തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മന്ത്രിമാരായിരുന്ന അടൂർ പ്രകാശ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർക്കെതിരെ തെളിവ് ലഭിച്ചിട്ടും എന്തുകൊണ്ടാണ് വിജിലൻസ് നടപടിയെടുക്കാത്തതെന്ന് വിമർശനം. സർക്കാർ ഭൂമി കൈയേറിയതിന് ആവശ്യമായ തെളിവ് ലഭിച്ചിട്ടും എന്തുകൊണ്ടാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസ് എടുക്കാത്തതെന്ന് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി വിജിലൻസിനോട് ചോദിച്ചു.

തെളിവുകൾ ഉണ്ടെങ്കിൽ ഹാജരാക്കാനും പരാതിക്കാരനായ വി എസ് അച്യുതാനന്ദന്റെ അഭിഭാഷകനോട് കോടതി പറഞ്ഞു.അതെസമയം ചീഫ് സെക്രട്ടറി ഭരത് ഭൂഷണെതിരായ കേസിൽ തെളിവുണ്ടെങ്കിൽ മാത്രമെ അന്വേഷിക്കാൻ കഴിയുവെന്ന് വിജിലൻസ് പറഞ്ഞു. ചീഫ് സെക്രട്ടറി ഫയലുകൾ പൂഴ്‌ത്തിയെന്നതിന് തെളിവുകൾ ലഭിച്ചിട്ടില്ലെന്നും വിജിലൻസ് കോടതിയെ അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട ത്വരിതാന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സാവകാശം തരണമെന്നും വിജിലൻസ് കോടതിയെ അറിയിച്ചു. നേരത്തെയും തിരുവനന്തപുരം വിജിലൻസ് കോടതി വിജിലൻസിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ആവശ്യമായ പരാതികൾ ലഭിച്ചിട്ടും തെളിവുകൾ ഉണ്ടായിട്ടും മന്ത്രിമാർക്കെതിരെയുള്ള പരാതികളിൽ അന്വേഷണം വൈകുന്നുവെന്നായിരുന്നു വിമർശനം.

പാറ്റൂരിൽ സർക്കാർഭൂമി സ്വകാര്യസ്ഥാപനത്തിന് അനധികൃതമായി കൈമാറാൻ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയായിരുന്ന ഇ കെ ഭരത്ഭൂഷനും അനാവശ്യ തിടുക്കംകാട്ടിയെന്ന് ചൂണ്ടിക്കാട്ടിയും സർക്കാർ പുറമ്പോക്കുഭൂമി കൈയേറി റിയൽടെക് ഫ്‌ളാറ്റ് നിർമ്മിച്ച സംഭവത്തിൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ അന്വഷണം ആവശ്യപ്പെട്ടും വി എസ് അച്യുതാനന്ദൻ നൽകിയ ഹർജിയിലാണ് കോടതിയുടെ പരാമർശം ഇപ്പോൾ ഉണ്ടായിരിക്കുന്നത്.