- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവാക്സിൻ നിർമ്മാണത്തിന് കന്നുകാലി സിറം: സാമൂഹിക മാധ്യമങ്ങളിലെ പ്രചരണം യാഥാർഥ്യങ്ങളെ വളച്ചൊടിക്കുന്നതെന്ന് കേന്ദ്രസർക്കാർ; നിർവീര്യമാക്കപ്പെട്ട, ശുദ്ധീകരിച്ച വൈറസ് മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഭാരത് ബയോടെക്ക്
ന്യൂഡൽഹി: രാജ്യത്തെ തദ്ദേശീയ കോവിഡ് വാക്സിനായ കോവാക്സിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് വക്താവ് ഗൗരവ് പാന്ധി ട്വിറ്ററിലൂടെ നടത്തിയ പ്രസ്താവനയിൽ വിശദീകരണവുമായി കേന്ദ്ര സർക്കാരും നിർമ്മാണക്കമ്പനിയായ ഭാരത് ബയോടെക്കും രംഗത്ത്. കോവാക്സിൻ നിർമ്മാണത്തിൽ കന്നുകാലികളുടെ രക്തം ഉപയോഗപ്പെടുത്തുന്നതായും ഇക്കാര്യം ജനങ്ങളെ മുൻകൂട്ടി അറിയിക്കേണ്ടതായിരുന്നുവെന്നും പാന്ധി ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ വാക്സിൻ നിർമ്മാണം സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ചില പോസ്റ്റുകൾ യാഥാർഥ്യങ്ങളെ വളച്ചൊടിക്കുന്നതും ദുർവ്യാഖ്യാനിക്കുന്നതുമാണെന്ന് കേന്ദ്ര സർക്കാർ പ്രതികരിച്ചു.
കോവാക്സിനിൽ അടങ്ങിയിരിക്കുന്ന ഘടകപദാർത്ഥങ്ങളിൽ ഇത് ഉൾപ്പെടുന്നില്ലെന്ന് കേന്ദ്രസർക്കാർ വിശദീകരിച്ചു. കോവാക്സിനിൽ പശുക്കുട്ടിയുടെ സിറം അടങ്ങിയിട്ടുണ്ട് എന്ന് വിവരാവകാശ രേഖയിൽ പറയുന്നതായി കോൺഗ്രസ് ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി കേന്ദ്രസർക്കാർ രംഗത്തുവന്നത്.
'കോവാക്സിനിൽ നവജാത കാലിക്കിടാങ്ങളുടെ രക്തത്തിൽനിന്നു വേർതിരിക്കുന്ന ഘടകങ്ങൾ((Newborn Calf Serum) ) അടങ്ങിയിരിക്കുന്ന കാര്യം കേന്ദ്ര സർക്കാർ അംഗീകരിച്ചു കഴിഞ്ഞു. ഇരുപത് ദിവസം മാത്രം പ്രായമുള്ള കിടാങ്ങളെ കശാപ്പ് ചെയ്ത ശേഷം അവയിൽനിന്ന് ശേഖരിക്കുന്ന കട്ടപിടിച്ച രക്തത്തിലെ ഘടകമാണ് വാക്സിൻ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. അതിഹീനമായ പ്രവൃത്തിയാണിത്! ഈ വിവരം പൊതുജനങ്ങളെ നേരത്തെ ധരിപ്പിക്കണമായിരുന്നു.' ഗൗരവ് പാന്ധി ട്വീറ്റ് ചെയ്തു. ഇതിനെതിരെയാണ് സർക്കാർ വിശദീകരണവുമായി എത്തിയത്.
വെരോ കോശങ്ങളുടെ (vero cells)ഉത്പാദനത്തിന് വേണ്ടി മാത്രമാണ് നവജാത കാലിക്കിടാങ്ങളുടെ രക്തത്തിലെ ഘടകങ്ങൾ ഉപയോഗിക്കുന്നതെന്ന് സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി. കാലികളുൾപ്പെടെ പല മൃഗങ്ങളുടേയും രക്തം വെരോ കോശങ്ങൾ വളർത്തിയെടുക്കാൻ ആഗോളമായി ഉപയോഗിക്കുന്നുണ്ട്. മറ്റ് കോശങ്ങളുടെ നിർമ്മാണത്തിനായി അടിസ്ഥാനമായി ഉപയോഗിക്കുന്ന കോശങ്ങളാണ് വെരോ കോശങ്ങൾ. വാക്സിൻ നിർമ്മാണത്തിനാവശ്യമായ കോശങ്ങളുടെ ഉത്പാദനത്തിന് ഇവയെ ഉപയോഗപ്പെടുത്തുന്നു. പോളിയോ, റാബീസ് , ഇൻഫ്ളുവെൻസ തുടങ്ങിയവക്കെതിരെയുള്ള വാക്സിൻ നിർമ്മാണത്തിൽ ഈ സാങ്കേതികതയാണ് കാലങ്ങളായി ഉപയോഗിച്ച് വരുന്നത്.- സർക്കാർ വിശദീകരിച്ചു.
In an RTI response, the Modi Govt has admitted that COVAXIN consists Newborn Calf Serum .....which is a portion of clotted blood obtained from less than 20 days young cow-calves, after slaughtering them.
- Gaurav Pandhi (@GauravPandhi) June 15, 2021
THIS IS HEINOUS! This information should have been made public before. pic.twitter.com/sngVr0cE29
വെരോ കോശങ്ങൾ വളർത്തിയെടുത്ത ശേഷം ജലം, രാസവസ്തുക്കൾ എന്നിവ ഉപയോഗിച്ച് നന്നായി കഴുകിയെടുക്കും. ഈ ശുദ്ധീകരിക്കൽ ബഫർ(buffer) എന്നാണ് അറിയപ്പെടുന്നത്. നവജാതകിടാങ്ങളിൽ നിന്നുള്ള രക്തം ഈ കഴുകലോടെ നീക്കം ചെയ്യപ്പെടും. പിന്നീട് വെരോ കോശങ്ങളിലേക്ക് കൊറോണ വൈറസിനെ പ്രവേശിപ്പിച്ച് വൈറസിനെ ഇരട്ടിപ്പിക്കും. വൈറസുകൾ വളരുന്നതോടെ വെരോ കോശങ്ങൾ പൂർണമായും നശിക്കും. പിന്നീട് ഈ വൈറസിനേയും നിർവീര്യമാക്കിയ ശേഷം ശുദ്ധീകരിക്കും. ഈ 'കൊല്ലപ്പെട്ട' വൈറസിനെയാണ് അന്തിമഘട്ടത്തിൽ വാക്സിൻ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. വാക്സിൻ നിർമ്മാണത്തിന്റെ അന്ത്യഘട്ടത്തിൽ കാലികളിൽനിന്നുള്ള രക്തത്തിന്റെ യാതൊരംശവും എത്തിച്ചേരുന്നില്ല എന്നതാണ് വാസ്തവം- കേന്ദ്രസർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി.
കോശങ്ങളുടെ വളർച്ചയ്ക്ക് വേണ്ടി മാത്രമാണ് നവജാത കാലിക്കിടാങ്ങളുടെ രക്തം ഉപയോഗിക്കുന്നതെന്നും SARS CoV-2 വൈറസിന്റെ വളർച്ചാഘട്ടത്തിലോ വാക്സിൻ നിർമ്മാണത്തിന്റെ അവസാനഘട്ടത്തിലോ ന്യൂബോൺ കാഫ് സിറം ഉപയോഗിക്കുന്നില്ലെന്നും ഭാരത് ബയോടെക് അറിയിച്ചു. നിർവീര്യമാക്കപ്പെട്ട, ശുദ്ധീകരിച്ച വൈറസ് മാത്രമാണ് ഇതിന് ഉപയോഗിക്കുന്നതെന്നും കമ്പനി കൂട്ടിച്ചേർത്തു. വിവിധ വാക്സിനുകളുടെ നിർമ്മാണത്തിൽ ന്യൂബോൺ കാഫ് സിറം പതിറ്റാണ്ടുകളായി ഉപയോഗിച്ച് വരുന്നതായും കഴിഞ്ഞ ഒമ്പത് മാസമായി ഇക്കാര്യം തികച്ചും സുതാര്യമാക്കുകയും രേഖകളാക്കി സൂക്ഷിക്കുകയും ചെയ്തതായി ഭാരത് ബയോടെക് അറിയിച്ചു.