ഹൈദരാബാദ്: വേശ്യാവൃത്തിയുടെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്ത് പുനരധിവാസ കേന്ദ്രത്തിലാക്കിയ തെലുങ്ക് നടിയെ അമ്മയോടൊപ്പം വീട്ടിലേക്ക് മടങ്ങി. ദേശീയ അവാർഡ് നേടിയ തെലുങ്ക് നടി ശ്വേതാ ബസു പ്രസാദിനെയാണ് അമ്മയ്‌ക്കൊപ്പം വിടാൻ സെഷൻസ് കോടതി ഉത്തരവിട്ടത്.

ആറു മാസത്തേക്ക് പുനരധിവാസ കേന്ദ്രത്തിൽ പ്രവേശിപ്പിക്കണമെന്ന കീഴ് കോടതി വിധി റദ്ദാക്കിയാണ് തീരുമാനം. ഇതിനെതിരെയാണ് അമ്മ കോടതിയെ സമീപിച്ചത്. മകളെ വീട്ടിൽ അയക്കാതെ പുനരധിവാസ കേന്ദ്രത്തിലാക്കാനുള്ള നടപടി മൗലികാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അമ്മ പരാതി നൽകിയത്.

സെപ്റ്റംബർ ആദ്യവാരമാണ് ഹൈദരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടൽ റെയ്ഡ് ചെയ്ത് ശ്വേത അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഹോട്ടൽ കേന്ദ്രമായി പ്രവർത്തിച്ച സെക്‌സ് റാക്കറ്റാണ് പിടിയിലായത് എന്നാണ് പൊലീസ് കേസ്. സിനിമ ഇല്ലാതായ സാഹചര്യത്തിൽ ഗതികെട്ട് വേശ്യാവൃത്തിയിലേക്ക് തിരിഞ്ഞതെന്ന് ശ്വേത കുറ്റസമ്മതം നടത്തിയതായും പൊലീസ് വ്യക്തമാക്കിയിരുന്നു.

ശ്വേത വേശ്യാവൃത്തി സ്വീകരിച്ചുവെന്ന് സമ്മതിച്ചതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഓൺലൈൻ അടക്കമുള്ള നവമാദ്ധ്യമങ്ങളിലും രൂക്ഷ വിമർശനം ഉയരുകയും ചെയ്തു. ഇതിനിടെയാണ് ശ്വേതയെ ആറുമാസത്തേക്ക് പുനരധിവാസ കേന്ദ്രത്തിൽ അടക്കാൻ കീഴ് കോടതി വിധിച്ചത്. ഇതിന് എതിരെയാണ് അമ്മ കോടതിയെ സമീപിച്ചത്.