അബുദാബി: നാല് വർഷത്തെ പ്രണയം അവസാനിപ്പിക്കാൻ യുവതി തീരുമാനിച്ചപ്പോൾ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും പെട്രോൾ ഒഴിച്ച് കത്തിക്കാനും ശ്രമിച്ച പ്രതിക്ക് നാട് കടത്തൽ ശിക്ഷ വിധിച്ച് കോടതി.യുവാവിന്റെ ശിക്ഷ അഞ്ചു വർഷത്തിൽ നിന്ന് രണ്ടു വർഷമായി കുറച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടു. നാലു വർഷമായി യുവതിയും യുവാവും തമ്മിൽ അടുത്ത ബന്ധമായിരുന്നു. ഇരുവരും ഇക്കാലയളവിൽ ഡേറ്റിങ്ങ് നടത്തുകയും ചെയ്തിരുന്നു.

യുവാവ് യുവതിയെ സാമ്പത്തികമായി സഹായിക്കുകയും ചെയ്തു. എന്നാൽ, ഇയാളുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് യുവതി പറഞ്ഞതോടെയാണ് പ്രതിയുടെ സ്വഭാവത്തിൽ മാറ്റമുണ്ടായതെന്ന് ഗൾഫിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.യുവാവ് പല തവണ പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല.

യുവാവിന്റെ ഫോൺ കോളുകൾ യുവതി എടുക്കാതെയായി. ഇരുവരും തമ്മിലുള്ള ബന്ധം മോശമാവുകയും ചെയ്തു. ഒരു ദിവസം രാത്രി പത്തു മണിക്ക് യുവതി യുവാവിനെ ഫോണിൽ വിളിക്കുകയും തന്റെ താമസസ്ഥലത്ത് ഇറക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. യുവതിയെ കാറിൽ കയറ്റിയ ശേഷം പ്രതി വീട്ടിലേക്ക് പോകുന്നതിന് പകരം മറ്റൊരു വഴിയിലൂടെ പോവുകയും മരുഭൂമിയിൽ എത്തിക്കുകയും ചെയ്തു. അവിടെ വച്ച് യുവതിയെ ആക്രമിക്കാൻ ശ്രമിച്ചു.

താനുമായി ലൈംഗിക ബന്ധത്തിന് തയാറായില്ലെങ്കിൽ കയ്യിൽ കരുതിയിരുന്ന പെട്രോൾ ഉപയോഗിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതി ഉറക്കെ കരയുകയും യുവാവുമായി തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. ഈ സമയം അതുവഴി ഒരു പൊലീസ് പട്രോളിങ് കാർ കടന്നു പോവുകയും യുവതി സഹായം അഭ്യർത്ഥിക്കുകയുമായിരുന്നു. പൊലീസ് കാർ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും പ്രതി വാഹനം നിർത്താതെ മുന്നോട്ടു പോയി. പൊലീസ് ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.