ന്യൂഡൽഹി: വ്യക്തിവൈരാഗ്യം തീർക്കാൻ കോടതിയെയും പൊലീസിനെയും കൂട്ടുപിടിക്കുന്ന ശൈലി ഇന്ത്യയിൽ എല്ലായിടത്തുമുണ്ട്. അതിർത്തി തർക്കം ഉണ്ടായാൽ പോലും എതിരാളിയെ തകർക്കാൻ വേണ്ടി പീഡന കേസിൽ കുടുക്കുന്നതാണ് പ്രവണത. എന്നാൽ, ഇനി മുതൽ ഇത്തരം പ്രവണതകൾ അവസാനിക്കാൻ സാധ്യതയുണ്ട്. വ്യാജ പീഡന പരാതി ഉന്നയിക്കുന്ന യുവതിക്കെതിരെ നടപടി സ്വീകരിക്കണം എന്ന കോടതി വിധി പുറത്തുവന്നതോടെയാണ് ഇത്.

വ്യാജ പീഡനക്കേസ് ഫയൽ ചെയ്ത് കോടതിയെ തെറ്റിദ്ധരിപ്പിച്ച യുവതിക്ക് എതിരെ നടപടിക്ക് ഉത്തരവിട്ടിരിക്കയാണ്. ഡൽഹി കോടതിയുടേതാണ് ഉത്തരവ്. പുരുഷന്മാരെ മനപ്പൂർവ്വം ശിക്ഷാ നടപടികളിലേക്ക് തള്ളിവിടുന്നതിന് വ്യാജ പീഡനക്കേസുകൾ രജിസ്റ്റർ ചെയ്യുന്നത് ഗുരുതരമായി കുറ്റമാണെന്നും കോടതി നിരീക്ഷിച്ചു. രണ്ട് യുവാക്കൾക്കെതിരെ യുവതി നൽകിയ വ്യാജ പരാതിയുടെ വിധി പ്രഖ്യാപനത്തിന് ഇടയിലായിരുന്നു കോടതിയുടെ വിമർശനം.

തെറ്റായ പരാതികൾ നൽകി നിരപരാധികളെ കോടതി കേറ്റുന്ന രീതി കഴിഞ്ഞ കുറച്ച് നാളുകളായി വർധിച്ചതായി ഡൽഹി കോടതി നിരീക്ഷിച്ചു. കോടതിയോടും നിയമത്തോടും തട്ടിപ്പുകാർക്ക് ഭയമില്ലാത്തതാണ് ഇതിന് കാരണം. ഇത്തരം കുറ്റക്കാർക്ക് എതിരെ ഉചിതമായ നടപടി സ്വകരിക്കുന്നതിനുള്ള സമയം അതിക്രമിച്ചതായും ജസ്റ്റിസ് വീരേന്ദ്ര ഭട്ട് പറഞ്ഞു.

പീഡനത്തെ കുറിച്ചുള്ള പരാതി വ്യാജമെങ്കിലും കേസിന്റെ വിധി വരുന്നതുവരെ പ്രതി ജയിലിലാണ് കഴിയേണ്ടിവരുക. തെറ്റായ പരാതികളിൽ നിരപരാധികൾ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരുന്നു. ഈ സാഹചര്യത്തിൽ ആരോപണ വിധേയൻ അനുഭവിക്കേണ്ടിവരുന്ന മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ ചിന്തിക്കാവുന്നതിലും അപ്പുറത്താണ്. അതുകൊണ്ടുതന്നെ നിരപരാധികൾക്ക് എതിരെ വ്യാജ പരാതികൾ നൽകുന്നത് ഗുരുതരമായ കുറ്റമാണെന്നും കോടതി വിലയിരുത്തി.