' ഓ..അതിനെ അത്യാഗ്രഹമെന്നേ വിളിക്കാനാവൂ...' ഇവിടെ സർക്കാർ ജോലിയുണ്ടായിട്ടും ദീർഘകാലം അവധിയെടുത്ത് വിദേശത്ത് ഉന്നതശമ്പളം പറ്റുന്ന ജോലിക്ക് പോകുന്നവരെ പറ്റി പൊതുജനം പൊതുവെ പറയുന്ന കമന്റാണിത്.അത്തരക്കാരെ നിയന്ത്രിക്കണമെന്നത് പൊതുജനത്തിന്റെ എക്കാലത്തെയും ആവശ്യവും ആഗ്രഹവുമാണ് താനും. ഇത്തരക്കാർക്ക് കൂച്ചുവിലങ്ങിടാൻ സർക്കാരും ആദ്യമേ ശ്രമിച്ച് വരുന്നതായി കാണാം. ഇതിന്റെ ഭാഗമായിട്ടായിരുന്നു സർക്കാർ സർവീസിൽ നിന്നും അവധിയെടുത്ത് വിദേശത്ത് പോയി മടങ്ങി വരുന്നവരുടെ അക്കാലത്തെ സീനിയോറിറ്റി പരിഗണിക്കരുതെന്ന സുപ്രധാനമായ വിധി കഴിഞ്ഞ വർഷം കേരള ഹൈക്കോടതി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇപ്പോഴിതാ ഈ വിഷയത്തിൽ കൂടുതൽ നിർണായകമായ ഒരു വിധിയുമായാണ് ഹൈക്കോടതി എത്തിയിരിക്കുന്നത്. സർക്കാർ സർവീസിലിരിക്കുന്നവർ അവധിയെടുത്ത് വിദേശത്ത് ജോലിക്ക് പോകുന്ന ഏർപ്പാട് തന്നെ നിർത്താനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. പുതിയ കോടതി വിധിക്കും പൊതുജനം നിർത്താതെ കൈയടിയേകുന്നുണ്ട്.

കേരള സർവീസ് റൂളുകൾ കാലഹരണപ്പെട്ടിരിക്കുകയാണെന്നും ദീർഘകാലം അവധിയെടുക്കാനുള്ള ഓപ്ഷൻ സർക്കാർ ജീവനക്കാർ ദുരുപയോഗപ്പെടുത്തുന്ന കാര്യം ശ്രദ്ധിക്കണമെന്നുമാണ് ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകിയിരിക്കുന്നത്. കളമശ്ശേരിയിലെ സെന്റ് ആൽബർട്ട് കോളജിലെ അസിസ്റ്റന്റ് പ്രഫസറായ ബിനി ജോൺ തന്റെ അവധി ദീർഘിപ്പിക്കാൻ നൽകിയ കേസിൽ വിധി പറയവെയാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ നിർണായകമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.യുഎസ്എയിലുള്ള തന്റെ ഭർത്താവിനൊപ്പം കഴിയാൻ അഞ്ച് വർഷത്തേക്കാണ് ബിനി ജോൺ ദീർഘകാല അവധി തേടിയിരുന്നത്. എന്നാൽ വിദേശത്തേക്ക് പോകണമെങ്കിൽ ജോലി വിട്ടിട്ട് പോകാനാണ് ജസ്റ്റിസ് അവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.വിദ്യാഭ്യാസത്തിന്റെയും വിദ്യാർത്ഥികളുടെയും വർധിച്ച് വരുന്ന താൽപര്യത്തിന് വിരുദ്ധമായി ഹരജിക്കാരിയുടെ അവധി നീട്ടാൻ സാധിക്കില്ലെന്നായിരുന്നു കോടതിയുടെ നിലപാട്.

സർവീസ് ചട്ട പ്രകാരം ജീവനക്കാർക്ക് 20 വർഷം വരെ ദീർഘകാല അവധിയെടുക്കാൻ അവകാശമുണ്ട്. ഇത് പല ജീവനക്കാരും വിദേശത്ത് മറ്റ് ജോലിക്ക് പോകാൻ വ്യാപകമായി ദുരുപയോഗപ്പെടുത്തുന്നുണ്ടെന്നാണ് കോടതി ആരോപിക്കുന്നത്. ഇത്തരത്തിൽ ഒരു ജീവനക്കാരനോ ജീവനക്കാരിയോ 20 വർഷത്തോളം രാജ്യവും ജോലിയും വിട്ട് പോകുമ്പോൾ പ്രസ്തുത പോസ്റ്റിൽ യഥാർത്ഥത്തിൽ ആളില്ലാതാവുന്ന അവസ്ഥയാണുള്ളതെന്നും ഇതിൽ തൊഴിലുടമ താൽക്കാലിക നിയമനങ്ങൾ നടത്തിയാണ് പ്രശ്‌നം പരിഹരിക്കുന്നതെന്നും ഇതിലൂടെ പൊതുജോലിയുടെ കാര്യക്ഷമത നശിപ്പിക്കുകയും മറ്റൊരാളുടെ അവസരം ഇല്ലാതാക്കുകയുമാമെന്നാണ് കോടതി നിരീക്ഷിച്ചിരിക്കുന്നത്. ഇത്തരത്തിൽ ദീർഘകാല അവധിയെടുക്കാമെന്ന പ്രൊവിഷൻ 1980കളിലാണ് ആരംഭിച്ചതെന്നും വിദേശനാണ്യം നേടാനുള്ള മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനായിരുന്നു അന്ന് ആ നടപടി സ്വീകരിച്ചിരുന്നതെന്നും കോടതി പറയുന്നു. എന്നാൽ ഇപ്പോൾ 35 വർഷങ്ങൾക്ക് ശേഷം സാഹചര്യ മാറിമറിഞ്ഞുവെന്നും നാം പുരോഗമിച്ചുവെന്നും നമ്മുടെ സമ്പദ് വ്യവസ്ഥ കൂടുതൽ തുറക്കപ്പെട്ടുവെന്നും അന്താരാഷ്ട്ര വ്യാപാരത്തിൽ നമുക്ക് വ്യക്തിമുദ്ര പതിപ്പിക്കാൻ സാധിച്ചുവെന്നും അതിനാൽ ഈ ഒരു പ്രൊവിഷൻ ഇനി ആവശ്യമില്ലെന്നും കോടതി വാദിക്കുന്നു. അതിനാൽ ഇതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ പുനരവലോകനം നടത്തേണ്ട സമയായിരിക്കുന്നുവെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. അതായത് ചുരുക്കത്തിൽ അവധിയെടുത്ത് വിദേശത്ത് പോകാനുള്ള സർക്കാർ ജീവനക്കാരുടെ അവകാശം പാടെ എടുത്ത് കളയണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നതെന്ന് സാരം.

ദീർഘകാല അവധി എടുത്തു വിദേശത്ത് ജോലി ചെയ്ത് മടങ്ങി വരുന്നവരുടെ സീനിയോറിട്ടി പരിഗണിക്കരുതെന്ന് 2015 ജനുവരിയിലായിരുന്നു ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നത്. നീണ്ട അവധിയെടുത്ത് പുറം രാജ്യങ്ങളിൽ തൊഴിലെടുക്കുന്ന സ്വകാര്യ കോളേജ് അദ്ധ്യാപകർക്ക് അവധിക്കാലം കൂടി പരിഗണിച്ച് സ്ഥാനക്കയറ്റവും പെൻഷൻ തുടങ്ങിയ ആനുകൂല്യങ്ങളും നൽകാനാവില്ലെന്നായിരുന്നു അന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നത്. യുജിസിയുടെ മാനദണ്ഡമനുസരിച്ചുള്ള പ്രമോഷനും പെൻഷനുമൊക്കെ വിദേശത്ത് തൊഴിലെടുത്ത കാലയളവു കൂടി കണക്കാക്കണമെന്ന ആവശ്യം അനീതികരണമാണെന്നാണ് കോടതി അഭിപ്രായപ്പെട്ടിരുന്നത്. കോളേജ് അദ്ധ്യാപകർക്ക് സീനിയർ സ്‌കെയിൽ നൽകുന്നത് വർഷങ്ങളുടെ സേവനം പരിഗണിച്ചാണ്. ഇക്കാലയളവിൽ കോളേജിൽ ഹാജരാകാതെ കൂടുതൽ പണം സമ്പാദിക്കാൻ വേണ്ടി സ്വന്തം താൽപര്യപ്രകാരം വിദേശത്ത് മറ്റ് ജോലിക്ക് പോയവരെ ഇത്തരം ആനുകൂല്യങ്ങൾക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്നത് നിയമത്തോട് കാണിക്കുന്ന വഞ്ചനായാണെന്നായിരുന്നു അന്ന് ഹൈക്കോടതി വിധിച്ചിരുന്നത്. പുതിയ വിധിയിലൂടെ വിദേശ ജോലിക്ക് അവധിയെടുത്ത് പോകുകയെന്ന സർക്കാർ ജീവനക്കാരുടെ ലക്ഷ്യം എന്നെന്നേക്കും ഇല്ലാതാവാൻ വഴിയൊരുങ്ങിയേക്കും.