തൃശൂർ: നടൻ ജയസൂര്യയുടെ കായൽ കൈയേറ്റക്കേസ് അന്വേഷണം ഇനി കടുക്കും. ഇതേ കുറിച്ച് കണയന്നൂർ താലൂക്ക് സർവെയറെക്കൊണ്ട് മൂന്നാഴ്ചയ്ക്കകം അളന്നു തിട്ടപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കാൻ തൃശൂർ വിജിലൻസ് ആൻഡ് എൻക്വയറി കമ്മിഷണർ എസ്.എസ്. വാസൻ ഉത്തരവിട്ടതോടെയാണ് ഇത്.

പൊതുപ്രവർത്തകനായ കളമശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ ഹർജിയിലാണ് ഉത്തരവ്. ജയസൂര്യ എറണാകുളം കൊച്ചുകടവന്ത്രയിൽ ചിലവന്നൂർ കായൽ കൈയേറിയും തീരദേശ പരിപാലന നിയമവും കേരള മുനിസിപ്പൽ കെട്ടിടനിർമ്മാണ ചട്ടവും ലംഘിച്ച് ആഡംബരവീടും ചുറ്റുമതിലും സ്വകാര്യ ബോട്ട് ജെട്ടിയും നിർമ്മിച്ചെന്നാണ് ആക്ഷേപം. ഗിരീഷ്ബാബു കൊച്ചിൻ കോർപ്പറേഷനിൽ 2013 ഓഗസ്റ്റ് ഒന്നിന് പരാതി നൽകിയിരുന്നു. എന്നാൽ അന്വേഷണം നടന്നെങ്കിലും നടപടി മാത്രം ഉണ്ടായില്ല. ഇതോടെയാണ് കേസ് കോടതിക്ക് മുന്നിലെത്തിയത്.

പരാതിയിൽ അന്വേഷണം നടത്തിയ കൊച്ചി കോർപറേഷൻ സെക്രട്ടറി അനധികൃത നിർമ്മാണം 14 ദിവസത്തിനകം പൊളിച്ചുനീക്കാൻ ജയസൂര്യക്ക് നോട്ടീസ് നൽകി. കായൽ കൈയേറ്റം അളന്ന് തിട്ടപ്പെടുത്താൻ കണയന്നൂർ താലൂക്ക് സർവെയറെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ ഇതൊന്നും ഉദ്യോഗസ്ഥർ ചെയ്തില്ല. ജയസൂര്യ സർക്കാർ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തനിക്കെതിരേയുള്ള എല്ലാവിധ മേൽനടപടികളും മരവിപ്പിച്ചെന്നും അക്ഷേപം ഉയർന്നു.

ഇതോടെ തുടർനടപടികൾ സ്വീകരിക്കാതെ സർക്കാർ ഉദ്യോഗസ്ഥർ കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തി ജയസൂര്യക്ക് അനുകൂലമായി പ്രവർത്തിച്ചെന്നും ചൂണ്ടിക്കാട്ടി കൊച്ചി കോർപ്പറേഷൻ മുൻ സെക്രട്ടറി വി.ആർ. രാജു, മുൻ അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ എൻ.എം. ജോർജ്, നിലവിലെ അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ എ. നിസാർ, കണയന്നൂർ താലൂക്ക് ഹെഡ് സർവെയർ രാജീവ് ജോസഫ്, നടൻ ജയസൂര്യ എന്നിവരെ യഥാക്രമം ഒന്നുമുതൽ അഞ്ചുവരെ പ്രതികളാക്കിയാണ് ഗിരീഷ് ബാബു കോടതിയിൽ ഹർജി നൽകിയത്. ഈ കേസിലാണ് ഇപ്പോൾ കോടതിയുടെ നടപടി.

കോടതി നിർദ്ദേശിച്ചിട്ടും ഈ കേസ് പരിഗണിച്ചപ്പോൾ കോടതിയിൽ ഹാജരാകാതിരുന്ന കൊച്ചിൻ കോർപറേഷൻ സെക്രട്ടറി അജിത്ത് മീണ ഇന്നലെ കോടതിയിൽ നേരിട്ട് എത്തി മാപ്പപേക്ഷ നൽകി. ഫെബ്രുവരി രണ്ടിന് കേസ് വീണ്ടും പരിഗണിക്കും. ഹർജിക്കാരനുവേണ്ടി അഡ്വ. ജിപ്‌സൻ ആന്റണി ഹാജരായി. കൊച്ചുകടവന്ത്ര ഭാഗത്ത് നടൻ ജയസൂര്യ സ്വകാര്യ ബോട്ടുജെട്ടിയും ചുറ്റുമതിലും 3000 ചതുരശ്ര അടി വിസ്തീർണത്തിലുള്ള വീടും നിർമ്മിച്ചതാണ് വിവാദത്തിന് കാരണം.

കൊച്ചി കോർപ്പറേഷന്റെ പരിശോധനയിൽ കൈയേറ്റം നടന്നുവെന്ന ബിൽഡിങ് ഇൻസ്‌പെക്ടറുടെ റിപ്പോർട്ടിന്മേൽ 14 ദിവസത്തിനകം നിർമ്മാണം സ്വന്തം ചെലവിൽ പൊളിച്ച് മാറ്റണമെന്ന് 2014 ഫെബ്രുവരി 28 ന് നഗരസഭ ഉത്തരവിട്ടു. എന്നിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്ന് പരാതിക്കാരൻ നഗരസഭയെ വീണ്ടും സമീപിച്ചു. കായൽ അളന്ന് തിട്ടപ്പെടുത്തുന്നതിന് ആ വർഷം ജൂൺ 30ന് കണയന്നൂർ താലൂക്ക് സർവെയറെ ചുമതലപ്പെടുത്തി. എന്നിട്ടും ബോട്ടുജെട്ടിയും ചുറ്റുമതിലും ജയസൂര്യ പൊളിച്ച് മാറ്റിയില്ലെന്നാണ് ആക്ഷേപം.