കൊച്ചി: നോക്കു കൂലി പ്രശ്‌നം കേരളത്തിൽ അങ്ങോളമിങ്ങോളം നിലനിൽക്കുന്നുണ്ട്. ഇത്തരക്കകരുടെ ശല്യം കൂടുമ്പോൾ പരിഹാരം കണാൻ കോടതിയും ഇടപെടുകയാണ്. സ്വകാര്യ ബിസിനസ് സ്ഥാപനങ്ങൾക്കു സ്വന്തം ചുമട്ടു തൊഴിലാളികളെ നിയോഗിക്കാമെന്നും ഹെഡ്ലോഡ് വർക്കേഴ്‌സ് നിയമപ്രകാരം രജിസ്റ്റർ ചെയ്യാൻ അവർക്കു കയറ്റിറക്കു ജോലിയിൽ മുൻപരിചയം നിർബന്ധമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

കയറ്റിറക്കു ജോലി ചെയ്യാൻ തൊഴിലാളിക്കു സന്നദ്ധതയും തൊഴിലുടമയുടെ അനുമതിയും ഉണ്ടെങ്കിൽ റജിസ്‌ട്രേഷൻ നിഷേധിക്കാനാവില്ല. നിലവിൽ കയറ്റിറക്കു ജോലി ചെയ്യുന്നവർക്കു മാത്രമേ റജിസ്‌ട്രേഷൻ നൽകുകയുള്ളൂ എന്നു വന്നാൽ പുതിയ ആളുകൾക്ക് ഈ രംഗത്തേക്കു വരാൻ കഴിയില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.

റജിസ്‌ട്രേഷൻ അപേക്ഷ തള്ളിയതിനെതിരെ കൊല്ലം കെഇകെ കാഷ്യൂ ഉടമ ഇ. മൻസൂറും 3 തൊഴിലാളികളും നൽകിയ ഹർജി അനുവദിച്ചാണു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്. അവർ പാക്കിങ് ജോലിക്കാരാണെന്നും കയറ്റിറക്കു ജോലി ചെയ്യുന്നവരല്ലെന്നുമുള്ള കാരണത്താലാണ് അപേക്ഷ നിരസിച്ചത്. ഒരാളെ ചുമട്ടുതൊഴിലാളിയായി കണക്കാക്കാൻ റജിസ്‌ട്രേഷൻ വേണം. കയറ്റിറക്കു ജോലി ചെയ്തിട്ടുള്ളവർക്കു മാത്രമേ റജിസ്‌ട്രേഷൻ നൽകൂ എന്നു വന്നാൽ പുതിയ ആർക്കും റജിസ്‌ട്രേഷൻ കിട്ടില്ല കോടതി പറഞ്ഞു. ഹർജിക്കാരുടെ അപേക്ഷ നിരസിച്ചതു കോടതി റദ്ദാക്കി. 30 ദിവസത്തിനുള്ളിൽ സ്ഥാപനത്തിലെ ചുമട്ടു തൊഴിലാളികളായി അവർക്കു റജിസ്‌ട്രേഷനും കാർഡും അനുവദിക്കാൻ കൊല്ലം അസിസ്റ്റന്റ് ലേബർ ഓഫിസറോടു നിർദ്ദേശിച്ചു.

റൂൾ 26 എ പ്രകാരം റജിസ്‌ട്രേഷൻ നൽകാൻ അപേക്ഷകൻ മുൻപു ചുമട്ടു തൊഴിൽ ചെയ്തിരുന്നോ എന്നു നോക്കേണ്ടതില്ല. ചുമട്ടു തൊഴിൽ ചെയ്യാനുള്ള ശേഷിയുണ്ടോ തൊഴിലുടമ അയാളെ നിയോഗിക്കാൻ തയാറാണോ എന്നുള്ളതു നോക്കിയാൽ മതി. ആ മേഖലയിൽ റജിസ്‌ട്രേഷനുള്ള മറ്റു തൊഴിലാളികൾ ഉണ്ടോ എന്നതു പരിഗണിക്കേണ്ടതില്ലെന്ന മുൻ ഉത്തരവും കോടതി ചൂണ്ടിക്കാട്ടി.