- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'താരപുത്രൻ സാക്ഷികളെ സ്വാധീനിക്കും; തെളിവുകൾ നശിപ്പിക്കുമെന്നും എൻസിബി; ആര്യൻ ഖാന് ജാമ്യമില്ല; ലഹരിക്കേസിൽ ജാമ്യം നൽകിയാൽ കേസന്വേഷണത്തെ ബാധിക്കുമെന്ന് എൻഡിപിഎസ് കോടതി; ആർതർ റോഡ് ജയിലിൽ തുടരും
മുംബൈ: ആഡംബര കപ്പലിലെ ലഹരിക്കേസിൽ അറസ്റ്റിലായ ബോളിവുഡ് താരം ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാന് നാലാം തവണയും ജാമ്യം നിഷേധിക്കപ്പെട്ടു. മുംബൈയിലെ പ്രത്യേക എൻഡിപിഎസ് കോടതിയുടേതാണു വിധി. ആര്യന് ജാമ്യം നൽകിയാൽ അത് കേസന്വേഷണത്തെ ബാധിക്കുമെന്ന് കോടതി വിലയിരുത്തി.
ആര്യൻ ഖാനൊപ്പം കൂട്ടുപ്രതികളായ മുന്മുൻ ധമേച്ച, അർബാസ് മർച്ചന്റ് എന്നിവരുടെ ജാമ്യാപേക്ഷകളും കോടതി തള്ളി. ഇതോടെ 23 വയസ്സുകാരനായ ആര്യന് ഇതോടെ മുംബൈ ആർതർറോഡ് ജയിലിൽ ഇനിയും തുടരേണ്ടിവരും. ഒക്ടോബർ എട്ട് മുതൽ ആർതർ റോഡ് ജയിലിലാണ്.
ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ആര്യൻ ഒരു പുതുമുഖ നടിയുമായി നടത്തിയ ചാറ്റ് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഇന്ന് കോടതിയിൽ സമർപ്പിച്ചിരുന്നു. ആര്യൻ ഖാനിൽ നിന്ന് ലഹരി മരുന്ന് കണ്ടെടുക്കാത്ത സാഹചര്യം കൂടി പരിഗണിച്ച് ജാമ്യം നൽകണമെന്നാണ് രണ്ട് ദിവസം നീണ്ടുനിന്ന വാദത്തിനിടെ ആര്യന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടത്.
എന്നാൽ വാട്സ് ആപ്പ് ചാറ്റുകളിൽ നിന്ന് അന്താരാഷ്ട്ര ലഹരി മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന തെളിവ് കിട്ടിയതായി എൻസിബിയും വാദിച്ചു. ഒരു പുതുമുഖ നായികയുമായി ലഹരി ഇടപാടിന് ചാറ്റ് ചെയ്തുവെന്നും എൻ.സി.ബി കോടതിയെ അറിയിച്ചു. എൻ.സി.ബി ഉന്നയിച്ച വാദങ്ങൾ അംഗീകരിച്ചുകൊണ്ടാണ് ആര്യന് ജാമ്യം നിഷേധിച്ചത്. രണ്ട് ദിവസത്തെ വാദപ്രതിവാദങ്ങൾക്ക് ശേഷമാണിത്.
ആര്യൻ ഖാൻ രാജ്യാന്തര ലഹരിമരുന്ന് മാഫിയയുടെ കണ്ണിയാണെന്നാണ് ജാമ്യം എതിർത്ത് എൻസിബി കോടതിയിൽ വാദിച്ചത്. വലിയ അളവിലുള്ള ലഹരിമരുന്നിനെ കുറിച്ച് ആര്യന്റെ വാട്സ്ആപ്പ് ചാറ്റിൽ പറയുന്നുണ്ട്. ലഹരിവിരുന്ന് നടന്ന ആഡംബര കപ്പലിലേക്ക് ക്ഷണിച്ചിട്ടാണ് പോയതെങ്കിൽ ക്ഷണക്കത്ത് എവിടെയെന്നും എൻസിബി ചോദിച്ചു. യുവാക്കളുടെ ലഹരി ഉപയോഗത്തെ കുറിച്ച് ആശങ്കയുണ്ടെന്നും എൻസിബി പറഞ്ഞു.
ആര്യൻ ഖാൻ ലഹരി ഉപയോഗിച്ചില്ലെന്ന് അഭിഭാഷകൻ അമിത് ദേശായി കോടതിയിൽ ആവർത്തിച്ച് വാധിച്ചിരുന്നു. ആര്യനും സുഹൃത്തുക്കളും കപ്പലിൽ കയറുന്നതിന് മുൻപാണ് ലഹരി പിടികൂടിയത്. ആര്യൻ ലഹരി ഉപയോഗിക്കുകയോ കൈവശം സൂക്ഷിക്കുകയോ ചെയ്തിട്ടില്ല. കപ്പൽ തന്നെ വാങ്ങാൻ പണമുള്ളവർ എന്തിനാണ് വെറും അഞ്ച് ഗ്രാം ലഹരി വിൽക്കാൻ കപ്പലിൽ പോകുന്നതെന്നും ആര്യന്റെ അഭിഭാഷകൻ വാദിച്ചിരുന്നു.
കോടതി വിധിയിൽ നിരാശയുണ്ടെന്നും ഹൈക്കോടതിയെ സമീപിക്കുകയെന്നത് മാത്രമാണ് തങ്ങളുടെ മുന്നിലുള്ള വഴിയെന്നും അഭിഭാഷകൻ പ്രതികരിച്ചു. ആര്യൻ നിരപരാധിയാണെന്നും പ്രായത്തിന്റെ ഇളവ് നൽകി ജാമ്യം അനുവദിക്കണമെന്നുമാണ് അഭിഭാഷകൻ വാദിച്ചത്.
ഒക്ടോബർ രണ്ടിനാണ് ആര്യൻ ഉൾപ്പെടെയുള്ളവർ ആഡംബര കപ്പലിൽ നിന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡിയിലായത്. ഒക്ടോബർ മൂന്നിന് ആര്യൻ ഉൾപ്പെടെ അറസ്റ്റിലായ പ്രതികളെ മുംബൈ കോടതി എൻ.സി.ബി കസ്റ്റഡിയിൽ വിട്ടു. ആദ്യം ഒക്ടോബർ നാല് വരേയും പിന്നീട് ഏഴാം തീയതിവരേയും ആര്യന്റെ കസ്റ്റഡി നീട്ടി.
ആര്യന് ഒപ്പം കേസിൽ പ്രതികളായ ഏഴ് പേരെയും കസ്റ്റഡിയിൽ വിട്ടിരുന്നു. ഏഴാം തീയതി വീണ്ടും ആര്യനെ എൻ.സി.ബി കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. തൊട്ടടുത്ത ദിവസം ആര്യൻ വീണ്ടും ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. എൻ.സി.ബി കസ്റ്റഡിയിൽ നിന്ന് ജുഡീഷ്യൽ കസ്റ്റഡിയിലേക്കാണ് ഇത്തവണ ആര്യനേയും ഒപ്പമുള്ള പ്രതികളേയും അയച്ചത്.
ഒക്ടോബർ മൂന്നിനാണ് ആര്യനെയും സുഹൃത്ത് അർബാസ് മെർച്ചന്റ് ഉൾപ്പെടെ എട്ടു പേരെയും അറസ്റ്റ് ചെയ്തത്. ആര്യന്റെ പക്കൽനിന്ന് ലഹരിവസ്തുക്കൾ പിടിച്ചെടുത്തിട്ടില്ലെന്ന് അഭിഭാഷകർ വാദിച്ചെങ്കിലും ജാമ്യം നൽകാൻ കോടതി കൂട്ടാക്കിയില്ല. താരപുത്രൻ സാക്ഷികളെ സ്വാധീനിക്കാമെന്നും തെളിവു നശിപ്പിക്കുമെന്നും പറഞ്ഞാണ് എൻസിബി ജാമ്യാപേക്ഷയെ എതിർക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേരെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. ഇനി തെറ്റ് ചെയ്യില്ലെന്നും പാവങ്ങൾക്കു വേണ്ടി പ്രവർത്തിക്കുമെന്നും ജയിലിൽ നടന്ന കൗൺസിംഗിനിടെ ആര്യൻ ഖാൻ പറഞ്ഞതായി എൻസിബി ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരുന്നു. ഇതിനിടെ മുംബൈയിൽ വീണ്ടും വൻ ലഹരി വേട്ടയുണ്ടായി. 22 കോടി രൂപ വിലവരുന്ന 7 കിലോ ഹെറോയിൻ ആണ് പിടികൂടിയിരിക്കുന്നത്. സംഭവത്തിൽ ഒരു സ്ത്രീ അറസ്റ്റിലായിട്ടുണ്ട്.
ന്യൂസ് ഡെസ്ക്