തിരുവനന്തപുരം: അഭിഭാഷകൻ അവധി എടുത്തതിനെ തുടർന്ന് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന പോക്സോ കോടതിയിൽ വിചാരണ മുടങ്ങി. ഇതുവരെ വേതനം ലഭിച്ചില്ലെന്നാരോപിച്ചാണ് സർക്കാർ അഭിഭാഷകൻ അവധിയെടുത്ത് പ്രതിഷേധിച്ചത്. ഇതോടെ ബുധനാഴ്ച വിചാരണയ്ക്കെത്തിയ സാക്ഷികൾ മടങ്ങിപ്പോയി.

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമക്കേസുകളുടെ ബാഹുല്യത്തെ തുടർന്നാണ് സംസ്ഥാനത്താകെ പോക്സോ കോടതികൾ സ്ഥാപിച്ചത്. ഒന്നരവർഷം മുമ്പാണ് തിരുവനന്തപുരത്ത് കോടതി നിലവിൽ വന്നത്. എന്നാൽ ഒന്നരവർഷമായി പ്രോസിക്യൂട്ടർക്ക് വേതനമോ ഓഫീസോ നൽകിയിരുന്നില്ല.

നിയമവകുപ്പിലും ആഭ്യന്തരവകുപ്പിലും ഇക്കാര്യങ്ങൾ കാണിച്ച് പ്രോസിക്യൂട്ടർ കത്തുനൽകി. എന്നാൽ പരാതി പരിഹരിക്കപ്പെടാത്തതുകൊണ്ടാണ് ലീവെടുത്ത് പ്രതിഷേധിച്ചതെന്നും ഇനി തുടർച്ചയായി ലീവെടുത്തു പ്രതിഷേധിക്കുമെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി.