പത്തനംതിട്ട: കമ്മിഷൻ റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് താരത്തിളക്കം കൂടിയ സോളാർ സരിതയ്ക്ക് തിരിച്ചടിയായി കോടതി വിധി. സോളാർ തട്ടിപ്പ് കേസിലെ ആദ്യ കോടതി വിധിയിലെ ശിക്ഷയും പിഴയും റദ്ദാക്കണമെന്നാവശ്യപ്പെട്ട് സരിത സമർപ്പിച്ച അപ്പീൽ ഹർജി ജില്ലാ സെഷൻസ് കോടതി തള്ളി. ശക്തമായ തെളിവുകൾ പ്രോസിക്യൂഷൻ നിരത്തിയതോടെ വാദം തുടങ്ങി ഒരു മാസത്തിനുള്ളിലാണ് അപ്പീൽ തള്ളിയത്.

സോളാർ പ്ലാന്റ് സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രവാസി മലയാളി ഇടയാറന്മുള കോട്ടയ്ക്കകം ബാബുരാജിൽ നിന്ന് 1.19 കോടി രൂപ തട്ടിയെടുത്ത കേസിലാണ് പ്രതികളുടെ ശിക്ഷ ജില്ലാ സെഷൻസ് കോടതി ശരിവച്ചു. ഈ കേസിൽ ബിജു രാധാകൃഷ്ണൻ ഒന്നാം പ്രതിയും സരിത എസ് നായർ രണ്ടാം പ്രതിയുമാണ്. മൂന്ന് വർഷം മൂന്ന് മാസം കഠിന തടവും 1.20 കോടി രൂപ പിഴയുമാണ് പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) ശിക്ഷിച്ചത്. 2015 ജൂൺ 18നാണ് പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) ഇരുവരെയും ശിക്ഷിച്ചത്.

സോളാറിലെ ഏറ്റവും വലിയ തുകയുടെ തട്ടിപ്പും ശിക്ഷിച്ച ആദ്യ കേസുമാണിത്. 2013-ലാണ് സംഭവം. സൗരോർജ പ്ലാന്റ് സ്ഥാപിക്കുന്ന ഏജൻസിക്കായി ദിനപത്രത്തിൽ വന്ന പരസ്യം കണ്ടാണ് ബാബുരാജ് സരിതയുമായി ബന്ധപ്പെട്ടത്. കമ്പനി റീജയണൽ ഡയറക്ടർ ലക്ഷ്മി നായർ എന്നപേരിൽ സരിതയും സിഇഒ ഡോ. ആർ ബി നായർ എന്ന പേരിൽ ബിജു രാധാകൃഷ്ണനും ബാബുരാജിനെ സമീപിച്ചു. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ലെറ്റർപാഡും കേന്ദ്രമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ വ്യാജ കത്തും കാണിച്ച് വിശ്വാസ്യതയർപ്പിച്ചാണ് പണം തട്ടിയത്. ബാബുരാജിന്റെ വീട്ടിലെത്തിയ സരിത ഉമ്മൻ ചാണ്ടിയും അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും അന്നത്തെ കേന്ദ്ര സഹമന്ത്രി കെ സി വേണുഗോപാൽ ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കളുമായുള്ള ബന്ധം ബോധ്യപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസുമായും പേഴ്സണൽ സ്റ്റാഫംഗം ടെന്നി ജോപ്പനുമായി വീട്ടിലിരുന്ന് സംസാരിച്ച് വിശ്വാസ്യത വർധിപ്പിച്ചു. ബാബുരാജിനെ കമ്പനിയുടെ ചെയർമാനാക്കാമെന്നും മകന് ജോലി നൽകാമെന്നും പറഞ്ഞാണ് ഭീമമായ തുക തട്ടിയെടുത്തത്.

പണം വാങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും ബാറ്ററിയും ഉപകരണങ്ങളും ഒഴികെ സോളാർ പാനൽ സ്ഥാപിക്കാത്തതിനെ തുടർന്ന് 2013 മാർച്ച് 14ന് ബാബുരാജ് ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്്ണന് പരാതി നൽകി. പിന്നീട് ക്രൈംബ്രാഞ്ച് കേസെടുത്തു. പ്രോസിക്യൂഷൻ കണ്ടെത്തിയ വഞ്ചനക്കുറ്റം, പണം തിരിമറി, ആൾമാറാട്ടം നടത്തി വഞ്ചന, വ്യാജ രേഖ ചമയ്ക്കൽ ഈ കുറ്റങ്ങൾക്കാണ്  പ്രതികൾ ജില്ലാ സെഷൻസ് കോടതിയിൽ അപ്പീൽ നൽകയിരുന്നു. ഇതിൽ കഴിഞ്ഞ നവംബർ 21 മുതൽ വാദം തുടങ്ങി. ശാസ്ത്രീയമായ രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ വാദം നടത്തി. സരിതയും ബിജുവും മറ്റു പേരുകളിലൂടെ ആൾമാറാട്ടം നടത്തിയതിന്റെ രസീതുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി. മുഖ്യമന്ത്രിയുടെ ലെറ്റർപാഡ് കൃത്രിമമായി ഉണ്ടാക്കിയ തമ്പാനൂരിലെ ഡിടിപി സെന്ററിലെ ഫോറൻസിക് തെളിവുകളും പ്രതികൾക്ക് എതിരായിരുന്നു. പാരമ്പര്യേതര ഊർജ മന്ത്രാലയം ഡയറക്ടറടുടെയും മൊഴിയും രേഖപ്പെടുത്തി.

പ്രതിഭാഗം ഉയർത്തിയ വാദങ്ങൾ തള്ളി ജില്ലാ സെഷൻസ് ജഡ്ജി ജോൺ കെ ഇല്ലിക്കാടൻ ശിക്ഷ ശരിവയ്ക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ സി ഈപ്പൻ ഹാജരായി.