാന ജീവനക്കാർ ഇടയ്ക്കിടയ്ക്ക് പരിശോധിക്കണമെന്ന് നിർദേശത്തിൽ പറയുന്നു.