ശ്രീനഗർ: പ്രായപൂർത്തിയായ രണ്ടുപേർക്ക് വിവാഹം കഴിക്കാൻ കുടുംബത്തിന്റേയോ സമൂഹത്തിന്റേയോ സമ്മതം ആവശ്യമില്ലെന്ന് ജമ്മു കശ്മീർ, ലഡാക്ക് ഹൈക്കോടതി. വീട്ടുകാരുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിച്ച ദമ്പതികൾ നൽകിയ കേസിൽ വിധി പറഞ്ഞപ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പ്രായപൂർത്തിയായ രണ്ടുപേർ പരസ്പരം ജീവിത പങ്കാളികളായി തെരഞ്ഞെടുക്കുമ്പോൾ, അത് അവരുടെ അവകാശമാണെന്നും അത് ഭരണഘടനയുടെ ആർട്ടിക്കിൾ 19,21 പ്രകാരം അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് താഷി റബ്‌സ്താൻ പറഞ്ഞു.

'ഇത്തരത്തിലുള്ള അവകാശങ്ങൾക്ക് ഭരണഘടനാനുമതിയുണ്ട്, ഒരിക്കൽ അത് അംഗീകരിക്കപ്പെട്ടാൽ ആ അവകാശം സംരക്ഷിക്കേണ്ടതുണ്ട്. പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ വിവാഹം കഴിക്കാൻ തീരുമാനിച്ചാൽ ആരുടേയും സമ്മതം ആവശ്യമില്ല. അവരുടെ അവകാശത്തിന് പ്രാധാന്യം നൽകണം'. ഒരു വ്യക്തിയുടെ മാന്യമായ അസ്തിത്വത്തിന് സ്വാതന്ത്ര്യവുമായി ബന്ധമുള്ളതിനാൽ കോടതികൾക്ക് വ്യക്തിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ ബാധ്യതയുണ്ടെന്ന് കോടതി പറഞ്ഞു.

പ്രായപൂർത്തിയായവർക്ക് ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാനുള്ള അവകാശം സ്വാതന്ത്ര്യത്തിനുള്ള അവകാശമാണെന്നും ജഡ്ജി പറഞ്ഞു. കോടതി പറഞ്ഞ കാര്യങ്ങൾ കണക്കിലെടുത്ത് ഹരജിക്കാർക്ക് മതിയായ സുരക്ഷ ഒരുക്കാൻ സംസ്ഥാന പൊലീസ്, അധികാരികളോട് കോടതി നിർദ്ദേശിച്ചു.