ഴിമതി നടത്തിയുണ്ടാക്കുന്ന പണത്തിന്റെ ഗുണഫലമനുഭവിക്കുന്ന കുടുംബാംഗങ്ങളൊക്കെ കുറ്റക്കാരാണെന്ന് പ്രഖ്യാപിക്കുന്ന നിർണായകമായ വിധിയാണ് ജബൽപൂരിലെ സിബിഐ കോടതി ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്നത്. അഴിമതി നടത്തി വൻ തുക വെട്ടിപ്പ് നടത്തിയ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥന്റ കേസിന്റെ വിചാരണയ്ക്കിടെയാണ് കോടതി ഈ നിർണായകമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. അഴിമതിക്കാരനൊപ്പം അയാളുടെ ഭാര്യയെയും മകനെയും മരുമകളെയും ജയിലിലടയ്ക്കാനുള്ള വിചിത്രമായ വിധിയാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

ഡിഫെൻസ് അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റിൽ ഡെപ്യൂട്ടി അക്കൗണ്ടന്റായ സൂര്യസാഗർ ഗൗർ(61), ഭാര്യ വിനിത ഗൗർ(55), മകൻ ശിശിർ ഗൗർ(35), മകന്റെ ഭാര്യ സുനിത ഗൗർ(32) എന്നിവരെയാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. ജബൽപൂരിലെ ഗ്വാറിഗാട്ട് റോഡിലെ സുഖ്സാഗർ വാലി സ്വദേശികളാണിവർ.അഞ്ച് വർഷത്തെ കഠിന തടവിനാണ് ഇവരെ ശിക്ഷിച്ചിരിക്കുന്നത്.മാതാപിതാക്കളും ഗ്രാന്റ് പാരന്റ്സും ജയിലിൽ പോകുന്നതിനെ തുടർന്ന് അനാഥനാകുന്ന ശിശിറിന്റെ മകനായ അഞ്ച് വയസുകാരനെയും ജയിലിൽ പാർപ്പിക്കാൻ അനുവദിക്കണമെന്ന കുടുംബത്തിന്റെ അനുമതിയെ തുടർന്ന് കോടതി അതിന് തയ്യാറായിട്ടുണ്ട്.ഏതായാലും അഴിമതിപ്പണം കൊണ്ട് സുഖിക്കുന്നവർക്കൊക്കെയുള്ള ഒന്നാന്തരം താക്കീതാണീ കോടതിവിധി.

അഴിമതി നടത്തി 94 ലക്ഷം ഫണ്ട് അപഹരിച്ചതിനെ തുടർന്നാണ് ഈ ശിക്ഷാവിധിയുണ്ടായിരിക്കുന്നത്.ഇതിന് പുറമെ ഇവർ ഓരോരുത്തരും 2.5 ലക്ഷം രൂപ വീതം പിഴയടക്കാനും വെള്ളിയാഴ്ച പുറപ്പെടുവിച്ച വിധിന്യായത്തിൽ ജസ്റ്റിസ് യോഗേഷ് ചന്ദ്ര ഗുപ്ത ഉത്തരവിട്ടിട്ടുണ്ട്. ജോലിയിലിരിക്കെ സൂര്യകാന്ത് പ്രസ്തുത പണം മറ്റ് മൂന്ന് പേരുടെയും അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നുവെന്നാണ് സിബിഐ സ്പെഷ്യൽ പ്രോസിക്യൂട്ടറായ പ്രതീഷ് ജയിൻ കോടതിയിൽ ബോധിപ്പിച്ചിരിക്കുന്നത്.കുറ്റാരോപണത്തെ തുടർന്ന് 2010 ജൂലൈ 14ന് സിബിഐ ഗൗറിന്റെ താമസസ്ഥലത്ത് റെയ്ഡ് നടത്തിയിരുന്നു. ഇതിനെ തുടർന്ന് 94 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തതിന്റെ രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വരുമാനത്തിന് നിരക്കാത്ത വിധത്തിലായിരുന്നു ഈ ട്രാൻസാക്ഷനെന്നും നിസ്സംശയം തെളിഞ്ഞിരുന്നു.

ഇത്തരം കേസുകളിൽ നിയമവിരുദ്ധമായ ട്രാൻസാക്ഷനുകളുടെ തെളിവുകൾ ലഭിച്ചാൽ അഴിമതിപ്പണത്തിന്റെ പങ്ക് പറ്റിയ കുടുംബാംഗങ്ങളെയും ശിക്ഷിക്കാൻ പ്രിവൻഷൻ ഓഫ് കറപ്ഷൻ ആക്ടിലെ ചില പ്രത്യേക പ്രൊവിഷനുകൾ പ്രകാരം സാധ്യതയുണ്ടെന്നാണ് മുതിർന്ന സർക്കാർ അഭിഭാഷകനായ സതീഷ് ദിൻകർ പറയുന്നത്.