ലാഹോർ: പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസമിനെതിരെ ലൈംഗിക പീഡനത്തിന് നസീറാബാദ് പൊലീസ് കേസെടുത്തു. ലാഹോർ അഡീഷണൽ സെഷൻസ് കോടതിയുടെ നിർദേശപ്രകാരമാണ് ബാബർ അസമിനെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്തത്. ലാഹോർ സ്വദേശിനിയായ ഹമിസ മുഖ്താറിന്റെ പരാതി പരിഗണിച്ച കോടതി ആരോപണങ്ങൾ ഗുരുതരമാണെന്നും വിശദമായ അന്വേഷണം വേണ്ടതാണെന്നും നിരീക്ഷിച്ചിരുന്നു.

2020 നവംബറിലാണ് ഹമിസ ആദ്യമായി പരാതി പൊലീസിന് മുൻപാകെ സമർപ്പിക്കുന്നത്. താരം ലൈംഗികമായി പീഡിപ്പിച്ചെന്നും കല്യാണം കഴിക്കാമെന്ന വാഗ്ദാനം നൽകി പറ്റിച്ചുവെന്നും ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചെന്നും യുവതി പരാതിയിൽ പറയുന്നു. അതുമായി ബന്ധപ്പെട്ട ചില മെഡിക്കൽ രേഖകൾ ഹമിസ കോടതിയിൽ സമർപ്പിച്ചു. കേസിൽ ഇരുഭാഗങ്ങളുടേയും വാദം കേട്ടശേഷമാണ് ലാഹോർ പൊലീസിനോട് ബാബറിനെതിരേ എഫ്.ഐ.ആർ തയ്യാറാക്കാൻ അഡീഷണൽ സെഷൻസ് ജഡ്ജ് നൊമാൻ മുഹമ്മദ് നയീം ആവശ്യപ്പെട്ടത്.

നിലവിൽ സൗത്ത് ആഫ്രിക്കയ്ക്കെതിരായുള്ള പരമ്പരയ്ക്ക് തയ്യാറെടുക്കുകയാണ് ബാബർ അസം. തള്ളവിരലിനേറ്റ പരിക്കുമൂലം താരം ഈയിടെ അവസാനിച്ച ന്യൂസിലൻഡ് പര്യടനത്തിൽ കളിച്ചിരുന്നില്ല. സൗത്ത് ആഫ്രിക്കയുമായി രണ്ട് ടെസ്റ്റുകളിലും 3 ട്വന്റി 20 മത്സരങ്ങളിലും പാക്കിസ്ഥാൻ കളിക്കും. ജനുവരി 26 മുതൽ ഫെബ്രുവരി 14 വരെയാണ് മത്സരങ്ങൾ നടക്കുക.

വിവാഹ വാഗ്ദാനം നൽകി ബാബർ 10 വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്നും ഗർഭിണിയാക്കിയെന്നും വാർത്താസമ്മേളനത്തിലൂടെ നേരത്തെ യുവതി ആരോപിച്ചിരുന്നു. സ്‌കൂളിൽ ബാബർ അസമിന്റെ സഹപാഠിയായിരുന്നെന്ന് അവകാശപ്പെട്ട യുവതി ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്.

2010ൽ തങ്ങൾ വിവാഹം ചെയ്യാൻ തീരുമാനിച്ചിരുന്നതായാണ് യുവതിയുടെ പറയുന്നത്. തുടക്കകാലത്ത് സാമ്പത്തിക പ്രയാസം നേരിട്ടിരുന്ന ബാബർ അസമിനെ സഹായിച്ചിരുന്നത് താനാണെന്നും യുവതി പറഞ്ഞു. എന്നാൽ, ലോകമറിയുന്ന താരമായി വളർന്നതോടെ ബാബർ അസം ചതിച്ചെന്നും ഈ ബന്ധത്തെ കുറിച്ച് ഇരുവരുടെയും വീട്ടുകാർക്കും അറിവുണ്ടായിരുന്നതായും യുവതി വാർത്താസമ്മേളനത്തിൽ അന്ന ആരോപിച്ചിരുന്നു.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പൊലീസിനെ സമീപിക്കാൻ ഒരുങ്ങിയപ്പോൾ ബാബർ അസം തന്നെ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തെന്നും യുവതി വ്യക്തമാക്കിയിരുന്നു.